editors-pick

ലോകത്തിലെ ഏറ്രവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ തിരഞ്ഞെടുപ്പ് പൂരത്തിന്റെ ഉച്ചസ്ഥായിയിലാണ്. അതുപോലെ ലോകത്തിലെ ഏറ്രവും മികച്ച ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്ക 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ്.

നിലവിലെ പ്രസിഡന്റ് ട്രംപിന്റെ നാല് വർഷ കാലാവധി 2020 അവസാനത്തോടുകൂടി തീരുകയാണ്. 2021 ആദ്യം അമേരിക്കയിൽ പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കണം. അതായത് പ്രധാന പാർട്ടികളായ റിപ്പബ്‌ളിക്കന്റെയും ഡെമോക്രാറ്ര്‌സിന്റെയും നാമനിർദേശം ലഭിക്കാൻ വേണ്ടിയിട്ടുള്ള സ്ഥാനാർത്ഥികളുടെ മത്സരമാണ് ആരംഭിച്ചിട്ടുള്ളത്. റിപ്പബ്‌ളിക്കൻ പാർട്ടിയെ സംബന്‌ധിച്ചിടത്തോളം നിലവിലെ പ്രസിഡന്റ് ട്രംപ് തന്നെയായിരിക്കും സ്ഥാനാർത്ഥി. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ലഭിക്കാൻ വേണ്ടി ഏറ്റവും വൈവിദ്ധ്യമായ തിരഞ്ഞെടുപ്പാണ് ആ പാർട്ടിയുടെ വിവിധ തലങ്ങളിലൂടെ നടക്കാൻ പോകുന്നത്. ഇതുവരെ ഇരുപതോളം പേർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഹിലരി ക്ളിന്റനെതിരെ ഡെമോക്രാറ്രിക് നാമനിർദേശത്തിനായി മത്സരിച്ച ബേണി സാൻഡേഴ്സ്, സെനറ്ററും ഹാർവാ‌‌ഡിൽ പ്രൊഫസറുമായിരുന്ന എലിസബത്ത് വാറൻ എന്നിവരാണ് പ്രമുഖ മത്സരാർത്ഥികൾ. ഇരുപത് സ്ഥാനാർത്ഥികളിൽ ആറ് പേർ വനിതകളാണ് എന്ന പ്രത്യേകതയുണ്ട്. ഇന്ത്യൻ വംശജയായ കമല ഹാരിസും ഇക്കൂട്ടത്തിലുണ്ട്.

മുൻ വൈസ് പ്രസി‌ഡന്റും സ്ഥാനാർത്ഥിയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് എല്ലാ അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് ബരാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. ഇതോടുകൂടി മത്സരരംഗം കൊഴുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2020 ലെ പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പ് ഒരു അടിയന്തര സാഹചര്യമാണെന്നും ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അമേരിക്കൻ ജനതയുടെ ഏറ്രവും പ്രധാനപ്പെട്ട ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യുദ്ധമെന്നാണ് തിരഞ്ഞെടുപ്പിനെ ബൈഡൻ വിശേഷിപ്പിച്ചത്. ഏകാധിപതികളെ പുൽകുകയും കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ തള്ളിപ്പറയുകയും മാദ്ധ്യമങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്ന ട്രംപിനെതിരെ കടുത്ത വിമർശനമാണ് ബൈഡൻ നടത്തിയത്.' ചെറു ബൾബിന്റെ പോലും പ്രകാശമില്ലാത്ത ഉറക്കം തൂങ്ങി എന്നാണ് 'ട്രംപ് സ്വതസിദ്ധമായ ശൈലിയിൽ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തെ വരവേറ്റത്. മത്സരരംഗം വീറും വാശിയും കൊണ്ട് മുഖരിതമായിരിക്കും എന്നതിലേക്കാണ് ഈ വില കുറഞ്ഞ പരാമർശങ്ങൾ വിരൽ ചൂണ്ടുന്നത്.

ആരാണ് ജോ ബൈഡൻ

76 കാരനായ ജോ ബൈഡൻ ചില്ലറക്കാരനല്ല. നാൽപ്പത് വർഷത്തിലേറെയായ സജീവ രാഷ്‌ട്രീയത്തിലുണ്ട്. 1973 മുതൽ 2009 വരെ സെനറ്റ് അംഗമായിരുന്നു. 1998 ലും 2008 ലും ഡെമോക്രാറ്റിക് പാർട്ടിയുടെ നാമനിർദേശത്തിനായി മത്സരിച്ച് പരാജയപ്പെട്ടു. 2008 , 2016 കാലയളവിൽ ഒബാമയുടെ കീഴിൽ അമേരിക്കൻ വൈസ് പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു. പ്രസിഡന്റ് നിക്‌സൺ മുതൽ ട്രംപ് വരെയുള്ളവരുടെ രാഷ്‌ട്രീയം കണ്ട് തഴമ്പിച്ചയാളാണ് ജോ ബൈഡൻ.

സഹതാപം ഗുണമാകുമോ?

ഒരുതരം സഹതാപത്തോടെയാണ് അമേരിക്ക ബൈഡനെ കാണുന്നത്. ദുരന്തങ്ങൾ വേട്ടയാടിയ കുടുംബജീവിതമാണ് അദ്ദേഹത്തിന്റേത്. 1972 ൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഭാര്യയുടെയും കുഞ്ഞുമകളുടെയും ഓർമ്മകൾ അദ്ദേഹം നിരന്തരം ആവർത്തിക്കുമായിരുന്നു. 2015 ൽ വീണ്ടും മകന്റെ മരണം ഏൽപ്പിച്ച ആഘാതം ബൈഡനെ വല്ലാതെ ഉലച്ചു. അമേരിക്ക അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് കണ്ണീർ പൊഴിച്ച നിമിഷങ്ങളായിരുന്നു അവ. കുടുംബ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ബൈഡന്റെ കാഴ്‌ചപ്പാടിനെ ആദരവോടും സഹാനുഭൂതിയോടുമാണ് നോക്കിക്കാണുന്നത്.

വെല്ലുവിളികൾ

ബൈഡന്റെ സ്ഥാനാർത്ഥിത്വം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ട്. 76 കാരനായ അദ്ദേഹത്തിന് എത്രമാത്രം ഫലപ്രദമായി പ്രചാരണം നടത്താൻ കഴിയുമെന്നും ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമോ എന്നും ഉള്ള സംശയങ്ങൾ ഉയരുന്നുണ്ട്. അന്തസുറ്റ സാമ്പത്തിക നയങ്ങളിലൂടെ മദ്ധ്യവർഗത്തിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജോ ബൈഡൻ ഒരു പരമ്പരാഗത രാഷ്‌ട്രീയക്കാരനാണ്. പുതുതലമുറ ഡെമോക്രാറ്റ്‌സിൽ നിന്നും വളരെ വ്യത്യസ്തൻ. പരമ്പരാഗത രീതിയിലുള്ള കോർപ്പറേറ്റ് നയങ്ങളും ധനസമാഹരണ രീതികളുമാണ് അവലംബിക്കുന്നത്. കോർപ്പറേറ്രുകളെ അത്യാഗ്രഹത്തോട് വളരെയധികം എതിർപ്പ് സാധാരണക്കാർക്കുള്ള സമയമാണിത്. ബേണി സാൻഡേഴ്‌സ് നേതൃത്വം നൽകുന്ന ഇടതുപക്ഷ ലിബറൽ ആശയങ്ങൾ ബൈഡന് വെല്ലുവിളിയാകും. 1970 കൾ മുതലുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം തലനാരിഴ കീറി പരിശോധിക്കപ്പെടും. മാസങ്ങൾക്ക് മുൻപേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മറ്റ് ഡെമോക്രാറ്റ്‌സുകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മത്സരരംഗത്തെ പ്രമുഖരായ ബേണി സാൻഡേഴ്സും എലിസബത്ത് വാറനും ഭ്രൂണഹത്യ, ഇറാഖ് യുദ്ധം, ക്രിമിനൽ ജസ്റ്റിസ് തുടങ്ങിയ പല കാര്യങ്ങളിലും ബൈഡനെ വിമർശിച്ചു കഴിഞ്ഞു. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പല പ്രമുഖരും അദ്ദേഹത്തിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു. ഇനി തീപാറുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ ദിവസങ്ങളാണ്. അമേരിക്കൻ ജനാധിപത്യത്തിന് ഉത്സവവേളയാണിത്. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട വയോധികരായ സാൻഡേഴ്‌സും ജോ ബൈഡനും തമ്മിലായിരിക്കും പ്രധാന മത്സരം. ഡെമോക്രാറ്രിക് പാർട്ടിയിലെ ഇടത്- വലതുപക്ഷ ചേരികളുടെ സംവാദവേദി കൂടിയായിരിക്കും തിരഞ്ഞെടുപ്പ്. രംഗം കൊഴുപ്പിക്കാൻ പ്രമുഖ വനിതാ സ്ഥാനാർത്ഥികളായ എലിസബത്ത് വാറനും കമലാ ഹാരിസും കൂടെയുണ്ട്. നാമനിർദേശം ലഭിക്കുന്നവർ സാക്ഷാൽ ട്രംപുമായി ഏറ്റുമുട്ടുമ്പോൾ തിരഞ്ഞെടുപ്പ് വിരുന്ന് കെങ്കേമമാകുമെന്ന കാര്യത്തിൽ സംശയമില്ല.