school

കാക്ചിംഗ്: അദ്ധ്യാപികയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തതിന് സ്കൂളിന് തീയിട്ട് വിദ്യാർത്ഥികളുടെ പ്രതികാര നടപടി. അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സ്കൂളിന് തീയിട്ടത്. ഏറെ പാരമ്പര്യമുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനാണ് തീയിട്ടത്. മണിപ്പൂരിലെ കാക്ചിംഗിലാണ് സംഭവം. പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും കത്തി നശിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. 1400ലേറെ വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ സ്കൂളിലെ അധ്യാപികയെയും സ്കൂളിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനാണ് ആറ് വിദ്യാർത്ഥികളെ ആധികൃതർ സ്കൂളിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, സ്കൂൾ അധികൃതരുടെ നടപടിയിൽ ചില വിദ്യാർത്ഥികൾക്ക് എതിർപ്പുണ്ടായിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും മന്ത്രി ലെറ്റ്പാവോ ഹയോകിപ് പറഞ്ഞു.

school

സ്കൂളിലെ പത്ത് മുറികളാണ് കത്തിയത്. ഇതിൽ രണ്ടുമുറികളിൽ സ്കൂളിന്റെ പ്രധാനപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികളെ പുറത്താക്കിയെങ്കിലും ക്ലാസുകളിൽ പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. ക്ലാസുകൾ ഉടൻ പുനർ നിർമിക്കുമെന്നും അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും ലെറ്റ്പാവോ വ്യക്തമാക്കി.