bjp

പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേർന്ന യോഗത്തിൽ ബി.ജെ.പിയുടെ പ്രവർത്തന ശൈലിയും രീതിയും അടിമുടി മറ്റാൻ ആർ.എസ്.എസ് നിർദ്ദേശം. സ്ഥാനാർഥി നിർണയം മുതലുണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് ആർ.എസ്.എസിന്റെ ഈ നീക്കമെന്നാണു സൂചന. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടായതായി വിമർശനം ഉയർന്നു. സാധാരണക്കാരായ ജനങ്ങളെ അകറ്റാതെ ചേർത്തുനിർത്തുന്ന സമീപനമാണ് വേണ്ടതെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നുവന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ ശബരിമലവിഷയം പ്രത്യേക ശ്രദ്ധ നൽകിയ മണ്ഡലങ്ങളിൽ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചുവന്നും ആർ.എസ്.എസ് യോഗത്തിൽ വിലയിരുത്തി.

ബൂത്തുതലത്തിൽ സംഘടന ശേഖരിച്ച വോട്ട് കണക്കിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് 20,000 വേ‍ാട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മെ‌ാത്തം 4 ലക്ഷം വരെ വേ‍‍ാട്ടുകൾ ലഭിക്കാനാണു സാദ്ധ്യത. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് 10,000 വേ‍ാട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കുമെന്നും തൃശൂരിൽ യു.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനെ‍ാപ്പമാണെന്നും യോഗം വിലയിരുത്തി.

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം ഉണ്ടായതായും യേ‍ാഗം അവകാശപ്പെട്ടു.