കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. കള്ളവോട്ട് ചെയ്യാതെ കണ്ണൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ പോലും സി.പി.എമ്മിന് ജയിക്കാനാവില്ലെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ആരോപിച്ചു. നാണംകെട്ട രീതിയിലുള്ള കള്ളവോട്ട് നടക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യത്തിൽ പരാതിപ്പെട്ടിട്ടും കളക്‌ടറും പോളിംഗ് ഉദ്യോഗസ്ഥരും നടപടി എടുത്തില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളവോട്ട് നടന്ന സംഭവത്തിൽ ഒരു വീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കാസർകോട് മാത്രം അയ്യായിരത്തിൽ അധികം കള്ളവോട്ടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർക്കും ഈ സംഭവത്തിൽ പങ്കുള്ളതായി സംശയിക്കണം. കള്ളവോട്ട് സംബന്ധിച്ച് വോട്ടെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫ് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു.
അതേസമയം, മണ്ഡലത്തിൽ സി.പി.എം കള്ളവോട്ട് ചെയ്‌തുവെന്ന ആരോപണം സി.പി.എം നേതാക്കൾ നിഷേധിച്ചു. കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും സി.പി.എം നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ റിപ്പോർട്ട് തേടി. കണ്ണൂർ, കാസർകോട് ജില്ലാ കളക്‌ടർമാരും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരും ഇക്കാര്യത്തിൽ മറുപടി പറയണം. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട്ടെ തൃക്കരിപ്പൂർ, പയ്യന്നൂർ, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കള്ളം പറഞ്ഞ് പലയിടങ്ങളിലും വോട്ടെടുപ്പ് നിറുത്തിവച്ചിരുന്നതായും ഇത് കള്ളവോട്ടിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായും കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും ആരോപിച്ചു. കള്ളവോട്ട് ചെയ്‌ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അയോഗ്യരാക്കണം. പലയിടങ്ങളിലും കോൺഗ്രസ് ബൂത്ത് ഏജന്റുമാരെ പുറത്താക്കിയാണ് കള്ളവോട്ട് നടന്നത്. പരാതിപ്പെട്ടിട്ടും ആരും നടപടി എടുത്തില്ലന്നും അദ്ദേഹം ആരോപിച്ചു.