ലണ്ടൻ:അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീവറുടെ മുൻ കാമുകി കിൻഡി കിംബർലിക്ക് പുതിയ കാമുകനെ കിട്ടി. ഫോർമുലവൻ ചാമ്പ്യൻ ല്യൂവിസ് ഹാമിൽട്ടനാണ് പുതിയ കക്ഷി. അടുത്തിടെയാണ് ഇവരുടെ പ്രണയവാർത്ത പുറത്തറിഞ്ഞത്. അത് മാദ്ധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. അതുവരെ മിണ്ടാതിരുന്ന കിൻഡി വാർത്ത പുറത്തുവന്നതോടെ നിഷേധവുമായി എത്തി. തങ്ങൾ നല്ല കൂട്ടുകാരാണെന്നും കേൾക്കുന്നതിൽ അല്പംപോലും യാഥാർത്ഥ്യമില്ലെന്നുമാണ് കക്ഷി പറയുന്നത്.
എന്നാൽ പ്രണയമാണെന്നുതന്നെയാണ് ല്യൂവിസിന്റെ അടുപ്പക്കാർ പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത്. തന്റെ ഹൃദയം പ്രണയം കൊണ്ട് നിറഞ്ഞുനിൽക്കുകയാണെന്ന് ല്യൂവിസ് പലപ്പോഴും പറഞ്ഞതായും ഇവർ പറയുന്നു. കമിതാക്കൾ പലയിടത്തുവച്ചും സമാഗമിക്കാറുണ്ടെന്നും ചില അടുപ്പക്കാർ പറയുന്നുണ്ട്. വാർത്ത പുറത്തുവന്നതോടെ ഇരുവരും ഒരുമിച്ചുള്ള ചിത്രം എങ്ങനെയും പകർത്താനുള്ള ശ്രമത്തിലാണ് പാപ്പരാസികൾ.
ഇരുപതുകാരിയായ കിൻഡിയും ജസ്റ്റിൻ ബീവറും തമ്മിലുള്ള പ്രണയബന്ധം തകരാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും ആർക്കും പിടിയില്ല. എത്രചോദിച്ചാലും ഇരുവരും ഒന്നും പറയുന്നുമില്ല. പ്രണയത്തിന്റെ കാര്യത്തിൽ ല്യൂവിസും മോശമല്ല. പ്രശസ്ത ഗായിക നിക്കോൾ ഷ്വയിസ്നഗറായിരുന്നു 2016വരെ കാമുകി. നിസാര കാര്യത്തിനായിരുന്നു ഇവരുടെ വേർപെടൽ. പിന്നീട് നിരവധി സുന്ദരികളുടെ പേരുകളുമായി ല്യൂവിസിനെ കൂട്ടിച്ചേർത്ത് വാർത്തകൾ പുറത്തുവന്നു. പക്ഷേ, ല്യൂവിസ് ഇതിനെയൊന്നും തള്ളുകയോ കൊള്ളുകയോ ചെയ്തില്ല. സ്പെയിനിലെ അറിയപ്പെടുന്ന മോഡലാണ് കിൻഡി .