ആലപ്പുഴ: ഹരിപ്പാട് കാണാതായ വിമുക്ത ഭടനെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പള്ളിക്കാട് കൊണ്ടരേറ്റ് പടീറ്റതിൽ രാജനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹരിപ്പാട് സ്വദേശികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവർ പൊലീസ് പിടിയിലായി. പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, പ്രതികളായ രാജേഷും ശ്രീകാന്തും ചേർന്ന് കൊല്ലപ്പെട്ട രാജനിൽ നിന്നും പത്ത് ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ശ്രീകാന്തിന്റെ മൊബൈൽ ഷോപ്പ് നവീകരണത്തിനും രാജേഷിന്റെ വീട് നിർമ്മാണത്തിനായിരുന്നു പണം. എന്നാൽ പല തവണ രാജൻ പണം തിരിച്ചാവശ്യപ്പെട്ടിട്ടും ഇവർ നൽകിയില്ല. പണം ആവശ്യപ്പെട്ട് നിരന്തരം ഇവരെ സമീപിച്ചപ്പോളാണ് രാജനെ കൊല്ലാൻ പ്രതികൾ തീരുമാനിച്ചത്. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ് രാജനെ വിളിച്ചുവരുത്തി കാറിൽ കയറ്റി ക്ലോറോഫോം മണപ്പിച്ച് കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് കാറിൽ സൂക്ഷിച്ച മൃതദേഹം രാത്രി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി അടക്കം ചെയ്യുകയായിരുന്നെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.
അതേസമയം,17 ദിവസം പഴക്കമുള്ള മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചത് രാജനാണെന്ന് ഉറപ്പ് വരുത്താൻ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പടെയുള്ളവ നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജന്റെ കോൾ ലിസ്റ്റ് പരിശോധിച്ചതും കാറിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതുമാണ് പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.