എല്ലാ വർഷവും ഒരേയിടത്ത് തന്നെ മുട്ടയിടുന്നവയാണ് കടലാമകൾ. ഈ വർഷവും പതിവുപോലെ മുട്ടയിടാൻ അവരെത്തി. നിർഭാഗ്യമെന്ന് പറയട്ടെ സാധാരണയായി മുട്ടയിടാറുള്ള മണൽപ്പരപ്പ് അവിടെയുണ്ടായിരുന്നില്ല.
പകരം കണ്ടത് നല്ല ടാറിട്ട റോഡ്. വെറും റോഡല്ല വിമാനത്താവളത്തിന്റെ റൺവേ. ഇതിന്റെ പ്രാധാന്യമൊന്നും അറിയാത്തതുകൊണ്ട് റൺവേയിൽതന്നെ മുട്ടയിട്ടു. മാലി ദ്വീപിലാണ് സംഭവം. സാധാരണയായി മണൽപ്പരപ്പിൽ കുഴിയുണ്ടാക്കി അതിലാണ് കടലാമകൾ മുട്ടയിടുക. ടാറിട്ട റോഡിൽ എങ്ങനെ കുഴി കുഴിക്കും.
എന്തായാലും കിട്ടിയ ഇടത്തുതന്നെ മുട്ടയിടേണ്ട അവസ്ഥയായി പാവങ്ങൾക്ക്. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കടലാമകളാണ് മുട്ടയിട്ടത്. മുട്ടകൾ റൺവേയിലും പരിസരങ്ങളിലുമായി കിടക്കാൻ തുടങ്ങി. പരിസ്ഥിതിലോല പ്രദേശത്ത് നിർമ്മാണം നടത്തിയത് വ്യാപക എതിർപ്പാണ് ക്ഷണിച്ചു വരുത്തിയത്. മാലിയിലെ മാഫൂറു ദ്വീപിലെ ഈ പ്രദേശത്താണ് ഏറ്റവും കൂടുതൽ ഗ്രീൻ സി ടർട്ടിലുകൾ മുട്ടയിടുന്നത്.