തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണം തെളിയിക്കുന്നതിനായി കോൺഗ്രസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങൾ കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് ഏറെക്കുറെ തെളിഞ്ഞുവെങ്കിലും ദൃശ്യങ്ങളുടെ ആധികാരികത സംശയത്തിന് ഇടയാക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംവിധാനം ഉപയോഗിച്ച് വെബ് കാസ്‌റ്റിംഗ് നടത്തിയ ദൃശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ ലഭിച്ചുവെന്നാണ് ഉയർന്ന ചോദ്യം. ഇതേസംബന്ധിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ തയ്യാറാകാതിരുന്ന കോൺഗ്രസ് നേതാക്കൾ, എന്നാൽ കൂടുതൽ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന സൂചനയാണ് നൽകിയത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരിൽ നിന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകി. എന്നാൽ ഇക്കാര്യത്തിൽ രഹസ്യ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കിയ നേതൃത്വം ഇവരുടെ പേരുകൾ വെളിപ്പെടുത്തില്ലെന്നും അറിയിച്ചു. ഇവരെ ഒറ്റുകൊടുക്കാൻ തയ്യാറല്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. എന്നാൽ കള്ളവോട്ട് സംബന്ധിച്ച കോടതി നടപടികളിലേക്ക് കടക്കുമ്പോൾ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാകും. ഇതോടെ കേസ് നടപടികളിലെ നിർണായക തെളിവായി വീഡിയോ ദൃശ്യങ്ങൾ മാറുകയും ചെയ്യും.
സാമ്പിൾ വെടിക്കെട്ട്, തൃശൂർ പൂരം പിറകെ
അതേസമയം, ഇപ്പോൾ പുറത്തുവിട്ടത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും തൃശൂർ പൂരം ബാക്കിയുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരികതയിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുവിടാമെന്നും നേതാക്കൾ പറയുന്നു. തങ്ങളുടെ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്നും ഇതിനായി കള്ളവോട്ടുകൾ ചെയ്‌തിട്ടുണ്ടെന്നും ചില ഇടത് നേതാക്കൾ വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം തങ്ങളുടെ കൈവശമുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ തെളിവുകൾ പുറത്തുവിടുമെന്നും നേതാക്കൾ പറയുന്നു.
വിജയം കോടതി കയറും
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തിലെ 20 മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടന്നത്. മൂന്ന് മുന്നണികൾക്കും സാധ്യത കൽപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ അതുകൊണ്ട് തന്നെ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് വലിയ ഭൂരിപക്ഷമൊന്നും അവകാശപ്പെടാൻ കഴിയില്ല. ഈ അവസരത്തിൽ കള്ളവോട്ട് ആരോപണം ഉയരുന്നത് വിജയിക്കുന്ന സ്ഥാനാർത്ഥിയെ നിയമ നടപടികളിലേക്ക് വലിച്ചിഴക്കുമെന്നും നിയമ വൃത്തങ്ങൾ പറയുന്നു.