അമേരിക്കൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്‌സണിന്റെ ആഗോള പ്രശസ്‌തമായ ക്രൂസർ ബൈക്കുകളിലൊന്നാണ് സ്‌ട്രീറ്ര് ഗ്ളൈഡ് സ്‌പെഷ്യൽ. ടൂറിംഗ് റേഞ്ചിലെ ഈ സൂപ്പർതാരത്തിന്റെ '2019" വർഷപ്പതിപ്പ് ഒട്ടേറെ പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തി ഹാർലി അവതരിപ്പിച്ചു കഴിഞ്ഞു. ക്രൂസർ ബൈക്ക് പ്രിയരുടെ ഹൃദയം ആദ്യ കാഴ്‌ചയിൽ തന്നെ കവരുന്ന, രൂപഭംഗിയാണ് സ്ട്രീറ്ര് ഗ്ളൈഡ് സ്‌പെഷ്യലിന്റെ മുഖ്യാകർഷണം. പെർഫോമൻസ് മികവും യാത്രാസ്വാദനം അതിന്റെ പാരമ്യത്തിലെത്തിക്കുന്ന 6.5 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ പുതിയ ഇൻഫോടെയ്‌ൻമെന്റ് സംവിധാനവും കൂടിച്ചേരുമ്പോൾ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന സൂപ്പർതാരമായി മാറുകയാണ് ഈ ക്രൂസർ.
മുൻഗാമിയേക്കാൾ കരുത്തേറിയ, മിവോക്കീ-എയിറ്ര് 114 എൻജിനാണ് പുതിയ സ്‌ട്രീറ്ര് ഗ്ളൈഡ് സ്‌പെഷ്യലിനുള്ളത്. 1,868 സി.സി എൻജിനാണിത്. നിരത്തിൽ ആരുടെയും കണ്ണുകളുടക്കുന്ന ഗൗരവഭാവം നിറഞ്ഞ രൂപകല്‌പനയാണ് സ്‌ട്രീറ്ര് ഗ്ലൈഡിന് ഹാർലി നൽകിയിരിക്കുന്നത്. കൊച്ചിവച്ച ശില്‌പത്തെ അനുസ്‌മരിപ്പിക്കുന്ന ബൈക്കിന്റെ ഓരോ ഭാഗത്തും രൂപകല്‌പനാ മികവിന്റെ ഭംഗി എടുത്തറിയിക്കും വിധം തിളങ്ങി നിൽക്കുന്നു. 'ഇൻഡസ്‌ട്രിയൽ ഗ്രേ ഡെനീം" എന്ന ഇളംചാര നിറത്തിലാണ് സ്‌ട്രീറ്റ് ഗ്ളൈഡ് സ്‌പെഷ്യൽ അണിഞ്ഞൊരിങ്ങിയിരിക്കുന്നത്. പുതിയ ബൂംബോക്‌സ് ജി.ടി.എസ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ.
മൊബൈൽഫോൺ കണക്‌ട് ചെയ്യാവുന്ന ഈ സംവിധാനത്തിൽ ബ്ളൂടൂത്ത്, നാവിഗേഷൻ, എൻജിൻ വിവരങ്ങൾ, പ്ലേബാക്ക്, ഹാൻഡ്‌സ്‌ഫ്രീ ഫോൺ കോൾസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബൈക്കിന്റെ വേഗത്തിന് അനുസരിച്ച് ശബ്‌ദം ഓട്ടോമാറ്രിക്കായി ക്രമീകരിക്കപ്പെടുമെന്നത് പ്രത്യേകതയാണ്. മികച്ച ശബ്ദാനുഭവം നൽകുന്ന ഡ്യുവൽ സ്‌പീക്കറുകളാണ് ഇതോടൊപ്പമുള്ളത്. ബൈക്ക് 100 കിലോമീറ്ററിനുമേൽ വേഗത്തിൽ പാഞ്ഞാലും 'ക്ളിയർ" ശബ്‌ദത്തിൽ പാട്ടുകൾ ആസ്വദിക്കാനാകും.
ദീർഘദൂര ഹൈവേ യാത്രകൾ സ്വതന്ത്രമായി ആഘോഷിക്കാൻ കൊതിക്കുന്നവരെയാണ് സ്‌ട്രീറ്ര് ഗ്ളൈഡ് സ്‌പെഷ്യൽ ലക്ഷ്യമിടുന്നത്. 362 കിലോഗ്രാം ഭാരമുണ്ട് ബൈക്കിന്. എന്നാൽ, റൈഡിംഗിൽ ഭാരം ബാദ്ധ്യതയാകാത്ത വിധമാണ് രൂപകല്‌പന. വലിയ ഫെയറിംഗ്, വീതിയേറിയ വിൻഡ്‌സ്‌ക്രീൻ, വശങ്ങളിലെ വലിയ ബോക്‌സുകൾ, അതിനു കീഴെ ഇടംനേടിയ ഡ്യുവൽ എക്‌സ്‌ഹോസ്‌റ്റുകൾ എന്നിവ ഗൗരവഭാവം ഉറപ്പിക്കുന്നു. മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗത്തിലും മികച്ച റൈഡിംഗ് ആസ്വാദനാനുഭവം ഈ ക്രൂസർ തരും. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് ടയറുകൾ. ഗ്ളൗണ്ട് ക്ളിയറൻസ് 125 എം.എം ആയി ഒതുങ്ങിയത് സ്‌പീഡ് ബ്രേക്കറുകൾ നിറഞ്ഞ ഇന്ത്യൻ നിരത്തുകളെ പരിഗണിക്കുമ്പോൾ വലിയ ന്യൂനതയാണ്. മികച്ച ബ്രേക്കിംഗ് ഉറപ്പാക്കാൻ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം ബൈക്കിലുണ്ട്. ബൈക്കിന് എക്‌സ്‌ഷോറൂം വില 30.53 ലക്ഷം രൂപ.