crisis-in-srilanka

കൊളംബോ: ശ്രീലങ്കയിലെ ഐസിസ് താവളങ്ങളിൽ പൊലീസിന്റെ റെയ്ഡിനിടയിൽ നടന്ന ഏറ്റുമുട്ടലിൽ ആറുകുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 15പേർ കൊല്ലപ്പെട്ടു. മൂന്നുപേർ സ്വയം പൊട്ടിത്തെറിക്കുകയും മറ്റുള്ളവർ വെടിവയ്പിൽ കൊല്ലപ്പെടുകയുമാണുണ്ടായത്. കൊളംബോയിൽനിന്ന് 370 കി.മീ കിഴക്ക് കൽമുനായിൽ വെള്ളിയാഴ്ച രാത്രിയോടെ നടന്ന ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇവിടെ ഐസിസ് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈന്യവും പൊലീസും ചേർന്ന് പരിശോധന നടത്തിയത്. ഇന്നലെയാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 253 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം നേരത്തെ ഐസിസ് ഏറ്റെടുത്തിരുന്നു. ഈസ്റ്റർ ദിനത്തിൽ ചാവേറായ എട്ട് പേർ ധരിച്ചിരുന്ന ഐസിസ് പതാകകൾക്കും യൂണിഫോമിനും സമാനമായവയും സ്ഫോടക വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിന് മുമ്പ് ചാവേറുകൾ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് കരുതുന്ന കൽമുനായിലെ സ്റ്റുഡിയോയിലും സുരക്ഷാസേന റെയ്ഡ് നടത്തിയിരുന്നു. ഇതിനുശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിന് രണ്ടുദിവസങ്ങൾക്കുശേഷമാണ് ഐസിസ് തലവൻ അബുബക്കർ അൽ ബഗ്ദാദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തുവന്നത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പ്രാദേശിക സംഘടനയുടെ തലവനായ സഹ്‌റാൻ ഹാഷിമും ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും പൊലീസ് മേധാവി പുജിത്ത് ജയസുന്ദരയും കഴിഞ്ഞദിവസങ്ങളിൽ രാജിവച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ചാവേറുകളിൽ രണ്ടുപേരുടെ പിതാവുൾപ്പെടെ 94ഓളം പേർ ഇതുവരെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോർട്ട്.

 ഞായറാഴ്ച കുർബാന റദ്ദാക്കി

ശ്രീലങ്കയിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളിൽ കുർബാനകൾ ഉണ്ടായിരിക്കില്ല. കൂടുതൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ് മാൽക്കം രഞ്ജിത് പറഞ്ഞു. സുരക്ഷാ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ സമയത്ത് അറിയിക്കാതിരുന്നതിനാൽ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താൻ അതീവ ദുഖിതനാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

 യാത്ര ഒഴിവാക്കാൻ നിർദേശം

ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിൽ അവിടേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അടിയന്തരസാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായ കാൻഡിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനെയോ ഹമ്പൻടോട്ടയിലെയോ ജാഫ്നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണം. ഇന്ത്യൻ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളെയും സമീപിക്കാം.