ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുർത്തയുടെ അളവ് നേരത്തെ അറിയാമെന്ന കോൺഗ്രസ് നേതാവ് രാജ് ബാബ്ബറുടെ പ്രസ്താവന വിവാദത്തിൽ. പ്രധാനമന്ത്രി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിൽ മമതാ ബാനർജി തനിക്ക് കുർത്തകൾ അയയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ് ബാബ്ബർ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
'രണ്ട് ഉൽപ്പന്നങ്ങളാണ് പശ്ചിമ ബംഗാളിൽ പ്രസിദ്ധമായിട്ടുള്ളത്. മധുര പലഹാരങ്ങളും കുർത്തയും. എന്നാൽ മമതാ ബാനർജി ഇതുവരെ ആർക്കും മധുര പലഹാരങ്ങളും കുർത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാൾക്ക് മാത്രം നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അവർക്ക് അദ്ദേഹത്തിന്റെ കുർത്തയുടെ അളവ് നേരത്തെ അറിയാമെന്ന്- ബാബ്ബർ പറഞ്ഞു.
രാജ് ബാബ്ബറിന്റെ വിവാദ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയിരുന്നു. മര്യാദയില്ലാതെയാണ് ബാബ്ബർ സംസാരിച്ചതെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ അനുഭവ സമ്പത്ത് ഇല്ലെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സിനിമയിലെ അനുഭവ സമ്പത്ത് മാത്രം കൊണ്ട് രാഷ്ട്രീയത്തിൽ നിലനിൽക്കാനാവില്ലെന്നും അവർ കൂട്ടിച്ചർത്തു.