modi-and-kodiyeri-

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്ന കൃത്യം തുടരുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്സിലിരിപ്പാണ് മോദിക്കും സംഘപരിവാർ നേതാക്കൾക്കുമുള്ളത്. ആ ഗൂഢലക്ഷ്യം നേടാൻ ദേശീയമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും മോദി ഉൾപ്പെടെയുള്ളവർ തുടരുന്നത്. അതുകൊണ്ടാണ് മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ കേരളത്തെ താഴ്ത്തിക്കെട്ടാൻ പ്രത്യേകം സമയം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിൽ നിന്നും പുറത്തുപോകുന്ന ബി.ജെ.പിക്കാർ കേരളത്തിൽ വൈകീട്ട് തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും ബോംബിനും തോക്കിനുമിടയിൽ ജീവൻ പണയംവെച്ചാണ് പ്രവർത്തിക്കുന്നതെന്നുമുള്ള മോദിയുടെ അഭിപ്രായം അപകടകരമായ നുണബോംബാണ്. ഇത്തരം വ്യാജപ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി കസേരയുടെ മഹത്വം കളങ്കപ്പെടുത്തുകയാണ് മോദിയെന്നും കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യയിൽ ഏറ്റവും സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണ് കേരളം. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഇക്കാര്യത്തിൽ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഏതെങ്കിലും ബി.ജെ.പി പ്രവർത്തകൻ ആക്രമിക്കപ്പെട്ടതായി ഒരു കേസുപോലുമില്ല. സ്വതന്ത്രമായി വോട്ടുചെയ്യുന്നതിന് സംഘപരിവാർ പ്രവർത്തകരെ തടഞ്ഞ സംഭവങ്ങളുമില്ല. എന്നിട്ടാണ് ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനമുള്ള സംസ്ഥാനത്തെ അപമാനിക്കുന്ന പ്രസ്താവന പ്രധാനമന്ത്രി നടത്തിയത്. ഇതുവഴി ആർ.എസ്.എസ് പ്രചാരകന്റെ ശരിയായ നിലവാരത്തിലേക്ക് പ്രധാനമന്ത്രി തരംതാണെന്നും കോടിയേരി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം