ആലപ്പുഴ : ചുങ്കത്ത് പ്രവർത്തിക്കുന്ന പ്രശസ്തമായ ചന്ദ്ര വെളിച്ചെണ്ണ മിൽ വൻ തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചു. ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് മിൽ ഉടമ പറഞ്ഞു. മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ ഭാര്യാ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ളതാണ് മിൽ.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് മില്ലിന് തീപിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ തീ ആളിപ്പടരുന്നത് കണ്ട് ഉടമയെ അറിയിച്ചു. ഏഴ് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് തീ അണച്ചത്. മില്ലിൽ വെളിച്ചെണ്ണയും കൊപ്രയും പിണ്ണാക്കുമായിരുന്നു. ഇതിലേക്ക് തീപടർന്ന് ആളിക്കത്തി. മില്ലിന് പുറത്ത് കൊപ്ര കയറ്റിയ ഒരു ലോറിയിലേക്കും തീ വ്യാപിച്ചു. പുലർച്ചെയായതിനാൽ ജീവനക്കാർ ഇല്ലാതിരുന്നത് ആളപായം ഒഴിവാക്കി.
ഒരുകാലത്ത് വെളിച്ചെണ്ണ മില്ലുകളുടെ കേന്ദ്രമായിരുന്ന ആലപ്പുഴ ചുങ്കത്തെ അവശേഷിക്കുന്ന മില്ലാണ് ഇന്നലെ കത്തിനശിച്ചത്. വെളിച്ചെണ്ണയുടെ ഉയർന്ന ഗുണനിലവാരമാണ് ചന്ദ്ര മില്ലിനെ വ്യത്യസ്തമാക്കിയിരുന്നത്. വിപണിയിൽ പ്രിയമേറിയ 'അക്ഷയ" വെളിച്ചെണ്ണ ഈ മില്ലിലാണ് ഉത്പാദിപ്പിക്കുന്നത്. പാരച്യൂട്ട് കമ്പനി ഇവിടെ നിന്ന് വെളിച്ചെണ്ണ വാങ്ങുന്നുണ്ട്. ആലപ്പുഴയിലെ പ്രമാണിയും കോൺഗ്രസ് നേതാവുമായിരുന്ന ജനാർദ്ദന വൈദ്യരാണ് 1956ൽ മിൽ സ്ഥാപിച്ചത്. 1976ൽ മാസം 600 ടൺ വെളിച്ചെണ്ണ ഉദ്പാദിപ്പിക്കുന്ന രീതിയിലേക്ക് മിൽ വികസിപ്പിച്ചു. ആധുനികവത്കരണം നടത്താനിരിക്കെയായിരുന്നു തീപിടിത്തം.
ജനാർദ്ദന വൈദ്യരുടെ മരണശേഷം മൂത്ത മകനായ ബാബു മിൽ നടത്തിവന്നു. ബാബുവിന്റെ കാലശേഷം സഹോദരങ്ങളായ ഷിബുവും സന്തോഷും പാർട്ട്ണർഷിപ്പിൽ നടത്തി വരികയായിരുന്നു.
തമിഴ്നാട് ലോബിയുടെ
അട്ടിമറിയെന്ന്
തീപിടിത്തത്തിന് പിന്നിൽ തമിഴ്നാട് ലോബിയാണെന്ന് ഉടമ ഷിബു പറയുന്നു. തമിഴ്നാട് മില്ലുകൾ ഉദ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വ്യാപകമാണ്. ഇതാണ് അട്ടിമറിക്ക് പിന്നിൽ. തമിഴ്നാട്ടിലെ പല ബ്രാൻഡുകളുടേതും വ്യാജ വെളിച്ചെണ്ണയാണെന്ന് കണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുകയും ചെയ്തിരുന്നു.