kashmir

റാഞ്ചി: ഇത്തവണ ബി.ജെ.പി അധികാരത്തിൽ വന്നാൽ, ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് പിൻവലിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.

ജാർഖണ്ഡിലെ പലാമു ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് കാശ്മീരിന്റെ പ്രത്യേകാധികാരം സംബന്ധിച്ച നിലപാട് ഷാ വ്യക്തമാക്കിയത്.


''യു.പി.എ സർക്കാരിന്റെ കാലത്ത് പാകിസ്ഥാനിൽനിന്നുള്ള ഭീകരസംഘടനകൾ ഇന്ത്യയെ തുടർച്ചയായി ലക്ഷ്യമിട്ടിരുന്നു. നമ്മുടെ ജവാന്മാർ ഭീകരരുടെ കൈകളാൽ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചകൾ നടത്താൻ ഞങ്ങളൊരുക്കമല്ല. കാശ്മീരിനെ ഇന്ത്യയിൽനിന്ന് മാറ്റുന്നതാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഞങ്ങളതിന് അനുവദിക്കില്ല. അവിടുന്ന് ഇങ്ങോട്ട് ഒരു ബുള്ളറ്റ് വന്നാൽ, ഇവിടുന്ന് അങ്ങോട്ട് ഒരു ഷെല്ല് പതിക്കും. " ഷാ പറഞ്ഞു. കാശ്‌മീരിന് പ്രത്യേകം പ്രധാനമന്ത്രി വേണമെന്നാവശ്യപ്പെട്ട നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെയും ഷാ വിമർശിച്ചു. കാശ്മീർ ഇന്ത്യയുടെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമാണെന്നും ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ വേണമോയെന്നുമാണ് ഷാ ചോദിച്ചത്.

ഫെബ്രുവരി 26ലെ ബാലാകോട്ടിലെ സർജിക്കൽ സ്ട്രൈക്ക് രാജ്യം മധുരം വിതരണം ചെയ്ത് ആഘോഷിച്ചപ്പോൾ കോൺഗ്രസിനും പാകിസ്ഥാനും വിഷാദമായിരുന്നെന്നും ഷാ ആരോപിച്ചു.