കനൗജ്: യു.പിയിലെ എസ്.പി - ബി.എസ്.പി - ആർ.എൽ.ഡി സഖ്യത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സഖ്യം അവസരവാദികളുടേത് ആണെന്നും ഒരു ഗുണവുമില്ലാത്ത സർക്കാരിനെയാണ് അവർക്കാവശ്യമെന്നും മോദി പറഞ്ഞു. അവർ ജാതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് ജനങ്ങളുടെ പണം തട്ടിയെടുക്കുകയാണെന്നും മോദി ആരോപിച്ചു. യു.പിയിലെ ഹർദോയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ ബാബാസാഹേബ് അംബേംദ്കറിന്റെ പേരിൽ വോട്ടുചോദിക്കുന്നു. പക്ഷേ, അവർ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് ഒന്നുംതന്നെ പഠിച്ചിട്ടില്ല. അംബേംദ്കറിനെ എതിർക്കുന്നവരിൽനിന്നാണ് മായാവതി വോട്ടുതേടുന്നത്. അധികാരംമാത്രം ലക്ഷ്യമാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മാത്രമല്ല, അവരുടെ രാഷ്ട്രീയം ജാതിയെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ രാജ്യത്തിനുവേണ്ടിയല്ല. എസ്.പിയും ബി.എസ്.പിയും ചേർന്നുള്ള സർക്കാരിന് ഒരിക്കലും ഭീകരതയ്ക്കെതിരെ പോരാടാൻ കഴിയില്ല. കാരണം, അവരുടെ ഗ്രാമങ്ങളിലെ വിഘടനവാദികളെപ്പോലും നേരിടാൻ അവർക്ക് കഴിവില്ല. മോദി ആരോപിച്ചു.
യു.പിയിലെ പ്രതിപക്ഷസഖ്യത്തെ കടന്നാക്രമിച്ച മോദി കോൺഗ്രസിനെയും വെറുതെവിട്ടില്ല. ഇപ്പോൾ ഇന്ത്യയിലുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഒന്നും തന്നെ യുപിഎ ഭരണകാലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ മോദി, തന്റെ ഭാരണകാലത്ത് രാജ്യത്തെ മൊബൈൽ ഫാക്ടറികളുടെ എണ്ണം രണ്ടിൽനിന്ന് 125 ആയെന്നും അവകാശപ്പെട്ടു.
യു.പിയിലെ പ്രതിപക്ഷ സഖ്യത്തെ മഹാമിലാവതി എന്ന് വിളിച്ച് ഇതിനുമുമ്പും മോദി പരാമർശം നടത്തിയിരുന്നു. എന്തുതന്നെ ചെയ്തെന്ന് പറഞ്ഞാലും തിരഞ്ഞെടുപ്പ് ജയിക്കുകയെന്ന അവരുടെ ഉദ്യമത്തിൽ തോറ്റുപോകുക തന്നെ ചെയ്യും. ബാലാകോട്ട് ഭീകരാക്രമണത്തിന് തെളിവ് ചോദിക്കുന്നവരും കൊല്ലപ്പെട്ട ഭീകരർക്കായി കണ്ണീരൊഴുക്കുന്നവരുമാണ് ഇവർ- പ്രധാനമന്ത്രി പറഞ്ഞു.
ഞാൻ അതീവ പിന്നാക്കജാതിക്കാരൻ
താൻ വെറും പിന്നാക്കക്കാരനല്ല, അതീവ പിന്നാക്കജാതിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പിയിലെ കനൗജിൽ ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ ''വ്യാജ പിന്നാക്കക്കാരൻ" പരാമർശത്തിന് മറുപടി പറയുകയായിരുന്നു മോദി. മായാവതി ജാതിസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയാണെന്നും ഈ കളി താനിതുവരെ കളിച്ചിട്ടില്ലെന്നും മോദി പരിഹസിച്ചു.