cyber-warriors

തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ് ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌തു. പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ ഹാക്കിംഗ് നടത്തി പ്രശസ്‌തരായ കേരള സൈബർ വാരിയേഴ്‌സ് എന്ന കൂട്ടായ്‌മയാണ് ഇതിന് പിന്നിൽ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈ‌റ്റുകളാണ് ഇവർ ഹാക്ക് ചെയ്‌തത്. തൊടുപുഴയിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നിൽ വൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബർ വാരിയേഴ്സ് ആരോപിക്കുന്നു.

ഉയർന്ന മാ‌ർക്ക് നേടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ യുവതി തന്റെ കുഞ്ഞിനെ ഇത്രയും ക്രൂരമായി മർദ്ദിച്ചിട്ടും ഒരിക്കലെങ്കിലും അരുതേ എന്ന് പറയാൻ തയ്യാറായിട്ടില്ല. കുഞ്ഞുമായി ആശുപത്രിയിൽ എത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. തന്റെ കുഞ്ഞ് മരണ വേദനയിൽ ഒന്നൊന്നര മണിക്കൂർ സ്ട്രെക്ചറിൽ കിടക്കുമ്പോൾ എത്ര നിസംഗമായിട്ടാണ് ആ സ്ത്രീ പെരുമാറിയത്. ഇല്ലാത്ത മാനസിക വിഭ്രാന്തിയുടെ പേരിൽ അവർക്കെതിരെ കേസെടുക്കാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്നും സൈബർ വാരിയേഴ്സ് പറയുന്നു. അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കൂടുതൽ കടുത്ത ഇടപെടലുണ്ടാകുമെന്ന് സൈബർ വാരിയേഴ്‌സിലെ ഒരംഗം കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തി.

അതേസമയം, വെബ്സൈ‌റ്റ് ഹാക്ക് ചെയ്‌തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ തകരാർ പരിഹരിക്കുമെന്നും മനുഷ്യാവകാശ കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.