poster

താരപരിവേഷം

രക്ഷിക്കുമോ?

പ്രിയ ദത്ത്

ട്രെയിലർ

അന്തരിച്ച ബോളിവുഡ് താരം സുനിൽ ദത്തിന്റെയും നർഗീസിന്റെയും പുത്രി. നടൻ സഞ്ജയ് ദത്തിന്റെ സഹോദരി. മുബയിലെ സോഫിയ കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം. ടിവി പ്രൊഡക്ഷനിൽ അമേരിക്കയിൽ നിന്ന് പി.ജി ഡിപ്ളോമ. 2005-ൽ അച്ഛൻ സുനിൽ ദത്തിന്റെ മരണത്തെ തുടർന്ന് രാഷ്‌ട്രീയത്തിലേക്ക്. അച്ഛൻ എം.പി ആയിരുന്ന മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പു മത്സരം. ശിവസേനാ സ്ഥാനാർത്ഥിക്കെതിരെ 1,72,043 വോട്ട് ഭൂരിപക്ഷത്തോടെ ജയം. തുട‌ർന്ന് എ.ഐ.സി.സി സെക്രട്ടറിയായി. 2009-ൽ മുംബയ് നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്ന് രണ്ടാമതും ലോക്‌സഭയിലേക്ക്. 2014-ലും മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ പൂനം മഹാജനോട് 1,86,771 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയം. 53 വയസ്സ്.

ടൈറ്റിൽ കാർ‌ഡ്

2005-ൽ ഹൃദയാഘാതത്തെ തുട‌ർന്ന് മുംബയ് ബാന്ദ്രയിലെ വസതിയിൽ വച്ച് സുനിൽ ദത്ത് മരിക്കുമ്പോൾ പ്രിയയ്‌ക്ക് 39 വയസ്സ്. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ യുവജനകാര്യ- കായിക മന്ത്രി ആയിരിക്കെയായിരുന്നു സുനിൽദത്തിന്റെ അന്ത്യം. മുംബയ് നോർത്ത് വെസ്റ്ര് മണ്ഡലത്തിൽ നിന്ന് അഞ്ചു തവണയാണ് സുനിൽദത്ത് പാർലമെന്റിൽ എത്തിയത്. ഏറ്റവും ഒടുവിലത്തെ ജയം 2004-ലെ തിരഞ്ഞെടുപ്പിൽ. അന്ന് അച്ഛൻ ദത്തിന്റെ ഭൂരിപക്ഷം 47,358.

നടനായും നേതാവായും മണ്ഡലത്തിന്റെ ഹൃദയം കവർന്ന സുനിൽ ദത്തിന്റെ ആകസ്‌മിക മരണത്തെ തുടർന്നുള്ള സഹതാപ തരംഗത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ മകൾ പ്രിയ ദത്ത് ജയിച്ചുകയറിയത്. മുംബയിൽ പ്രിയയുടെ ഗ്ളാമർ പരിവേഷത്തിന് എതിരെ ബി.ജെ.പി കണ്ടെത്തിയ ആയുധമായിരുന്നു പൂനം മഹാജൻ.

ഇന്റർവെൽ

അച്ഛന്റെ തട്ടകം സിനിമയായിരുന്നെങ്കിൽ പ്രിയ എന്നും സ്നേഹിച്ചത് ടെലിവിഷനെ. ബിരുദത്തിനു ശേഷം വീഡിയോ പ്രൊഡക്ഷൻ പരിപാടികളുമായി കുറച്ചുകാലം. പിന്നെ, ന്യൂയോർക്കിലെ സെന്റർ ഫോർ മീഡിയ ആർട്സിലേക്ക് ഉപരിപഠനത്തിന്. രാഷ്‌ട്രീയത്തിലിറങ്ങുന്നതിനു രണ്ടു വർഷം മുമ്പ്, 2003 ൽ മ്യൂസിക് പ്രൊഡക്‌ഷൻ കമ്പനിയായ ഓറൻജ്യൂസ് എന്റർടെയ്ൻമെന്റിന്റെ പാർട്ണർ ആയ ഓവൻ റോൺകണിനെ വിവാഹം കഴിച്ചു.

ലാസ്റ്റ് സീൻ

കഴിഞ്ഞ തിരഞ്ഞെടുപ്പിലും രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു മുംബയ് നോർത്ത് സെൻട്രലിലേത്. സിനിമയിലെയും രാഷ്‌ട്രീയത്തിലെയും താരപുത്രിമാർ തമ്മിലുള്ള പോരാട്ടം ഇത്തവണയും ദേശീയ ശ്രദ്ധയാകർഷിക്കുന്നു.

രണ്ടാം വരവിലും

താരമാകുമോ?

പൂനം മഹാജൻ

ട്രെയിലർ

ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന, അന്തരിച്ച പ്രമോദ് മഹാജന്റെയും രേഖാ മഹാജന്റെയും പുത്രി. (പ്രമോദ് മഹാജന്റെ സഹോദരീ ഭർത്താവാണ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്ര ഉപമുഖ്യനുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെ). മുണ്ടെയാണ് പൂനം മഹാജനെ രാഷ്‌ട്രീയത്തിലേക്ക് കൈപിടിച്ച് എത്തിച്ചതും ബി.ജെ.പി അംഗമാക്കിയതും. 2006 ഏപ്രിൽ 22-നാണ് പ്രമോദ് മഹാജന് സഹോദരൻ പ്രവീണിന്റെ മുംബയിലെ വീട്ടിൽ വച്ച് വെടിയേറ്റത്. മൂന്നു വെടിയുണ്ടകൾ മഹാജന്റെ കരളും പാൻക്രിയാസും തകർത്തു. ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മേയ് മൂന്നിന് മരിച്ചു. പൂനം മഹാജൻ ഇപ്പോൾ ബി.ജെ.പിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എം ദേശീയ അദ്ധ്യക്ഷ. 39 വയസ്സ്.

ടൈറ്റിൽ കാർഡ്

അമ്മാവൻ ഗോപിനാഥ് മുണ്ടെയുടെ കൈപിടിച്ച് രാഷ്‌ട്രീയത്തിലിറങ്ങിയ പൂനം മഹാജന്റെ ആദ്യ തിരഞ്ഞെടുപ്പു മത്സരം കഴിഞ്ഞ തവണയായിരുന്നു- മുംബയ് നോർത്ത് സെൻട്രലിൽ, പ്രിയ ദത്തിനെതിരെ. രണ്ടു തവണയായി മണ്ഡലം കൈവശമാക്കി വച്ചിരുന്ന പ്രിയ ദത്തിനെതിരെ പൂനം നേടിയ വൻ ജയം അന്ന് വലിയ വാർത്താപ്രാധാന്യം നേടി. പൂനം മഹാജനോട് തോൽവിയറിയേണ്ടി വന്ന പ്രിയ ദത്ത അന്നു മുതൽ കാത്തിരിക്കുകയാണ്- കൈവിട്ട മണ്ഡലം തിരികെപ്പിടിക്കാൻ. അതുകൊണ്ടുതന്നെ, ഇക്കുറി പൂനവും പ്രിയയും ഒരിക്കൽക്കൂടി നേർക്കുനേർ അതേ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സിനിമാരംഗത്തെ കാമറകൾക്കൊപ്പം, രാഷ്‌ട്രീയശ്രദ്ധയും രാജ്യ ശ്രദ്ധയും മുംബയ് നോർത്ത് സെൻട്രൽ മണ്ഡലത്തിലേക്ക് ഫോക്കസ് ചെയ്യപ്പെടുന്നു.

ഇന്റ‌‌ർവെൽ

അമ്മാവന്റെ താത്പര്യം കാരണം പഠിക്കുന്ന കാലത്തേ പൂനം ബി.ജെ.പിയിലേക്ക് ആകൃഷ്‌ടയായെങ്കിലും, അച്ഛന്റെ മരണശേഷമാണ് സജീവ രാഷ്‌ട്രീയത്തിലേക്കെത്തിയത്. നേരത്തേ ബാസ്‌കറ്റ്ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അദ്ധ്യക്ഷയായിരുന്നിട്ടുണ്ട്, പൂനം. ആ പദവി വഹിക്കുന്ന ആദ്യ വനിത. എം.പി എന്ന നിലയിൽ മണ്ഡലത്തിലെ ചേരി പുനർനിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ തിരഞ്ഞെടുപ്പിൽ തുണയാകുമെന്നാണ് പൂനത്തിന്റെ വിശ്വാസം. ജനകീയ നേതാവെന്ന നിലയിലെ സ്വാധീനംകൊണ്ട് പ്രിയ ദത്തിന്റെ താരപരിവേഷത്തെ ഒരിക്കൽക്കൂടി മറികടക്കുമോ?

ലാസ്റ്റ് സീൻ

ഇക്കുറി മണ്ഡലം ഒന്നു മാറ്റിപ്പിടിക്കുന്ന കാര്യം പൂനം മഹാജൻ ആലോചിച്ചിരുന്നതാണ്. അതു മനസ്സിലിട്ട്, ദക്ഷിണ മുംബയിലെ യുവാക്കളായ പുതിയ വോട്ടർമാർക്കിടയിൽ പൂനം കാര്യമായ പ്രചാരണം നേരത്തേ തന്നെ നടത്തുകയും ചെയ്‌തു. പക്ഷേ, മുംബയ് നോർത്ത് സെൻട്രലിൽ പ്രിയ ദത്ത് സ്ഥാനാർത്ഥിയായതോടെ, കോൺഗ്രസിനെ പൂട്ടാൻ പാർട്ടി ഒരിക്കൽക്കൂടി പൂനത്തെ നിയോഗിച്ചു.

ക്ളൈമാക്‌സ്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ, നാളെയാണ് മുംബയ് നോർത്ത് സെൻട്രലിലെ വോട്ടെടുപ്പ്. മേയ് 23-ന് ഫലപ്രഖ്യാപനമെത്തുമ്പോൾ പൂനമോ പ്രിയയോ?