ബാങ്ക് വായ്പകളിൽ മന:പൂർവം കുടിശ്ശിക വരുത്തിയവരുടെ പേരുവിവരങ്ങളും ,ബാങ്കുകളുടെ വാർഷിക പരിശോധനാ റിപ്പോർട്ടുകളും വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് ഉടൻ നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ നടമാടുന്ന വൻക്രമക്കേടുകൾക്കെതിരായ മുന്നറിയിപ്പായി വേണം കരുതാൻ. റിസർവ് ബാങ്ക് സ്വീകരിച്ച വെളിപ്പെടുത്തൽ നയം അടിയന്തരമായി പുന:പരിശോധിക്കാൻ ഉത്തരവിട്ട കോടതി ഇത് അവസാന അവസരമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശപ്രവർത്തകരായ ഗിരീഷ് മിത്തൽ,സുഭാഷ്ചന്ദ്ര അഗർവാൾ എന്നിവർ റിസർവ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ബാങ്കിംഗ് മേഖലയിലെ തിരിമറികൾക്കെതിരെ വിരൽചൂണ്ടിയത്.
നിയമാനുസരണമുള്ള വിവരങ്ങൾ നൽകണമെന്ന് 2015 ൽ തന്നെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അതിനെ മറികടക്കാനുള്ള പഴുതുകൾ തേടുകയായിരുന്നു റിസർവ് ബാങ്ക്. പുതിയ വെളിപ്പെടുത്തൽ നയം കൊണ്ടുവന്നത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നൽകുന്ന വായ്പകളിൽ മന:പ്പൂർവം വൻ കുടിശ്ശിക വരുത്തുമ്പോൾ അതറിയാനുള്ള ന്യായമായ അവകാശം ഈ നാട്ടിലെ ജനങ്ങൾക്കുണ്ട്. വിവരാവകാശപ്രകാരം നൽകാവുന്ന രേഖകൾ നിഷേധിക്കുന്നതിന് ഉചിതമായ ഒരുകാരണം റിസർവ് ബാങ്കിന് പറയാനില്ലാതെ വരുമ്പോൾ എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്ന് സംശയിക്കേണ്ടിവരും. വായ്പ അനുവദിക്കുന്നതിലും കൃത്യമായ തിരിച്ചടവുകൾ ഉറപ്പുവരുത്തുന്നതിലും അതിസമ്പന്നരോടും സാധാരണക്കാരോടും രണ്ടുതരം സമീപനമാണ് ബാങ്കുകൾ കാലാകാലങ്ങളായി പുലർത്തിവരുന്നത്.രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കുന്ന ബാങ്കുകളുടെ ഈ ചിറ്റമ്മ നയത്തിനെതിരെ വലിയപ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും സാധാരണക്കാരോടും പാവപ്പെട്ടവരോടും അനുഭാവം കാട്ടുന്ന രീതി ഇനിയും ഉണ്ടായിട്ടില്ല.നിയമം ഒരു ചിലന്തിവല പോലെയാണെന്ന് പറയാറുണ്ട്.അതിൽ കൊതുകോ കീടങ്ങളോ പതിച്ചാൽ പ്രാണൻ പിടഞ്ഞ് മരിക്കും. എന്നാൽ ഒരു പല്ലിയോ മറ്റോ വീണാൽ വലതന്നെ പൊട്ടിപ്പോകും.ഏതാണ്ട് അതേ അവസ്ഥയിലാണ് വൻകുടിശ്ശികക്കാരെ വരുതിക്കു നിറുത്താൻ കഴിയാത്ത ബാങ്കുകളുടെ സ്ഥിതി. ബാലൻസ് ഷീറ്റ് ശരിയാക്കാൻ കടങ്ങൾ എഴുതിത്തള്ളിയാൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ.
രാജ്യത്തെ ബാങ്കുകൾ വർഷങ്ങളായി വരുത്തിവച്ച കിട്ടാക്കടം 10 ലക്ഷം കോടിരൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിവിധ ബാങ്ക് തട്ടിപ്പുകളിലൂടെ നഷ്ടമായത് 22743 കോടി രൂപയാണെന്ന് ഒൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.വിജയ് മല്യയും നീരവ് മോദിമാരുമടക്കം 50 വൻകിട വ്യവസായികൾ മാത്രം വരുത്തിവച്ച കിട്ടാക്കടം 40528 കോടി രൂപ വരും.അതേസമയം രാജ്യത്ത് കാർഷിക വായ്പയെടുത്ത മൂന്നുലക്ഷം കർഷകരാണ് 1998 നും 2018 നുമിടയിൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്തത്. എത്ര നിർഭാഗ്യകരമാണ് ഈ സാഹചര്യം.കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള ഉൗർജിത ശ്രമങ്ങളൊന്നും വമ്പൻമാരുടെ കാര്യത്തിൽ ഉണ്ടാകാറില്ല. എന്നാൽ സാധാരണക്കാരനെടുക്കുന്ന വായ്പയിൽ ഒരു തവണ കുടിശ്ശിക വരുത്തിയാലോ, അവരെ ഇരുത്തിപ്പൊറുപ്പിക്കുകയുമില്ല. മാത്രമല്ല പൈസ പിരിച്ചെടുക്കാൻ സ്വകാര്യ ഏജൻസികളുടെ ഗുണ്ടാസംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യും. പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞവർഷം എഴുതിത്തള്ളിയ കിട്ടാക്കടം 156702 കോടിരൂപയായിരുന്നു. ന്യൂജനറേഷൻ ബാങ്കുകളും ഒട്ടും പിന്നിലായിരുന്നില്ല. കഴിഞ്ഞവർഷം ന്യൂജെൻ ബാങ്കുകളുടെ കിട്ടാക്കടം 109076 കോടി രൂപയായിരുന്നു.
ബാങ്ക് വായ്പകൾ ശാഖാ മാനേജർമാർ അനുവദിച്ചിരുന്ന കാലത്താണ് കേന്ദ്രീകൃതമായി ചെറുകിട വായ്പകൾ സാധാരണക്കാർക്ക് ലഭ്യമായിരുന്നത്. എന്നാൽ കോർ ബാങ്കിംഗ് സൊല്യൂഷൻ നടപ്പാക്കി ബാങ്ക് പ്രവൃത്തികളെല്ലാം ഹെഡ് ഓഫീസുകളിലും സോണൽ ഓഫീസുകളിലും കേന്ദ്രീകരിച്ചപ്പോൾ എളുപ്പത്തിൽ ടാർജറ്റുകൾ നേടാൻ വമ്പൻ വായ്പകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനശൈലിയിലേക്ക് പ്രമുഖ ബാങ്കുകൾ മാറി. സാധാരണ ജനങ്ങൾക്ക് സബ്സിഡി കിട്ടാനും ദൈനംദിന ആവശ്യങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ നിർബന്ധിതമാക്കിയപ്പോൾ സർക്കാരിന്റെ സദുദ്ദേശത്തെ മറികടന്ന് പല ഓമനപ്പേരുകളിൽ സർവീസ് ചാർജ്ജുകളായി അധിക പണം ഈടാക്കി പാവങ്ങളെ കൊള്ളയടിക്കാനായിരുന്നു ബാങ്കുകൾക്കു താത്പര്യം. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നയുടൻ കള്ളപ്പണം കണ്ടുകെട്ടുമെന്ന് പ്രഖ്യാപിക്കുകയും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യാപകമായ റെയ്ഡുകളും മറ്റും നടത്തുകയും ചെയ്തിരുന്നു. കള്ളപ്പണത്തിനെതിരെ വലിയ അവബോധം സൃഷ്ടിക്കാൻ അത് വഴിതെളിച്ചെങ്കിലും വമ്പൻ സ്രാവുകൾ വഴുതിമാറാനുള്ള പതിവു തന്ത്രങ്ങൾ പയറ്റുകയായിരുന്നു. ബാങ്ക് വായ്പകളിൽ വലിയതിരിമറി നടത്തി 31 വൻവ്യവസായികളാണ് പല ഘട്ടങ്ങളിലായി വിദേശത്തേക്ക് കടന്നത്.അവരിൽ പലരേയും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് സ്വാഗതാർഹമാണ്.
ബാങ്കിംഗ് വായ്പാ തിരിച്ചടവ് സംബന്ധിച്ച് നിലവിലുള്ള സംവിധാനങ്ങളിൽ വലിയ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നുവെന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവിലൂടെ മനസിലാക്കേണ്ടത്. സുതാര്യത ആവശ്യമുള്ള ഇടപാടുകൾ മറച്ചു പിടിക്കാൻ ബാങ്കിംഗ് മേഖല കാട്ടുന്ന പ്രത്യേക താത്പര്യം കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനുള്ള അടവാണെന്ന് തിരിച്ചറിയാൻ സാമാന്യബോധം മാത്രം മതിയാകും. സുപ്രീംകോടതിയിൽ പ്രധാനപ്പെട്ട ചില കേസുകൾ അന്തിമ പരിഗണനയ്ക്കെടുക്കാനിരിക്കെ അനുകൂലവിധി സമ്പാദിക്കാനുള്ള നീക്കം നടക്കുന്നുവെന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ട് അധികം ദിവസങ്ങളായിട്ടില്ല.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണവും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.