anand

മുംബയ്: ദക്ഷിണ മുംബയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് മുകേഷ് അംബാനിയെത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മകൻ ആനന്ദ് അംബാനി. ഇക്കഴിഞ്ഞ 26ന് മുംബയിലെ ബാന്ദ്ര കുർലയിൽ നടന്ന റാലിയിലാണ് ആനന്ദ് പങ്കെടുത്തത്. താൻ മോദിയുടെ പ്രസംഗം കേൾക്കുന്നതിനും രാജ്യത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് എത്തിയതെന്ന് ആനന്ദ് മാദ്ധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്. റാലിയ്ക്കുപിന്നാലെ നടന്ന യോഗത്തിലും മുൻനിരയിൽത്തന്നെ ആനന്ദുണ്ടായിരുന്നു.

മിലിന്ദിനെ പിന്തുണച്ച് നേരത്തെ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. മുകേഷിന്റെ കോൺഗ്രസ്​ പിന്തുണ ബി.ജെ.പി ഇനി അധികാരത്തിലെത്തില്ലെന്നതിന്റെ സൂചനയാണെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന തലവൻ രാജ്​ താക്കറെ പറഞ്ഞിരുന്നു. എന്നാൽ, 2014ലും കോൺഗ്രസിനെ മുകേഷ്​ അംബാനി പിന്തുണച്ചിരുന്നെന്ന്​ പറഞ്ഞാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ ഇതിനെതിരെ പ്രതികരിച്ചത്. അതേസമയം, രാഷ്ട്രീയസന്തുലനത്തിനാണ് അംബാനി കുടുംബം ശ്രമിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.