ഹരിപ്പാട്: രണ്ടാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടനെ ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പിൽ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടരേത്ത് പടീറ്റതിൽ രാജനാണ് (75) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയിൽ വീട്ടിൽ ശ്രീകാന്ത് (26), നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36), അയൽവാസിയായ കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി ടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 10 മുതൽ രാജനെ കാണാനില്ലെന്ന് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. രാജനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന രാജേഷിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം മുതലേ അന്വേഷണം. രാജേഷിനെ കാണാൻ പോകുന്നെന്നു പറഞ്ഞാണ് രാജൻ വീട്ടിൽ നിന്നിറങ്ങിയത്. രാജേഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് രാജേഷുമായി ബന്ധമുള്ള ശ്രീകാന്തിനെയും വിഷ്ണുവിനെയും മാറി മാറി ചോദ്യം ചെയ്തു. മൂവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പള്ളിപ്പാട് ഭാഗത്തെ സൂപ്പർമാർക്കറ്റിന്റെ സി.സി ടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
രാജനെ ഒരു ഹ്യുണ്ടായി ഇയോൺ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതായി ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രദേശത്തെ ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് രാജേഷിന്റെ അമ്മാവന്റെ പേരിൽ ഇയോൺ കാറുള്ളതായി കണ്ടെത്തി. കാർ റെന്റിന് നൽകുന്നതാണെന്നും രാജേഷാണ് ഉപയോഗിക്കുന്നതെന്നും മനസിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനാണ് കൊല നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. രാജേഷ് അഞ്ചര ലക്ഷം രൂപയും ശ്രീകാന്ത് മൂന്ന് ലക്ഷം രൂപയുമാണ് രാജനിൽ നിന്ന് വാങ്ങിയിരുന്നതായി പറയപ്പെടുന്നത്. സംസ്കാരം മുടപുരം ശിവകൃഷ്ണപുരം കൊട്ടാരത്തിൽ വീട്ടുവളപ്പിൽ നടന്നു. വിമുക്ത ഭടനായ രാജൻ ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രം ട്രസ്റ്റ് മുൻ ട്രഷററും എസ്.എൻ.ഡി.പി.യോഗം ശിവകൃഷ്ണപുരം ശാഖയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. വിജയമ്മയാണ് രാജന്റെ ഭാര്യ. മക്കൾ : അനിൽകുമാർ, അനിത. മരുമക്കൾ : സുനിത, പ്രശാന്ത്.
കൊന്നത് ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി
ചിറയൻകീഴ് സ്വദേശിയായ രാജൻ ഒന്നര വർഷം മുമ്പാണ് പള്ളിപ്പാട് എത്തി സാമ്പത്തിക ഇടപാടുകൾ ആരംഭിച്ചത്. ശ്രീകാന്തും രാജേഷും രാജനിൽ നിന്ന് പണം വാങ്ങിയതിനുപുറമേ, ഇടനില നിന്ന് നിരവധി പേർക്ക് പണം വാങ്ങി നൽകുകയും ചെയ്തു. പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് രാജനോട് വിരോധമായത്. കടം വാങ്ങിയ പണം നൽകാമെന്നും ചെക്കും മറ്റ് രേഖകളുമായി പള്ളിപ്പാട് എത്താനും 10ന് ഉച്ചയ്ക്ക് രാജേഷ് ഫോണിലൂടെ രാജനോട് പറഞ്ഞു. തുടർന്നാണ് രാജനെ കാറിൽ കയറ്റിക്കൊണ്ടുപോയത്. രാജേഷ് ഓടിച്ച കാറിന്റെ മുൻസീറ്റിലാണ് രാജൻ ഇരുന്നത്. പിൻസീറ്റിലിരുന്ന ശ്രീകാന്തും വിഷ്ണുവും ക്ളോറോഫാം ഉപയോഗിച്ച് മയക്കാൻ ശ്രമിച്ചെങ്കിലും രാജൻ കൈ തട്ടിമാറ്റിയതിനാൽ വിജയിച്ചില്ല. തുടർന്ന് പിന്നിൽ നിന്നു ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹവുമായി കാറിൽ കറങ്ങിനടന്ന ശേഷം രാത്രിയോടെ പള്ളിപ്പാട് കുരീക്കാട് ജംഗ്ഷന് സമീപമുള്ള ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പിൽ കുഴിച്ചിട്ടു. രാജന്റെ പക്കലുണ്ടായിരുന്ന 25,000 രൂപയും കൈക്കലാക്കി. ഇന്നലെ ശ്രീകാന്തിനെ സംഭവ സ്ഥലത്തെത്തിച്ച് മറവ് ചെയ്ത സ്ഥലത്തുനിന്ന് മൃതദേഹം പുറത്തെടുത്തു. ശ്രീകാന്ത് പള്ളിപ്പാട് ജംഗ്ഷന് സമീപം മൊബൈൽ ഫോൺ ഷോപ്പ് നടത്തുകയാണ്. മൊബൈൽ ആക്സസറീസ് വിതരണം ചെയ്യുന്ന ജോലിയാണ് രാജേഷിന്.