rahul

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും തന്നെക്കാൾ രണ്ടുവയസിനിളപ്പമുള്ള പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള വൈകാരിക സ്നേഹമുഹൂർത്തങ്ങളുടെ ചിത്രങ്ങൾ ഇതിനുമുമ്പും രാഷ്ട്രീയഭേദമില്ലാതെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അമ്മ സോണിയ ഗാന്ധിയുടെ മടിയിലിരിക്കുന്ന പ്രിയങ്കയുടെയും മുത്തശ്ശി ഇന്ദിരയ്ക്കൊപ്പമിരിക്കുന്ന രാഹുലിന്റെയും ചിത്രങ്ങൾ ഇരുവരുടെയും എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. ഇന്ദിരയുടെയും രാജീവിന്റെയും മരണാനന്തര ചടങ്ങുകളിലും കൈകോർത്ത്, തോൾചേർന്ന് തന്നെയാണ് അവർ ഇരുന്നത്. ഇപ്പോഴിതാ, കാൺപൂർ വിമാനത്താവളത്തിൽവച്ച് പരസ്പരം കണ്ടുമുട്ടിയ ഇവർക്കിടയിലെ സ്നേഹനിമിഷങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വൈറലാകുന്നത്. രണ്ടിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രിയങ്കയെ ചേർത്തുപിടിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോടായി രാഹുൽ പറയുന്നു. ''നല്ല സഹോദരനാവുക എന്നാലെന്താണെന്ന് അറിയാമോ? ഞാൻ പറയാം. ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അതിന് എനിക്ക് കിട്ടിയതോ, ഇത്തിരിയുള്ള ഒരു കുഞ്ഞു ഹെലികോപ്റ്റർ. അതിൽ ഞാൻ ഞെരുങ്ങിയിരുന്ന് പോകണം. പക്ഷേ, എന്റെ അനിയത്തി ആകെ കുറച്ച് ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ വലിയ ഒരു ഹെലികോപ്ടർ. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്''. പോകാൻ നേരം സഹോദരിക്കൊരുമ്മ കൊടുക്കാനും രാഹുൽ മറന്നില്ല...