കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവെ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാന്‍ നടത്തിയ നീക്കത്തെ ട്രോളി സോഷ്യൽ മീഡിയ. രണ്ട് തവണയാണ് മേൽപ്പാലം തകർക്കാനുള്ള നീക്കം പരാജപ്പെടുന്നത്. ഇതോടെ പാലം പൊളിക്കൽ ഇന്നത്തേക്ക് നിർത്തിവച്ചുവെന്നാണ് റെയിൽവെ വൃത്തങ്ങൾ അറിയിച്ചു.
പാലം സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് അറിഞ്ഞ് മാദ്ധ്യമങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. ചില ഒാൺലെെൻ മീഡിയകൾ പാലം പൊളിക്കുന്നത് ഫേസ്ബുക്കിലൂടെ ലെെവും ചെയ്തിരുന്നു. എന്നാൽ കാത്തിരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാത്തിരുന്ന അക്ഷമരായവർ ട്രോളുമായി രംഗത്തെത്തി. മിഥുനത്തിലെ തേങ്ങ ഉടക്കൽ സാഹചര്യവുമായാണ് ട്രേളൻമാർ ഇതിനെ ബന്ധിപ്പിച്ചത്.
ഇന്ന് രാവിലെ 11 നും വൈകീട്ട് അഞ്ചിനും നടത്തിയ നിയന്ത്രിത സ്‌ഫോടനങ്ങളാണ് പരാജയപ്പെട്ടത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാളം പൊളിക്കുന്നത് കാണാൻ നിരവധിപേരാണ് മണിക്കൂറുകളോളം കാത്തുനിന്നത്. പരാജയപ്പെട്ട രണ്ട് സ്‌ഫോടനങ്ങള്‍ പഴയ മേല്‍പ്പാലത്തിന് ബലക്ഷയമുണ്ടാക്കിയോ എന്നകാര്യത്തില്‍ ആശങ്കയുണ്ട്. നാഗമ്പടം വഴിയുള്ള റോഡ് ഗതാഗതവും എം.സി റോഡിലെ ഗതാഗതവും തടഞ്ഞിരുന്നുവെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.