ന്യൂഡൽഹി: 2014ലെ നേട്ടം ആവർത്തിക്കാനുള്ള ബി.ജെ.പിയുടെ യഥാർത്ഥ പോരാട്ടം ഇനി തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. 2014ൽ ഹിന്ദിഹൃദയഭൂമി എന്നറിയപ്പെടുന്ന പഞ്ചാബ്, രാജസ്ഥാൻ, ബീഹാർ, ഝാർഖണ്ഡ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 195ൽ 177 സീറ്റുകൾ നേടിയാണ് ബി.ജെ.പി കേന്ദ്രത്തിൽ ഭരണം പിടിച്ചെടുത്തത്.
ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് 29നാണ് തുടക്കമാകുന്നത്. 29ന് ബീഹാർ (5) ജമ്മുകാശ്മീർ(1),ഝാർഖണ്ഡ്, (3), മദ്ധ്യപ്രദേശ് (6), മഹാരാഷ്ട്ര (17), ഒഡിഷ (6), രാജസ്ഥാൻ (13), ഉത്തർപ്രദേശ് (13) പശ്ചിമ ബംഗാൾ (8) തുടങ്ങിയ 9 സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ൽ രാജസ്ഥാനിൽ 25ൽ 25 സീറ്റും മധ്യപ്രദേശിൽ 27സീറ്റുകളുമാണ് ബി.ജെ.പി നേടിയത്. ഉത്തർപ്രദേശിൽ 59ൽ 50 സീറ്റും ബി.ജെ.പിക്കായിരുന്നു. ബീഹാറിൽ 2014ൽ നേടിയ 25 സീറ്റുകൾ നിതീഷ്‌കുമാർ ബി.ജെ.പി ക്യാമ്പിലേക്ക് മടങ്ങിയെത്തിയതോടെ നേടാനാവുമെന്ന പ്രതീക്ഷയും ബി.ജെ.പി മുന്നണിക്കുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യം പുനഃസ്ഥാപിച്ചതോടെ കഴിഞ്ഞ തവണ നേടിയ 17 സീറ്റും നേടാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.
എന്നാൽ 2014ൽ ഉത്തർപ്രദേശിൽ നേടിയ 50 സീറ്റുകൾ നിലനിനിറുത്താൻ ബി.ജെ.പി സഖ്യം വൻവെല്ലുവിളി നേരിടേണ്ടി വരും. അഖിലേഷ് യാദവും മായാവതിയും ചേർന്ന സഖ്യം ഒരുമിച്ച് ബി.ജെ.പിയെ നേരിടാനെടുത്ത തീരുമാനമാണ് ഇവിടെ വെല്ലുവിളി ഉയർത്തുന്നത്. പ്രിയങ്കയുടേ നേതൃത്വത്തിൽ കോൺഗ്രസും ബി.എസ്.പിക്കും സമാജ് വാദിക്കും പുറമെ ബി.ജെ.പിക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
നിയമസഭാ തിഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തിസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നേരിട്ട കനത്ത തിരിച്ചടിയും ബി.ജെ.പിക്ക് വെല്ലുവിളിയുയർത്തുന്നു. പ്രതിപക്ഷ കക്ഷികൾ ശക്തമായ മേഖലയിൽ പ്രാദേശികമായ പ്രശ്നങ്ങളും ജാതി സമവാക്യങ്ങളും വിധി നിർണയിക്കുന്നതിൽ പ്രധാന ഘടകമാകും.
ഒറീസയും ബംഗാളുമാണ് ബി.ജെ.പി ഭയക്കുന്ന മറ്റുരണ്ടുസംസ്ഥാനങ്ങൾ. ഈ രണ്ടുസംസ്ഥാനങ്ങളിലായി 63 സീറ്റുകളാണ് ഉള്ളത്. അതിൽ 25 എണ്ണത്തിൽ ഇതിനകം വോട്ടിംഗ് നടന്നു. .ഒറീസയിൽ 15 സീറ്റുകളിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് വലിയം നേട്ടമുണ്ടാകില്ല. അതിനാൽ ഇനി നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാകും നരേന്ദരമോദി വീണ്ടും അധികാരത്തിൽ എന്ന കാര്യം തീരുമാനിക്കുക.