തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട് നടന്നെന്ന ആരോപണം നിഷേധിച്ച് സി.പി.എം. ആരോപണം പച്ചനുണയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ചെയ്തത് ഓപ്പൺ വോട്ടുകളെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. സഹായികളായി പോയവരെ കള്ളവോട്ടുകാരായി ചിത്രീകരിക്കുകയാണ്. ഒരന്വേഷണത്തെയും സി.പി.എം ഭയക്കുന്നില്ലെന്നും എം.വി.ജയരാജൻ വ്യക്തമാക്കി.
സി.പി.എം വിശദീകരണം ഇങ്ങനെ:
കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങളിലുള്ള ജി സുമയ്യ, പോളിംഗ് ഏജന്റ് കൂടിയാണ്. 24-ാം ബൂത്തിലെ വോട്ടറായ ജി സുമയ്യ, വോട്ട് ചെയ്ത ശേഷം 19-ാം ബൂത്തിലെത്തിയത് ഓപ്പൺ വോട്ട് ചെയ്യാനാണ്. ശാരീരികാവശതകളുള്ള ശാന്ത എന്ന സ്ത്രീയെ സഹായിക്കാനാണ് പോയത്. പോളിംഗ് ഏജന്റ് എന്ന പാസ് സുമയ്യയുടെ കയ്യിലുണ്ട്. ഇടയ്ക്കിടെ സുമയ്യ പുറത്ത് പോകുന്നുണ്ടാകും. പകരം ഏജന്റിനെ ഇരുത്തുകയും ചെയ്യും. അങ്ങനെ സുമയ്യ അകത്തേക്ക് പോവുകയും പുറത്തേക്ക് വരികയും ചെയ്യുന്ന ദൃശ്യങ്ങളെടുത്താണ് സുമയ്യ കള്ളവോട്ട് ചെയ്തു എന്ന ആരോപണം ഉയർത്തിയിരിക്കുന്നത്.
കല്യാശ്ശേരി മണ്ഡലത്തിൽ 19-ാം ബൂത്തിലെ മറ്റൊരു ഏജന്റാണ് എം കൃഷ്ണൻ. ഇദ്ദേഹം 189-ാം നമ്പർ വോട്ടറാണ്. കൃഷ്ണന്റെ ആവശ്യമനുസരിച്ചാണ് ഓപ്പൺ വോട്ട് ചെയ്തത്. കെ സി രഘുനാഥ് സ്ഥലത്ത് 994ാം നമ്പർ വോട്ടറായ ഡോ. കാർത്തികേയനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നു. ഡോ. കാർത്തികേയന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ഇത് പറയാൻ രഘുനാഥ് പ്രിസൈഡിംഗ് ഓഫീസറെ കാണാൻ വന്നു. പ്രിസൈഡിംഗ് ഓഫീസറെയും കൂട്ടി വന്ന് ശാരീരികാവശതയുണ്ടെന്ന് ബോധിപ്പിച്ച ശേഷമാണ് സഹായിയായ സുരേഷിനെ കൂട്ടി വോട്ട് ചെയ്യിച്ചത്. ഇതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയായിരുന്നു.
കള്ളവോട്ട് ചെയ്തെന്ന ആരോപണം എന്നും ഉയർന്നിരിക്കുന്നത് കെ സുധാകരനെതിരായാണ്. സുധാകരൻ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ ബഹളം വയ്ക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. സിപിഎം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം വി ജയരാജൻ പറയുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കണ്ണൂർ,കാസർകോഡ് കളക്ടർമാർക്ക് നിർദ്ദേശം നൽകി. ആരോപണം ശരിയെങ്കിൽ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർ അറിയാതെ കള്ള വോട്ട് നടക്കാൻ സാധ്യത ഇല്ല. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്റുമാരും കുറ്റക്കാരാകും.
കാസർകോഡ് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി, വ്യവസായി, പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങൾക്ക് തെളിവായി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.