കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം തിരുവിതാംകൂർ ദേവസ്വം ബോർഡിന് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കണ്ട് സ്വാമി അയ്യപ്പനാണ് ജീവനക്കാരുടെ പി.എഫ് നിക്ഷേപം ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകളിൽ നിക്ഷേപിക്കാൻ വഴിയൊരുക്കിയതെന്ന് ദേവസ്വം സെക്രട്ടറി ഹൈക്കോടതിയിൽ വ്യക്തമാക്കി. പി.എഫ് നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ബാങ്കിന്റെ ബോണ്ടുകളിൽ നിക്ഷേപിച്ചതിനെതിരെ ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം കഴിഞ്ഞ ഒക്ടോബർ 30ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇത്തരം ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിലെ നഷ്ടസാദ്ധ്യത പരിശോധിക്കാതെ തിടുക്കത്തിൽ തീരുമാനമെടുത്തെന്നും ട്രഷറി നിക്ഷേപമടക്കമുള്ള ബദൽ മാർഗങ്ങൾ അന്വേഷിച്ചില്ലെന്നും ആഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. ദേവസ്വം സെക്രട്ടറി ഫെബ്രുവരി 26ന് ഇതിനു ഹൈക്കോടതിയിൽ നൽകിയ മറുപടിയിലാണ് ബോണ്ട് നിക്ഷേപത്തിന്റെ ഉത്തരവാദിത്വം അയ്യപ്പന് നൽകിയത്. 2018 മാർച്ച് 22 നാണ് ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കുന്ന കാര്യം ധനലക്ഷ്മി ബാങ്ക് ദേവസ്വം ബോർഡിനെ കത്തിലൂടെ അറിയിച്ചത്. അന്നുതന്നെ ബോർഡ് യോഗം ചേർന്ന് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചു.
ഭാവി അറിയാൻ
ആർക്കുമാവില്ല...
പ്രപഞ്ചത്തിലുള്ള ആർക്കും ഭാവിയിലെന്താണ് നേരിടേണ്ടി വരുന്നതെന്ന് അറിയാൻ കഴിയില്ല. അപ്രതീക്ഷിതമായാണ് പ്രളയമുണ്ടായത്. ഇതു സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി. ഇതിനിടെ ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി വന്നു. വിധിയുടെ പരിണിത ഫലവും തുടർന്ന് ബോർഡിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും ഏവർക്കുമറിയാം. നിലനിൽപ്പിനായി ബോർഡ് നെട്ടോട്ടമോടുന്ന സ്ഥിതിയായി. ഇൗ സാഹചര്യത്തിൽ വിപത്തുകളെ മുൻകൂട്ടി കണ്ട ഭഗവാൻ അയ്യപ്പൻ ബോണ്ടുകൾ വാങ്ങാൻ വഴി ഒരുക്കിയെന്ന് വിശ്വസിക്കുന്നു.
- ദേവസ്വം സെക്രട്ടറിയുടെ മറുപടിയിലുള്ളത്