തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ സി.പി.എമ്മിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളവോട്ട് നടന്നിടത്തും പോളിംഗ് 90 ശതമാനത്തിൽ കൂടുതൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിംഗ് നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പഞ്ചായത്തിലെയും ബൂത്തുകളിലെ മുഴുവൻ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളിൽ ക്രമാതീതമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തീർച്ചയാണ്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോ? ജനാധിപത്യത്തോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ മൗനം വെടിഞ്ഞ് ഇരുവരും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകളാണ് ഉള്ളത്. നീതിപൂർവമായ രീതിയിൽ തിരഞ്ഞെടുപ്പു നടത്തിയാൽ മലബാറിലെ ഒരു മണ്ഡലത്തിൽ പോലും സി.പി.എമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് കമ്മിഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.