k-surendran

പത്തനംതിട്ട: സംസ്ഥാനത്ത് ത്രികോണ മത്സരം കാഴ്ചവെയ്ക്കുന്ന ആപൂ‌ർവം മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രൻ ജയിലിൽ കിടന്നത് മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ സഹായിച്ചെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം കുടുംബങ്ങളിൽ നിന്നടക്കം സുരേന്ദ്രന് വോട്ട് കിട്ടിയിട്ടുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

മൂന്നരലക്ഷം മുതൽ നാല് ലക്ഷം വരെ വോട്ടുകൾ നേടി സുരേന്ദ്രൻ ജയിക്കുമെന്നാണ് ആർ.എസ്.എസ് കണക്ക് കൂട്ടുന്നത്. അതിൽ തന്നെ 27,​000 വോട്ടുകൾക്കാണ് ബി.ജെ.പി ജയിച്ചു കയറുക. കാഞ്ഞിരപ്പള്ളി, അടൂർ, കോന്നി തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ സുരേന്ദ്രൻ മുന്നിലെത്തിയേക്കും. ഈ മണ്ഡലങ്ങളിൽ ഹെെന്ദവ ധ്രുവീകരണം സുരേന്ദ്രന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിലനിൽക്കുന്ന പാർട്ടി എന്ന തരത്തിൽ ഇതര മതസ്ഥരുടെ വോട്ടുകളും ബി.ജെ.പിക്ക് വീണിട്ടുണ്ടാകുമെന്നും കണക്കു കൂട്ടുന്നു.

ശബരിമല വിഷയത്തിൽ ജയിലിൽ കിടന്ന പരിഗണനയും സുരേന്ദ്രന് വോട്ട് കിട്ടാൻ കാരണമായിട്ടുണ്ട്. എന്നാൽ അടൂർ,​ തിരുവല്ല മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞേക്കുമെന്നും കണക്ക് കൂട്ടുന്നു. കോൺഗ്രസ് വോട്ടുകളും എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളുടെ പിന്തുണയും ബി.ജെ.പിക്ക് ലഭിക്കുമെന്ന് വിലയിരുത്തുന്നു. എന്നാൽ രണ്ടാം സ്ഥാനത്ത് ആരെത്തുമെന്ന് പ്രവചിക്കാൻ പറ്റില്ലെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീണർ ടി.ആർ അജിത് കുമാർ പറഞ്ഞു.