നവോമി
ഒസാക്ക പിൻമാറി
സ്റ്റുട്ട്ഗർട്ട് : പരിക്കിനെ തുടർന്ന് ലോക ഒന്നാംനമ്പർ വനിതാ ടെന്നിസ് താരം നവോമി ഒസാക്ക സ്റ്റുവർട്ട് ഓപ്പൺ സെമിഫൈനലിൽ നിന്ന് പിൻമാറി. എസ്‌തോണിയൻ താരം ആനെറ്റ കോണ്ട വെയ്റ്റിനെതിരെയായിരുന്നു നവോമിയുടെ സെമിഫൈനൽ മത്സരം. മത്സരത്തിന് തൊട്ടുമുമ്പാണ് നവോമി പിൻമാറിയത്.
നെയ്മർക്ക് വിലക്ക്
ലോസന്ന : മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിനിടെ റഫറിയെ അധിക്ഷേപിച്ച പാരീസ് സെന്റ് ജെർമെയ്ൻ താരം നെയ്‌മർക്ക് യുവേഫ മൂന്ന് മത്സരവിലക്ക് വിധിച്ചു. പരിക്കുമൂലം ഗാലറിയിലിരുന്ന് കളികണ്ട നെയ്‌മർ റഫറിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുകയായിരുന്നു. ഈ സീസണിൽ പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായതിനാൽ അടുത്ത സീസണിന്റെ തുടക്കത്തിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നെയ്‌മറിന് മിസാകും.
ഐ.എസ്.എൽ താരം
ഉത്തേജക മരുന്നടിച്ചു
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഡൽഹി ഡൈനാമോസിന്റെ ഡിഫൻഡറായ റാണ ഗറാമി ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായി ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി അറിയിച്ചു. കേരള ബാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെ ശേഖരിച്ച സാമ്പിളിലാണ് ഉത്തേജകാംശം കണ്ടെത്തിയത്.