തൃശൂർ : തൃശൂർ പൂരത്തിന് ഓലപ്പടക്കം പൊട്ടിക്കുന്നതിന് കേന്ദ്ര പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചില്ല. സാങ്കേതിക വശം ചൂണ്ടിക്കാട്ടിയാണ് പെസോ അനുമതി നിഷേധിച്ചത്. പൂരത്തിന്റെ തുടക്കം മുതൽ ഒടുക്കം കൂട്ടപ്പൊരിച്ചിൽ വരെ വെടിക്കെട്ടിന്റെ പൊലിമയ്ക്ക് മാല ഓലപ്പടക്കം അനിവാര്യമാണ്. അതിനാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.
പാരമ്പര്യം കണക്കിലെടുത്ത് വെടിക്കെട്ട് കഴിഞ്ഞ വർഷത്തേത് പോലെ നടത്താൻ സുപ്രീം കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് ദേവസ്വം ഓലപ്പടക്ക മാല, ഗുണ്ട്, കുഴിമിന്നൽ, അമിട്ട് എന്നിവ പരിശോധനയ്ക്കായി പെസോയുടെ ശിവകാശിയിലെ ലബോറട്ടറിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് പെസോ വിലക്കി. 2018 ഒക്ടോബർ 28ലെ സുപ്രീം കോടതി വിധി പ്രകാരം ഓലപ്പടക്കം പൊട്ടിക്കാനാവില്ലെന്നാണ് പെസോ ചീഫ് കൺട്രോളറുടെ വിശദീകരണം.
ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ വ്യാപകമായി ഓലപ്പടക്കം പൊട്ടിക്കാറുണ്ട്. ഇതിന്റെ അവശിഷ്ടവും മറ്റും പരിസ്ഥിതിക്ക് ദോഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിച്ചതോടെയാണ് ഓലപ്പടക്കം നിരോധിച്ചത്.
എന്നാൽ പെസോ ചീഫ് കൺട്രോളറുടെ നടപടി നീതീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. വീടുകളിൽ ഓലപ്പടക്കം പൊട്ടിക്കുന്നതിനാണ് യഥാർത്ഥത്തിൽ നിരോധനമെന്നും പ്രദർശന വെടിക്കെട്ടുകളെക്കുറിച്ച് സുപ്രീംകോടതി ഉത്തരവിൽ പരാമർശമില്ലെന്നും ദേവസ്വം ചൂണ്ടിക്കാട്ടുന്നു.