kerala-police

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാർ വൃദ്ധനെ നിലത്ത് നിന്നെഴുന്നേൽപ്പിക്കാൻ ബലപ്രയോഗം നടത്തിയെന്ന പേരിൽ പ്രചരിച്ച വിഡിയോയുടെ യാഥാർത്ഥ്യം തുറന്നുപറഞ്ഞ് കേരള പൊലീസ് രംഗത്ത് പൊലീസിന്റെ ക്രൂരത കാണൂ എന്നുപറഞ്ഞാണ് പലരും ഇത് പങ്കുവെച്ചത്. എന്നാൽ ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കുന്ന വീഡിയോ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. വൃദ്ധൻ നിലത്ത് വീഴുന്നതിന് മുൻപ് എന്തൊക്കെയാണ് സംഭവിച്ചതെന്ന് വീഡിയോയിൽ കാണാം. മദ്യലഹരിയിൽ മറ്റ് യാത്രക്കാരോട് അസഭ്യം പറയുന്ന ഇയാളെ മാറ്റാനാണ് പൊലീസ് നോക്കിയതെന്ന് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആ വീഡിയോക്കു പിന്നിലെ വാസ്തവം ഇതാണ്

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കു (ഇടതുവശത്തെ ചിത്രം) പിന്നിലെ വാസ്തവം തിരിച്ചറിയുക. ആ വീഡിയോയിൽ കാണുന്ന വൃദ്ധൻ മദ്യലഹരിയിൽ പ്ലാറ്റ് ഫോമിൽ മറ്റുയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതരത്തിൽ അസഭ്യം വിളിച്ചു മോശമായി പെരുമാറിയപ്പോൾ അയാളെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതിനിടയിൽ വൃദ്ധൻ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ കടന്നുപിടിക്കുകയും, മദ്യലഹരിയിൽ മറിഞ്ഞു വീഴുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥൻ ആ വൃദ്ധനോട് ഒരുതരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതവും ദൗർഭാഗ്യകരവുമാണ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ അനുബന്ധം (വലതുവശത്തെ വീഡിയോ) ശ്രദ്ധിക്കുക.

പോലീസിനെതിരെയുള്ള ഇത്തരം വാർത്തകളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കാതിരിക്കുക.