ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ്. എറണാകുളം നോർത്തിലെ പരമാര റോഡ് അന്ന് തോടായിരുന്നു. ഇന്ന് എലൈറ്റ് ഹോട്ടൽ നിൽക്കുന്നതിന് വടക്ക് കിഴക്ക് ഒരു കുളം. അടുത്തുള്ള തറവാട്ട് വീട്ടിലേക്ക് അനിതച്ചേച്ചിയുടെ ഒക്കത്തിരുന്നൊരു കുട്ടി വന്നു. പെട്ടെന്ന് അവർ എന്തിനോ വീട്ടിലേക്കു കയറിപ്പോയി. കുട്ടി അവിടെ തനിച്ചായി. തൊട്ടടുത്ത് ഗോട്ടി കളിക്കുന്നവരുടെ ബഹളം. ഇപ്പുറം കുറച്ചുകൂടി മുതിർന്നവരുടെ ഫുട്ബാൾ. രണ്ടു തെങ്ങുകൾക്കിടയിലെ ഗോൾ ലക്ഷ്യമാക്കിക്കുതിച്ച പ്രേമിച്ചേട്ടൻ പന്ത് പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് കുളവാഴകൾ നിറഞ്ഞ കുളത്തിലേക്ക് എടുത്തുചാടി. അടിത്തട്ടിൽ ചെന്നാണ് കുട്ടിയെ വാരിയെടുത്തത്. ഓടി വീട്ടിൽക്കയറി ചേട്ടൻ കുട്ടിയെ തിണ്ണയിൽ കമഴ്ത്തിക്കിടത്തി. അപ്പോഴേക്കും എത്തിയവരൊക്കെ ചേർന്ന് മുതുകത്ത് അമർത്തി ഇടിച്ചു. ശരീരം തണുത്തു വിറങ്ങലിച്ചിരുന്നു. അഞ്ചു ദിവസം പനിച്ചു കിടന്നു കഷ്ടിച്ച് രണ്ടുവയസുള്ള ആ കുട്ടി.
''ശരിക്കും ആ കുളക്കരയിൽനിന്നു തുടങ്ങിയതാണ് ജീവിതം"" ഡോ.എം.വി. പ്രസാദ് പറഞ്ഞു തുടങ്ങി. അമ്മയുടെ അമ്മാവന്റെ മകനായിരുന്നു പ്രേമിച്ചേട്ടൻ. നല്ല ഫുട്ബോളർ. നല്ല പാട്ടുകാരൻ. പഞ്ഞിവച്ചു രൂപങ്ങളുണ്ടാക്കുന്ന നല്ല കലാകാരൻ. ബുദ്ധിമുട്ടുകൾ അറിഞ്ഞുവളർന്ന ഒരു കുട്ടിക്കാലം. വലിയ കുടുംബമായിരുന്നു. അച്ഛൻ വിജയൻ. അമ്മ വത്സമ്മ. പ്രദീപ്, പ്രശാന്ത്, പ്രവീൺ, പ്രീത, പ്രമോദ് ഇവർ സഹോദരങ്ങൾ. ഞാൻ ഏറ്റവും ഇളയകുട്ടി. വീട്ടുപണികൾ കൂടുതലും ചെയ്യുന്നത് ഞാനായിരുന്നു, അത് വെള്ളം കോരലായാലും വിറക് കീറലായാലും, ആസ്വദിച്ചു ചെയ്യുക- അതാണ് എന്റെ രീതി. അന്നും ഇന്നും.
പഠനത്തിൽ വലിയ മികവില്ലായിരുന്നു, കളിയായിരുന്നു മുഖ്യം. തളരുന്നതുവരെ കളിക്കും. വീടിനടുത്ത് നോർത്ത് റെയിൽവേ സ്റ്റേഷൻ. ഗുഡ്സ് ട്രെയിനുകളേറെയുണ്ടാകും, അതിനിടയിലാണ് കളി. അയ്യപ്പൻകാവിലെ തിലക് ലൈബ്രറിയിലെ ഒട്ടു മിക്ക പുസ്തകങ്ങളും പത്താം ക്ലാസിന് മുന്നേ വായിച്ചു തീർത്തു. ആൽബർട്ട്സായിരുന്നു സ്കൂൾ. സെക്കന്റ് ഗ്രൂപ്പിന് മെമ്മോ വന്നില്ല. എന്റേതിലും മാർക്ക് കുറവുള്ളവരിൽ പലർക്കും സെക്കന്റ് ഗ്രൂപ്പ് കിട്ടി. ബാലേട്ടനൊപ്പം ആൽബർട്ട്സിൽ പോയി. അവിടെ ചവറ്റുകുട്ടയിൽനിന്നും, ആരോ എടുത്തുകളഞ്ഞ, മെമ്മോ കാർഡ് കിട്ടി. ആലപ്പുഴ മെഡിക്കൽ കോളേജിലെ റേഡിയോതെറാപ്പി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺ ജേക്കബ്ബ് നൈനാനുമായി പ്രീഡിഗ്രി കാലത്തേയുള്ള സൗഹൃദമായിരുന്നു പ്രസാദിന്. പ്രവീണിന് ആദ്യതവണ തന്നെ എം.ബി.ബി.എസ് കിട്ടി, അവൻ കോഴിക്കോട് ചേർന്നു. ഞാൻ ആൽബർട്ട്സിൽ തന്നെ ഡിഗ്രിക്ക് ചേർന്നു. കെമിസ്ട്രി, പിന്നെ ബോട്ടണിയിലേക്ക് മാറി. എം.ബി.ബി.എസിന് ഒന്നുകൂടി ശ്രമിക്കാമെന്ന് ഏതോ വാശിയിൽ തീരുമാനിച്ചു. അച്ഛന് താല്പര്യമില്ലായിരുന്നു, അമ്മ സഹായിച്ചു. നല്ല റാങ്ക് കിട്ടി. മൂത്ത ചേട്ടൻ പ്രദീപ് ജോലി ചെയ്യുന്നത് കോഴിക്കോടായിരുന്നു, അങ്ങനെ ഞാനെന്റെ രണ്ടാം നഗരത്തിലേക്കു കടന്നു, കോഴിക്കോട്.
മെഡിക്കൽ കോളേജിൽ ചേർന്നു കഴിഞ്ഞപ്പോൾ തന്നെ ബോദ്ധ്യമായി. കാര്യങ്ങൾ വിചാരിച്ച പോലെയല്ല. മനുഷ്യശരീരം ചില്ലറ കാര്യമല്ല. ഒന്നും മനസിലാകുന്നില്ല. പുസ്തകത്തിൽ നിന്നും തല ഉയർത്താത്ത ഇനം കുട്ടികൾ. ശരിക്കും വിഷമിച്ചു. ന്യൂമോണിയ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം- മൂന്നു പേരും കൂടി മൂന്നു നാലു മാസങ്ങൾ പിടിച്ചുവാങ്ങി. ഇപ്പോഴും ഓർമ്മയുണ്ട് ഒരു അനാട്ടമി പരീക്ഷ. ഇന്റേണലിൽ 22 മാർക്കായിരുന്നു എനിക്ക്. ഇന്റേണൽ 40 നു താഴെയുള്ള ഒരുത്തനും മെഡിക്കൽ കോളേജിൽ പാസായിയിട്ടില്ലെന്നു രാമചന്ദ്രൻ സാർ പറഞ്ഞു. തോൽവി മുന്നിലെത്തുമ്പോൾ എവിടുന്നോ കിട്ടുന്ന ഒരു ധൈര്യമുണ്ട്. അസാദ്ധ്യം എന്നതിന് ദൈവത്തിന് സാദ്ധ്യം എന്ന അർത്ഥമാണ് ഞാൻ കൊടുക്കുക. പ്രവൃത്തികൊണ്ട് പ്രാർത്ഥിക്കുക. രണ്ടു മാസം അങ്ങനെ തന്നെയായിരുന്നു. രാവിലെ 9 മണിക്ക് ലൈബ്രറിയിൽ കയറിയാൽ രാത്രി ഒമ്പതുമണി വരെ അവിടെ. മിക്കവരും തോറ്റു, ഇന്നും കാതിലുണ്ട് വിനൂപിന്റെ ശബ്ദം, പ്രസാദ് ജയിച്ചെടാ...
ഈ കഷ്ടപ്പാട് അറിയുന്നതുകൊണ്ട് ഭാര്യ നിഷയോട് പറഞ്ഞിട്ടുണ്ട്. കാശു കൊടുത്ത് മക്കൾക്ക് (ഗോകുൽകൃഷ്ണ, ഹരികൃഷ്ണ) സീറ്റ് വാങ്ങിക്കൊടുക്കില്ലെന്ന്. താല്പര്യമുള്ളവർ മാത്രം വരേണ്ട ഒരു മേഖലയാണ് വൈദ്യശാസ്ത്രം. കാശുണ്ടാക്കാനാണെങ്കിൽ മറ്റേതെങ്കിലും പണി നോക്കുക.
മഞ്ഞപ്പിത്തമൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം. കോഴിക്കോട് നിന്ന് തിരുനെല്ലിയിലേക്കുള്ള ടൂർ. ചുരം ഇന്നത്തെയത്രയും സേഫല്ലായിരുന്നു. പായലിൽ കാൽവഴുതി താഴേക്കുപോയി. കാലുടക്കാൻ ദൈവം അവിടെ ഒരു പാറക്കല്ല് കരുതി. ഞാൻ പിടിച്ചുകയറി. ലക്കിടിയിലെത്തിയപ്പോൾ ഒരു തണുത്ത കാറ്റടിച്ചു. നടയടി തരുമ്പോലെ പിന്നാലെ ഒരു ചെറിയ മഴയും, കോടയും. ആകെക്കൂടി ഒരു വല്ലാത്ത ഫീൽ. ആ നിമിഷങ്ങളിൽ എപ്പോഴോ ഞാനുറപ്പിച്ചു, ജീവിക്കുന്നെങ്കിൽ അതിവിടെ. അങ്ങനെ എന്റെ മൂന്നാം പട്ടണമായി വയനാട് മാറി. പഠനം കഴിഞ്ഞു നേരേ ബത്തേരിയിലേക്ക്. മൊയ്തീൻ ഡോക്ടറുടെ വിക്ടറി ഹോസ്പിറ്റൽ. ഡോക്ടറാണ് ശരിക്കും എന്റെ ഗുരുനാഥൻ. ആളുകളോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ രോഗങ്ങൾ നിർണയിക്കണമെന്നും ഒക്കെ ഡോക്ടറിൽ നിന്നു പഠിച്ചു. പലരും എന്നെ ഡോക്ടറുടെ മകനെന്നു കരുതി; റസാഖെന്ന് വിളിച്ചവരുമുണ്ട്. ഡോക്ടർക്ക് പി.ജി ഇല്ലായിരുന്നു. പക്ഷേ പ്രായോഗികാനുഭവങ്ങളുടെ കലവറയാണ്. ഡോക്ടർക്കില്ലാത്ത പി.ജി. എനിക്കും വേണ്ടെന്നുറച്ചു. അപേക്ഷ പോലും വാങ്ങിച്ചില്ല.
മൊയ്തീൻ ഡോക്ടർ ചികിത്സക്കായി കോഴിക്കോട് പോയ സമയം. എനിക്കും മറ്റൊരു എം.ഡി. ഡോക്ടർക്കും ആശുപത്രിയുടെ ചുമതല. ശശിമല പനച്ചിക്കലെ ജോണിച്ചേട്ടന്റെയും ദേവസ്യച്ചേട്ടന്റെയും അമ്മയ്ക്ക് കടുത്തപനി, വന്നപ്പോഴേ കോമയിൽ, ബ്രയിൻഡത്ത് പോലെ. മറ്റേ ഡോക്ടർ പരിശോധിച്ചു. തിരികെ രാത്രി തന്നെ വീട്ടിൽ കൊണ്ടുപോകാൻ പറഞ്ഞു. വൈദികൻ വന്നു. അന്ത്യകൂദാശ കഴിഞ്ഞു. ഞാൻ കേസ് ഷീറ്റ് പരിശോധിച്ചു. അമ്മയുടെ ഷുഗർ 70. പ്രായമായവർക്ക് ഷുഗർ കുറയുന്നത് അപകടമാണ്. ഞാൻ ചില പൊടിക്കൈകൾ ചെയ്തു. ഡ്രിപ്പിട്ടു. ഇതിനിടെ ദേവസ്യച്ചേട്ടൻ ഒരു കാനയിൽ വീണു. ഞാൻ തന്നെ പന്ത്രണ്ട് സ്റ്റിച്ചിട്ടു. രാവിലെ ക്വാർട്ടേഴ്സിനു മുന്നിൽ ഒരു ആൾക്കൂട്ടം. കതക് തുറന്നു. ''സാറേ, അമ്മ എണീറ്റു. കാപ്പി കുടിച്ചു. ഇനി സാറു പറഞ്ഞിട്ടേ വീട്ടിലേക്ക് കൊണ്ടുപോകൂ"". അങ്ങനെ ഞാൻ നേരിട്ട ആദ്യ ഹൈപ്പോഗ്ലൈസീമിയ കേസ്. പനച്ചിക്കലെ പത്തുമക്കളുടെ അമ്മ എന്നെ പഠിപ്പിച്ചു: ഒരു പ്രായം കഴിഞ്ഞാൽ ഷുഗർ തീരെക്കുറഞ്ഞു നിന്നിട്ടു കാര്യമില്ല.
മധുരങ്ങൾ വിളിച്ചു തുടങ്ങി. ജീവിതം മാറുന്നതായി അറിഞ്ഞു. ചെറിയ പേരായിത്തുടങ്ങി. പിന്നെ പുൽപ്പള്ളിയിൽ. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ. തോമസ് ചേട്ടൻ വന്നു. കടുത്ത പ്രമേഹം. ആറു ഗുളികകൾ. ആവശ്യം ലളിതം. കഞ്ഞിയും കപ്പയും വയറുനിറയെ കഴിക്കണം. ''കഴിച്ചോ"" ഞാനും പറഞ്ഞു. പക്ഷേ ദിവസവും ശശിമല പള്ളിയിൽപോയി ഒരു കുർബാനയും കൂടണം. തോമസ് ചേട്ടൻ സമ്മതിച്ചു. പള്ളിയിൽ പോക്ക് സ്ഥിരമായി. ശശിമലപ്പള്ളിയിലേക്ക് കുറച്ചു നടക്കാനുണ്ട്. കുത്തനേയുള്ള കയറ്റം. പിന്നെ നോക്കിയപ്പോ ഷുഗർ കുറഞ്ഞു. ആറ് എന്നുള്ളിടത്ത് നിന്ന് ഗുളിക നാലായി. കുർബാന രണ്ടു തവണ ആക്കിയാലോ? ആൾ സമ്മതിച്ചു. ഷുഗർ നോക്കി. ഗുളിക രണ്ടായി. ഒരു ദിവസം തോമസ് ചേട്ടൻ വിളിച്ചു. ''സാറെ, ഞാനിന്നലെ പേടിച്ചു. ഒരു ചായ പഞ്ചസാരയിട്ടു കുടിച്ചു. ശരീരം മുഴുവൻ വിയർക്കാൻ തുടങ്ങി. അറ്റാക്കാണെന്നു കരുതി ഞാൻ പിള്ളാരെയൊക്കെ വിളിച്ചു വരുത്തി."" ഷുഗർ നോക്കിയപ്പോ തോമസ് ചേട്ടന് ഗുളിക വേണ്ടാതായി. എല്ലാ ഭക്ഷണവും കഴിക്കാമെന്നായി. മധുരം മാത്രം പോര. വ്യായാമവും കൂടി വേണം. തോമസ് ചേട്ടനിലൂടെ പഠിച്ചു.
ഞാനിതിനിടെ എൻ.ആർ.എച്ച്.എമ്മിൽ ചേർന്നു. ഗവൺമെന്റ് പി.എച്ച് സെന്ററിൽ ഒ.പി ഉണ്ടാകും. മുന്നൂറും നാനൂറും പേർ കാണും ദിവസവും. ജീവിതശൈലീ രോഗങ്ങളില്ലാത്ത, മുടി നരയ്ക്കാത്ത, മുടി കൊഴിയാത്ത, ആശങ്കകളോ, ആകുലതകളോ, കലർപ്പുകളോയില്ലാത്ത ആദിവാസികളെ ഞാൻ ആദരപൂർവ്വം നോക്കിക്കണ്ടു. പുസ്തകങ്ങൾക്കു പുറത്തുള്ള മനോഹരമായ ജീവിതപാഠങ്ങൾ അവരെന്നെ പഠിപ്പിച്ചു തുടങ്ങി. ഉച്ചവരെ രോഗികളെ നോക്കിയിട്ട്, പിന്നെ പ്രമേഹരോഗികൾക്ക് ക്ലാസെടുക്കാൻ തുടങ്ങി. ആളുകൾ കേട്ടറിഞ്ഞു വന്നു തുടങ്ങി.
കൂട്ടുകാരന്റെ അമ്മ ബത്തേരിയിൽ ഒരു ഹോസ്പിറ്റലിൽ കോമയിൽ കിടക്കുന്നെന്നറിഞ്ഞു. പോയിക്കണ്ടു. പ്രമേഹം വളരെ കൂടുതലാണ്. ഡോക്ടർ കോഴിക്കോട്ടേക്ക് റഫർ ചെയ്തിരിക്കുന്നു. ഞാനിറങ്ങി. മുന്നിൽക്കണ്ട മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു പായ്ക്കറ്റ് ഗ്ലൂക്കോസ് വാങ്ങി. ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി. അമ്മയെ കുടിപ്പിച്ചു. ഞാനറിയുകയായിരുന്നു ഇവരിലൂടെ എല്ലാം. പ്രമേഹരോഗിക്ക് മധുരം നിഷിദ്ധമല്ലെന്ന്. പഞ്ചസാര ചെന്നപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയായിരുന്നെന്ന്. ഇതൊന്നും ബുക്കുകളിലൂടെ പഠിച്ചതല്ല. ബോധാബോധങ്ങളുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച ഒരു പാട് മനുഷ്യർ ചോര കൊണ്ടു പഠിപ്പിച്ച പാഠം.
പിന്നെ പ്രമേഹരോഗികളിലേക്ക് അങ്ങു തിരിഞ്ഞു. വയനാട്ടുകാർ വന്നു തുടങ്ങി. പിന്നെ കോഴിക്കോട്ട് നിന്ന് രണ്ടുപേർ വന്നു. കണ്ണൂരുകാര് വന്നു. അഞ്ചായി പത്തായി. ഒടുവിൽ നാനൂറും അഞ്ഞൂറും പേരെ വച്ച് ദിവസം നാലും അഞ്ചും ക്ലാസെടുക്കേണ്ടിവന്നു. ജീവിതം നിനച്ചിരിക്കാതെയുള്ള വഴികളിലൂടെയൊക്കെ എന്നെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. വന്നവരുടെ കണക്കുകളൊന്നും സൂക്ഷിച്ചിട്ടില്ല. വന്നവരിൽ പ്രശസ്തരുണ്ട്. അപ്രശസ്തരുണ്ട്. ശരിയായി വ്യായാമം ചെയ്ത്, ഉചിതമായി ഭക്ഷണം കഴിച്ച്, മറ്റാരുടെയും പിന്നോട്ടു വലിക്കുന്ന സംശയങ്ങൾക്ക് ചെവി കൊടുക്കാതെ ജീവിക്കുന്ന അനേകം മനുഷ്യർ. കേരളത്തിൽ അനാർഭാടമായി നടന്നുവരുന്ന ഒരു നിശബ്ദമായ ആരോഗ്യവിപ്ലവം.
എന്റെ ചികിത്സാരീതി ഒരു തരത്തിൽ പിതൃമോക്ഷകാരി കൂടിയാണ്. പ്രമേഹം പൂർവ്വികർ പഴി കേൾക്കേണ്ടുന്ന ഒരസുഖമല്ല. മടിമാറ്റിയാൽ മരുന്നില്ലാതെ ആർക്കും മാറ്റാവുന്ന ഒരസുഖം മാത്രമാണ്. വ്യായാമം ഇല്ലാത്ത ഒരു ജീവിതം പ്രമേഹരോഗിക്കില്ല. പറഞ്ഞറിവും കേട്ടറിവും വച്ച് ഡോക്ടറുടെ രീതി പിന്തുടരുന്നവരും ആയിരക്കണക്കിന് വരും. മധുരം, വ്യായാമം ഇവയുടെ ഒരു പ്രത്യേകതാളമാണ് ഈ ചികിത്സ. നേരിൽത്തന്നെ മനസിലാക്കിയാലേ ഫലപ്രദമാകൂ. അല്ലെങ്കിൽ വിപരീതഫലം ചെയ്തേക്കാം. നന്ദി പറയാനുള്ളത് എന്റെ രോഗികളോട് തന്നെയാണ്. ആരുടെയും പിന്തുണയൊന്നുമില്ലാതെ എന്നെ മാത്രം വിശ്വസിച്ച് ചികിത്സ തേടി വന്നവർ. പഞ്ചസാര സ്പൂൺ നാവിലടുപ്പിക്കുമ്പോൾ കൈവിറയ്ക്കാതിരുന്നവർ. ഇതിൽ സംശയിക്കാനൊന്നുമില്ലെന്ന് സ്വന്തം രക്തം കാണിച്ച് സാക്ഷി പറഞ്ഞവർ. രോഗമുള്ള പരിചയക്കാരെയൊക്കെ കൂട്ടിക്കൊണ്ടു വന്നവർ. ഈ ഒരു ശാസ്ത്രത്തെ എനിക്കൊപ്പം നിന്ന് പരിചയിക്കുകയും കൂടെച്ചേർന്ന് പഠിക്കുകയും അതോടൊപ്പം രോഗം പരിഹരിക്കുകയും ചെയ്ത സാധാരണ മനുഷ്യർ. എന്റെ പ്രിയപ്പെട്ട രോഗികൾ. അവരോട് എങ്ങനെ നന്ദിപറയണം?
സുഹൃത്തിന്റെ ചികിത്സാരീതിയെക്കുറിച്ച് പ്രവീൺ ഡോക്ടർക്കും മതിപ്പാണ്. ''ഞങ്ങളൊക്കെ അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ നിയന്ത്രണങ്ങൾ മാത്രം വയ്ക്കുമ്പോൾ പ്രസാദ് രോഗികളോട് എല്ലാം കഴിക്കൂ എന്നു പറയുന്നു. അതിന്റെ ഒരു പോസിറ്റിവിറ്റി വലുതാണ്. പണ്ടുതൊട്ടേ അയാളുടെ വഴികൾ വ്യത്യസ്തമാണ്. എന്തിനും അയാൾക്ക് അയാളുടേതായ ഒരു രീതിയുണ്ട്.""
അമ്മയുമായിട്ടായിരുന്നു എന്നും കൂട്ട്. ക്രിക്കറ്റ് കളിച്ചപ്പോൾ ലഭിച്ച മാൻ ഓഫ് ദി മാച്ച് ട്രോഫികളുമായൊക്കെ വന്ന് വീരകഥകൾ പറയുമ്പോൾ അമ്മ കേൾക്കാൻ പൂച്ചയെപ്പോലെ ഇരുന്നു തരും. എന്റെ വ്യായാമം മുഴുവൻ അമ്മ ചെയ്യും. എൺപതു വയസിന് ശേഷം മുടി കറുത്തു തുടങ്ങി. എല്ലാവരോടും അമ്മ അഭിമാനപൂർവ്വം പറയും: പ്രസാദിന്റെ വ്യായാമങ്ങൾ ചെയ്ത് ഞാൻ ചെറുപ്പമായി വരുന്നു. മുടിപിടിച്ച് കാണിച്ചിട്ട് ചോദിക്കും: ''നോക്ക്, കറുപ്പ് കണ്ടോ?""
ഇതിനിടയിലെപ്പോഴോ ഒക്കെ മനുഷ്യരുടെ കഥകൾ വന്നും പോയുമിരുന്നു.
ബത്തേരിയിൽ റൂമെടുത്ത് കേണിച്ചിറയ്ക്കു പോകാനെന്നു പറഞ്ഞപ്പോൾ ഹോട്ടലിലെ പയ്യൻ ചോദിച്ചു: ഡോക്ടറെ കാണാനാണോ? ''ഡോക്ടർ""എത്ര പേരുടേതുമാകാവുന്ന ഒരു ജോലിപ്പേര്. ആ ഒറ്റവാക്ക് രണ്ട് അപരിചിതർക്കിടയിൽ ഒരു പരിചയപ്പെടലാകുമ്പോൾ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് നാവിൽ നിന്നും ഹൃദയത്തിൽ പ്രവേശിക്കാവുന്ന അത്ര പരിചിതമല്ലാത്ത ഒരു വഴി കൂടി ഉണ്ടെന്നറിഞ്ഞു.
മാളിയേക്കൽ വിജയൻ പ്രസാദ് അങ്ങനെയൊക്കെയാണ്. പ്രവൃത്തിയാണ് പ്രാർത്ഥന എന്നു വിശ്വസിക്കുന്ന, ഉറങ്ങുന്നതിനു മുൻപ് ഒരു തരി കുറ്റബോധം ഇല്ലെന്നു സ്വയം ബോധ്യപ്പെടുന്ന, കഴിഞ്ഞ മുപ്പതുവർഷമായി മുന്നിലെത്തുന്ന പ്ലേറ്റിൽ നിന്നും ഒരു വറ്റ് പോലും പാഴാക്കിക്കളഞ്ഞിട്ടില്ലെന്നു പറയുന്ന ഒരാൾ. എങ്ങനെ നിർവചിക്കും ഈ മനുഷ്യനെ? തൊണ്ടയ്ക്കു താഴെ ബിരിയാണിയും പിണ്ണാക്കും ഒരേ ഗ്ലൂക്കോസ് എന്നു പറയുന്ന അദ്വൈതി. കേണിച്ചിറ വൃന്ദാവൻ ചാരിറ്റബിൾ ട്രസ്റ്റിലെ ഡോ. പ്രസാദ്സ് ഡയബറ്റിക് കെയർ ആന്റ് റിസർച്ച് സെന്ററിൽ മുൻകൂട്ടി ബുക്ക് ചെയ്തു വരുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ, ഇപ്പോൾ വാരാന്ത്യങ്ങളിൽ കേരളത്തിലെ മറ്റിടങ്ങളിലും വിദേശത്തും പ്രമേഹ ബോധവൽക്കരണ ക്ലാസുകളും ചികിത്സയും നടത്തുന്നുണ്ട് .
ഡോക്ടറുടെ ഇമെയിൽ: drprasadfod@ gmail.com
(ലേഖകന്റെ നമ്പർ: 9846395526)