പച്ചമനുഷ്യന്റെ വിഹ്വലതകൾക്ക് കഥകളിൽ ഹൃദയം നൽകിയ ഒരെഴുത്തുകാരന്റെ കഥാജീവിതത്തിന് അമ്പതാണ്ട്. പാലക്കാട് ജില്ലയിലെ വള്ളുവനാടിന്റെ ശുദ്ധി മുഴുവൻ അക്ഷരങ്ങളിൽ ആവാഹിച്ച്, ഗ്രാമവഴികളിലൂടെ അലസം നടക്കുന്ന ആ കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയാണ്; 'വെറുമൊരു സാക്ഷി മാത്ര"മായി. യാദൃച്ഛികതകളിൽ നിന്നല്ല ഈ അദ്ധ്യാപകൻ എഴുത്തു തുടങ്ങിയത്. ഉള്ളിൽ നിന്നും കൊട്ടിത്തുടങ്ങിയ അക്ഷരകാലവുമായി തൻമയപ്പെട്ട തുടർന്ന ഈ 'ശ്രീകൃഷ്ണപ്പരുന്തി"ന്റെ പത്താമത് പുസ്തകം പ്രകാശിതമായി; 'പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ". 'ഒരു വെറും സാക്ഷി മാത്ര"മാണ് ആദ്യകൃതി. കഥകളിലെല്ലാം ഉയരെപ്പറക്കുന്ന ഒരു പരുന്തിന്റെ വീക്ഷണകൗശലം കാണാം.
ചില കഥകളിലെങ്കിലും തന്നോളം ഉയരത്തിൽ പറക്കാൻ മറ്റാരുമില്ലെന്ന്, ഈ പച്ചമനുഷ്യൻ തെളിയിക്കുന്നു. ചിലത് പറയാനുള്ളപ്പോൾ മാത്രമെഴുതുന്നതുകൊണ്ടാണ് എഴുത്താണ്ട് അമ്പതായിട്ടും പുസ്തകം പത്തേയുള്ളൂ. അഞ്ചു നോവലുകൾ. അഞ്ചു കഥാസമാഹാരങ്ങൾ.
ഇപ്പോൾ ഒരു പുതുപുസ്തകവുമായി അദ്ദേഹം രംഗത്തു വന്നിരിയ്ക്കുന്നത് ചില മരങ്ങൾ പുരപ്പുറത്തേക്ക് ചായുന്നതുകൊണ്ടാണ്. അപ്പോൾ അവയെ, മുറിയ്ക്കാൻ തരമില്ലെന്നു വരുന്നു. എന്നാൽ ഈ ചൊല്ലിന്റെ ബലത്തിൽ മരങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നത് ഒരു ശീലമാവുകയാണോ? 'കത്തിവെപ്പ്" ഒരു ജീവിതക്രമമായി മാറുന്നുണ്ടോ? പുരപ്പുറത്തേയ്ക്കു ചായും മുൻപേ നാം വാളെടുക്കുന്നില്ലേ? മൂർച്ച കൂട്ടുന്നില്ലേ? എന്താണിങ്ങനെ? ഇത്തരുണത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൃഷ്ണൻകുട്ടി മാഷിന്റെ ധർമബോധം തൂലികയെടുക്കാൻ പ്രേരിപ്പിക്കുന്നു. കഥയെഴുത്ത് അദ്ദേഹത്തിന് വിനോദമല്ല, ഗൗരവതരമായ കൃത്യമാണ്. തന്റെ സ്വന്തം, സ്വന്തം വഴികളെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.
എഴുത്തുകടലിൽ അര നൂറ്റാണ്ട് കടഞ്ഞപ്പോൾ പൊന്തിവന്നത് അമൃതോ, വിഷമോ?
തീർച്ചയായും അമൃതു തന്നെ. നമ്മൾ ചെയ്യേണ്ടതാണ് ചെയ്യുന്നത്, ചെയ്തത്. എഴുത്ത് എനിയ്ക്കൊരു വിനോദമല്ല. സമൂഹത്തോട് ചിലതു പറയാനുണ്ട്. ഏതെങ്കിലും മൂലയിലിരുന്ന് അവ വായിച്ചുമറിഞ്ഞും 'നന്നായി"– എന്നു കേൾക്കുമ്പോഴുള്ള ആനന്ദം അമൃത് തന്നെ.
പുതിയ എഴുത്തുകാരെയും എഴുത്തിനേയും എങ്ങനെ കാണുന്നു?
ഞങ്ങളുടെ തലമുറയിൽപ്പെട്ട എഴുത്തുകാരെപ്പോലെയല്ല പുതിയവർ. ആ എഴുത്തുരീതിയുമല്ല ഇപ്പോഴുള്ളത്. ഞങ്ങൾക്ക് ചില കാര്യങ്ങൾ പറയാൻ മടിയുണ്ടായിരുന്നു. ഒതുക്കിപ്പറയുമായിരുന്നു. പുതിയ എഴുത്തുകാർക്ക് ഒരു മടിയുമില്ല. അവർ എന്തും പറയാൻ ധൈര്യം കാണിക്കുന്നു. പരത്തിപ്പറയുന്നു. അതൊരു ശീലവുമായിരിക്കുന്നു. ആവശ്യവും അനാവശ്യവും കുത്തിനിറച്ച ഒരു സഞ്ചിതനിധി പോലെയാണ് ഇന്നത്തെ എഴുത്ത്. എഡിറ്റിംഗ് നടക്കുന്നില്ല. അനുഭവങ്ങൾ കൊണ്ടെഴുതിയിരുന്നതു പോയി. ഇന്ന് നിരീക്ഷണങ്ങൾക്ക് പ്രാധാന്യം വന്നിരിക്കുന്നു. പത്രാധിപൻമാരും ഈ എഴുത്തു രീതിയെ പ്രോത്സാഹിപ്പിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് എഡിറ്റർമാരുടെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ടോ?
തീർച്ചയായും ഉണ്ട്. പണ്ടത്തെ എഡിറ്റർമാർ പരത്തിപ്പറയുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സൃഷ്ടികൾ നല്ല എഡിറ്റിംഗിന് വിധേയമാക്കിയിരുന്നു. എം. ടി. വാസുദേവൻ നായർ, എൻ. വി. കൃഷ്ണവാരിയർ തുടങ്ങിയവരൊക്കെ ഉദാഹരണങ്ങളാണ്. സൃഷ്ടികളിൽ അവർ മിനുക്കുകൾ നടത്തുകയും എഴുത്തുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ധാരാളം തവണ മാറ്റിയെഴുതുന്ന ശീലം എഴുത്തുകാർക്കുമുണ്ടായിരുന്നു. ഇന്നത്തെ എഴുത്തുകാർ നാലോ അഞ്ചോ കഥകൾ ആവുമ്പോഴേക്കും പുസ്തകമാക്കുന്നു. പ്രകാശനപരിപാടി വയ്ക്കുന്നു. എഴുത്തുകാരാവുന്നു. ഇന്നത്തേതുപോലെ വിമർശനങ്ങളോട് ഇഷ്ടക്കുറവ് അന്നുണ്ടായിരുന്നില്ല. പുതിയ എഴുത്തുകാരിൽ ഭൂരിഭാഗം പേർക്കും തിരുത്തപ്പെടുന്നതിനോട് പഥ്യമില്ല.
എഴുത്തിന്റെ തുടക്കം?
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ളാസിൽ പഠിയ്ക്കുമ്പോൾ 'ഉദയസൂര്യൻ" എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക നടത്തിയിരുന്നു. അതിന്റെ എല്ലാം ഞാനായിരുന്നു. പത്താം ക്ളാസ് വരെ അതു തുടർന്നു. ഒൻപതിൽ പഠിയ്ക്കുമ്പോഴാണ് ഒരു കഥ 'നഷ്ടബോധങ്ങൾ"– പ്രസിദ്ധീകരിച്ചു വന്നത്. പിന്നീട് കോളേജിൽ പഠിയ്ക്കുമ്പോൾ ജയകേരളത്തിൽ കഥകൾ വന്നു. മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഇതിന്റെ സാരഥി ശ്രീകൃഷ്ണപുരത്തിനടുത്തുള്ള കടമ്പഴിപ്പുറത്തെ അപ്പുക്കുട്ടി ഗുപ്തനായിരുന്നു. ജയകേരളത്തിൽ ബാലപംക്തിയിൽ നിന്നാണ് തുടങ്ങിയത്. പിന്നീടവർ വാർഷികപ്പതിപ്പിലേക്ക് എന്നെ പ്രൊമോട്ട് ചെയ്തു. ആദ്യപ്രതിഫലം മലയാളരാജ്യത്തിൽ നിന്നായിരുന്നു; 'പൊയ്മുഖം" എന്ന കഥയ്ക്ക് പത്തു രൂപ മണിയോർഡറായി കിട്ടി.
പാലക്കാട്ട് അക്കാലത്ത് നടന്നിരുന്ന ജില്ലാ കവി, കാഥിക സമ്മേളനം എന്റെ എഴുത്തിന് വളമായി. അന്നത്തെ പാലക്കാട് ജില്ല, ഇന്നത്തെ മലപ്പുറം ജില്ലയുടെ ഒരു ഭാഗം കൂടി ഉൾപ്പെടുന്നതാണ്. പൊന്നാനിയും അങ്ങാടിപ്പുറവും പെരിന്തൽമണ്ണയുമൊക്കെ പാലക്കാട്ട് പെടുന്നതായിരുന്നു. ചെറുകാടിന്റെ നേതൃത്വത്തിലായിരുന്നു കവി, കാഥിക സമ്മേളനം നടന്നിരുന്നത്. എൻ. എൻ. കക്കാട്, കെ. പി. ശങ്കരൻ, തായാട്ട് ശങ്കരൻ, എം. ആർ. ചന്ദ്രശേഖരൻ ഉൾപ്പടെ പ്രമുഖ എഴുത്തുകാർ പങ്കെടുത്തിരുന്നു. രണ്ടു ദിവസങ്ങളിലായി കവിതയേയും കഥയേയും പറ്റി ചർച്ചകൾ നടന്നിരുന്നു. ഖണ്ഡന, മണ്ഡന വിമർശനങ്ങൾ നടക്കും. ഇന്നത്തേതുപോലെ എഴുത്തുകാർ വന്ന് പ്രസംഗിച്ചിട്ടു പോകുന്ന രീതിയായിരുന്നില്ല അന്ന്. അവർ തങ്ങുമായിരുന്നു. അങ്ങനെ അടുത്ത് ഇടപഴകാനും സംശയങ്ങൾ ദൂരീകരിക്കാനും ചർച്ച നടത്താനുമൊക്കെ കഴിഞ്ഞു. പൊയ്മുഖം എന്ന കഥയ്ക്ക് ജില്ലാ കവി, കാഥിക സമ്മേളനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
താങ്കളുടെ എഴുത്തിലെല്ലാം മാറി നിന്ന് നിരീക്ഷിക്കുന്ന ഒരു 'സാക്ഷി"യെ കാണാം. ഈ സാക്ഷീഭാവത്തെ ആത്മീയതയായി കാണാനാവുമോ?
ഇല്ല. ഒരു അദൃശ്യ ശക്തിയായേ കാണാനാവൂ. അദൃശ്യമായ മനസ് ഇടപെടുന്ന രീതി എന്റെ കഥകളിലുണ്ട്. ഒരു ആത്മവിചാരണയുടെ തലത്തിൽ ഇവ എത്തുന്നുണ്ട്. 'കാഴ്ചയുടെ അശാന്തികൾ"– എന്ന കഥയിൽ രണ്ടു കണ്ണുകൾ രണ്ടു കാഴ്ചകൾ കാണുന്നതിനെ ആവിഷ്ക്കരിക്കുന്നു. പരസ്പര വിരുദ്ധമായ കാഴ്ചകൾ. ഏതാണ് ശരി? ഏതാണ് തിരഞ്ഞെടുക്കേണ്ടത്? ഈ ഘട്ടത്തിലാണ് ആത്മവിചാരണ തുടങ്ങുന്നത്. പിന്നെ, ആത്മീയത ഇന്ന് ഏറ്റവുമധികം തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒന്നാണ്.
എം. കൃഷ്ണൻനായരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നല്ലൊ?
ഉണ്ട്. അതിൽ വിഷമമൊന്നുമില്ല. കൃഷ്ണൻനായർ കഥയെന്തെന്ന് അറിയുന്നയാളാണ്. എന്റെ കഥകളെപ്പറ്റി നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തിരഞ്ഞെടുത്ത പത്തു കഥകളിൽ (1994) എന്റെ 'സ്വന്തം, സ്വന്തം വഴികൾ" ഉണ്ടായിരുന്നു. സൂചനാത്മകതയിലൂടെ ബൂർഷ്വാ സംസ്കാരത്തിന് അടി കൊടുക്കുകയാണ് ഞാൻ ചെയ്തതെന്ന് കൃഷ്ണൻനായർ ആ കഥയെക്കുറിച്ച് വിലയിരുത്തിയിരുന്നു.
രൂപഭാവങ്ങൾ സ്വപ്നസമാനം ലയിച്ചുചേർന്ന കഥയാണല്ലോ 'അടീരി വൈദ്യർ." അതിന്റെ രചനയെപ്പറ്റി?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുമൂന്നു കഥകളിലൊന്ന് അടീരി വൈദ്യരാണ്. ഒരിക്കൽ കോഴിക്കോട് പരീക്ഷാ പേപ്പറിന്റെ മൂല്യനിർണയത്തിന് പോയപ്പോൾ വൈദ്യർ എന്നിലേക്ക് നടന്നുവന്നു. വന്നുവീണ കഥയാണിത്. ഒട്ടും പ്രയാസമില്ലാതെ, ആസൂത്രണമില്ലാതെ എഴുതപ്പെട്ട കഥ. അതിലെ ഭാഷയും അന്തരീക്ഷവും ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നു. രോഗശമനത്തിന് 'അടീരി വൈദ്യരെ"തേടിയലയുന്ന ഒരു യാത്രികനെ ഇതിൽ കാണാം. തെറ്റായ മാർഗനിർദേശങ്ങളിൽ പെട്ടുഴന്നിരിക്കെ ഒരാൾ ചോദിക്കുന്നു; 'അല്ല, അടീരി വൈദ്യരെന്താ ഇവിടെയിരിക്കുന്നത് "എന്ന്. ഓരോരുത്തരും തന്നെത്തന്നെയാണ് അന്വേഷിക്കുന്നതെന്നും മാർഗദർശനങ്ങൾ പലപ്പോഴും വഴി തെറ്റിയ്ക്കുന്നുവെന്നും ഈ കഥയിൽ പറയുന്നു. 'പവിഴമല്ലിയിൽ വെയിൽചായുമ്പോൾ"– എന്റെ മറ്റൊരു ഇഷ്ടകഥയാണ്. തലമുറകൾ മാറുമ്പോൾ കാഴ്ചപ്പാടിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിലെ പ്രമേയം. പുതുതലമുറ പഴയവയെ വെട്ടിമാറ്റുന്നു.
ആധുനികത താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചത് എങ്ങനെയാണ്?
എന്റെ എഴുത്തിൽ വലിയ മാറ്റം വരുത്തിയത് ആധുനികതയാണ്. ഒ. വി. വിജയൻ, മുകുന്ദൻ, കാക്കനാടൻ എന്നിവരുടെ എഴുത്തുകൾ എന്നിലും മാറ്റങ്ങൾ സൃഷ്ടിച്ചു. അന്നുവരെ എഴുതിയതിനെ പിന്തള്ളിക്കൊണ്ടായിരുന്നു പിന്നെ എന്റെ എഴുത്ത്.
(എഴുത്തുകാരന്റെ ഫോൺ: 9447329244)
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി
1947ൽ ശ്രീകൃഷ്ണപുരത്ത് ജനനം. എടത്തറ യു. പി. സ്കൂൾ, കൊടുവായൂർ ഗവ. ഹൈസ്കൂൾ, ഗവ. മോയൻ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ഇടുക്കി രാജാക്കാട് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എടത്തനാട്ടുകര ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പാളായും ജോലി ചെയ്തു. 2001ൽ ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 2002ൽ വിരമിച്ചു. 2007ൽ കഥാസമാഹാരത്തിന് എം. എസ്. രുദ്രൻ അവാർഡ്– കണ്ണാടിയിൽ കാണാത്തത് എന്ന കൃതിക്ക് ലഭിച്ചു. ഒരു വെറും സാക്ഷി മാത്രം, നിലവിളി പോലെ, കണ്ണാടിയിൽ കാണാത്തത്, പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ, ഇപ്പോൾ ചിരിയ്ക്കുന്നതാര്? ( കഥാസമാഹാരങ്ങൾ), കർണൻ (കുട്ടികളുടെ നോവൽ) ദൈവത്തിന്റെ കോമാളി, താവളം, മനസിലേക്കൊരു പാലം, കനൽക്കിനാവുകൾ (നോവലുകൾ).