മലയാള നാടക പ്രസ്ഥാനത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഉജ്ജ്വല നാടകകലാകാരന്മാർക്ക് ജന്മം കൊടുത്ത മണ്ണാണ് കേരളത്തിന്റേത്. തോപ്പിൽ ഭാസി, എൻ.എൻ.പിള്ള, കെ.ടി.മുഹമ്മദ്, ജി.ശങ്കരപിള്ള , കാവാലം നാരായണപ്പണിക്കർ തുടങ്ങിയ ഇതിഹാസ കലാകാരന്മാർ മലയാള നാടക കലയെ അതിന്റെ ഉത്തുംഗശൃംഗത്തിലെത്തിച്ചു. ആ മഹാരഥന്മാരുടെ പിന്മുറക്കാരുടെ കാര്യമെടുത്താലും അതിൽ ഓർക്കേണ്ട പേരുകൾ നിരവധിയാണ്.
നാടകാചാര്യൻ ജി.ശിവശങ്കപിള്ളയുടെ ശിഷ്യനായ പരമേശ്വരൻ കുര്യാത്തിയെ അതുകൊണ്ടുതന്നെ വിസ്മരിക്കാനാവില്ല. രംഗകലയായ നാടകത്തെ ജീവശ്വാസമായി കാണുന്ന ഈ തിരുവനന്തപുരത്തുകാരൻ ഇന്ന് സപ്തതിയുടെ നിറവിലാണ്. ഒപ്പം അഭിനയ ജീവിതത്തിന്റെ 60 വർഷം പൂർത്തീകരിക്കുക കൂടിയാണ് അദ്ദേഹം.1949 ജൂൺ 24ന് തിരുവനന്തപുരം ആറ്റുകാലിനടുത്ത് കുര്യാത്തിയിലാണ് പരമേശ്വരൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ തികഞ്ഞ നാടകകുതുകിയായിരുന്ന അദ്ദേഹം എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകം എഴുതുന്നത്.
ഓർമ്മവച്ച നാൾ മുതൽ കണ്ടു തുടങ്ങിയ കുഷ്ഠ രോഗം ബാധിച്ച അയൽവാസിയുടെ ജീവിതം ഏറെ സ്പർശിച്ചപ്പോൾ 'വിഷജീവി" എന്ന നാടകമാക്കി അതിനെ മാറ്റുകയായിരുന്നു പരമേശ്വരൻ. സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്റെ പൂർണ പിന്തുണയോടെ അരങ്ങേറിയ ആ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കൊച്ചു പരമേശ്വരൻ സ്വന്തമാക്കി. തോപ്പിൽഭാസിയുടെ 'അശ്വമേധം" ഇറങ്ങുന്നതിന് ഏറെ മുമ്പായിരുന്നു ഇത് എന്നത് ഏറെ ശ്രദ്ധേയമാണ്.തുടർന്ന് ജ്യേഷ്ഠനും ചെറുകഥാകൃത്തുമായ ബി.കെ.കുര്യാത്തിയുടെ രചനയിൽ നാട്ടിൽ നാടകമവതരിപ്പിച്ചു കൊണ്ടാണ് പരമേശ്വരൻ കുര്യാത്തി അമച്വർ നാടക രംഗത്തേക്ക് കടക്കുന്നത്. നാടകത്തോടുള്ള അടങ്ങാത്ത ആവേശം ജി.ശങ്കരപിള്ളയുടെ അടുത്തെത്തിച്ചു. ശങ്കരപിള്ളയുടെ അഭിനയക്കളരിയിൽ ഊതിക്കാച്ചി എടുത്ത പൊന്നുപോലെ ജ്വലിച്ചുയരുകയായിരുന്നു പിന്നീട് പരമേശ്വരൻ കുര്യാത്തി എന്ന കലാകാരൻ. വർഷങ്ങൾക്ക് ശേഷം പി.ജെ ആന്റണിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ടാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് വരുന്നത്.
ആദ്യകാലങ്ങളിൽ നാടകം എഴുതണമെന്ന മോഹത്താൽ മനസിൽ തികട്ടിയ ആശയങ്ങൾ കടലാസിലാക്കി അന്നത്തെ ഒരു പ്രമുഖ നാടകകൃത്തിന് നൽകിയപ്പോൾ ഒന്നു വായിച്ചു പോലും നോക്കാതെ കീറി മുഖത്തെറിഞ്ഞ തിക്താനുഭവവും തനിക്ക് നേരിടേണ്ടി വന്നതായി ഈ കലാകാരൻ ഓർക്കുന്നു. അത്തരം കയ്പ്പാർന്ന അനുഭവങ്ങൾ തന്ന കരുത്താണ് പിൽക്കാലത്ത് 80 അമച്വർ നാടകങ്ങളും 60 പ്രൊഫഷണൽ നാടകങ്ങളുമുൾപ്പടെ 140 ഓളം നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുന്നതിന് തനിക്ക് കരുത്തായതെന്ന് കുര്യാത്തി ഓർക്കുന്നു.'60 വർഷത്തെ നാടകസപര്യയിൽ പതിനയ്യായിരത്തിൽ അധികം വേദികളിൽ നാടകമവതരിപ്പിച്ചു. വ്യാസ തീയേറ്റർ എന്ന സ്വന്തം ട്രൂപ്പുണ്ടാക്കി നിരവധി യുവകലാകാരന്മാരെ നാടക മേഖലയിലേക്ക് കൈപിടിച്ചുയർത്തി. ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി ഭരതം നാട്യവേദി എന്ന മറ്റൊരു പ്രസ്ഥാനവും രൂപീകരിച്ചു"- തന്റെ കലാജീവിതത്തെ ഇപ്രകാരമാണ് ഈ അനുഗ്രഹീത കലാകാരൻ ഓർമ്മിക്കുന്നത്.കേരളസംഗീത നാടക അക്കാഡമിയുടെ 'ഗുരുപൂജ"പുരസ്കാരമടക്കം നിരവധി അവാർഡുകൾ ഇതിനോടകം പരമേശ്വരൻ കുര്യാത്തിയെ തേടി എത്തിയിട്ടുണ്ട്. നാടകത്തിന് പുറമെ മികച്ച ഡബിംഗ് കലാകാരനും കൂടിയാണ് ഇദ്ദേഹം.
സിനിമ, സീരിയലുകളിലടക്കം നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി കഴിഞ്ഞു. തിരുവനന്തപുരത്ത് കുര്യാത്തിയിലെ തറവാട്ടു വീട്ടിൽ ഭാര്യ ശ്യാമളയോടൊപ്പം മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പമാണ് താമസം.ജീവിതയാത്രയുടെ എഴുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന തങ്ങളുടെ ആചാര്യന് അർഹമായ ആദരവ് ഒരുക്കുകയാണ് ശിഷ്യന്മാർ. ഞായറാഴ്ച വൈകിട്ട് തീർത്ഥപാദ മണ്ഡപത്തിൽ 70 ദീപങ്ങൾ തെളിയിച്ച് ഗുരുപൂജ സമർപ്പണവും തുടർന്ന് മലയാള നാടക സഹൃദയ സംഘമായ മനസ് അവതരിപ്പിക്കുന്ന 'ഇതാ ഒരു പെണ്ണ്"എന്ന നാടകവും അരങ്ങേറും. പുതുതായി നാടക മേഖലയിൽ വരാൻ ആഗ്രഹിക്കുന്ന നവപ്രതിഭകളോട് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിന് പരമേശ്വരൻ കുര്യാത്തിയുടെ മറുപടി ഇങ്ങനെ-'ഒരിടവേളയ്ക്ക് ശേഷം നാടക മേഖല പഴയ പ്രതാപത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. മോശമല്ലാത്ത പ്രതിഫലവും ഇപ്പോൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം പ്രശ്നമാകുന്നില്ല. അതിലെല്ലാമുപരി നാടകം എന്ന കലയെ തികഞ്ഞ അർപ്പണമനോഭാവത്തോടെ കാണുക. വിജയം സുനിശ്ചിതമായിരിക്കും".