ചലച്ചിത്ര കലയുടെ ചരിത്രത്തിൽ ബർഗ്മാൻ ചിത്രങ്ങളോടൊപ്പം തന്നെ ആലേഖനം ചെയ്യപ്പെട്ട രണ്ട് പേരുകളാണ് - ലിവ് ഉൾമാൻ, ബീബി ആൻഡേഴ്സൺ. പെഴ്സോണ (PERSONA) എന്ന ബർഗ്മാൻ ചിത്രത്തിൽ മൗനത്തിലേക്ക് ഉൾവലിഞ്ഞ് പോയ ഒരു കഥാപാത്രമാണ് ലിവ് ഉൾമാന്റേത്. അവരെ ചികിത്സിക്കാൻ എത്തുന്ന ഒരു നഴ്സിന്റെ റോളിലാണ് ബീബി ആൻഡേഴ്സൺ. ഏകാന്തമായ ഒരു ദ്വീപിൽ ശാന്തമായ ഒരു വില്ലയിലാണ് ഇരുവരും. പല രീതിയിൽ പല ദിക്കിൽ നിന്ന് പലപല കാറ്റുകൾ വീശും പോലെ കലപില സംസാരിച്ചുകൊണ്ടിരിക്കുകയാണ് ബീബി ആൻഡേഴ്സന്റെ കഥാപാത്രം. സംസാരിക്കാതെ സംസാരിക്കുന്ന ലിവ് ഉൾമാന്റെ സമുദ്രക്ഷോഭങ്ങളുടെ പല വലിപ്പത്തിലുള്ള സമീപദൃശ്യങ്ങൾ. മയങ്ങിപ്പോയപ്പോഴുള്ള തോന്നലാണോ എന്ന് തിരിച്ചറിയാനാവാതെ, ലിവ് ഉൾമാൻ പൊടുന്നനെ സംസാരിക്കുംപോലെ കേൾക്കുന്നു. കലപില തെറാപ്പി ഫലപ്രാപ്തിയിൽ എത്തിയല്ലോ എന്ന വർണ്യത്തിലാശങ്ക തുടർന്ന് ചിതറിപ്പോകുന്നുണ്ട്.
ഏതാണ്ട് ഇരുപത് കൊല്ലങ്ങൾക്കുമുമ്പ് ബീബി ആൻഡേഴ്സൺ എന്ന മഹാനടിയെ ദില്ലിയിലെ ചലച്ചിത്രോത്സവത്തിൽ വച്ച് കണ്ടുമുട്ടുകയും ദീർഘമായി സംസാരിക്കുകയും ചെയ്തത് അവരുടെ മരണവാർത്തയോടൊപ്പം ഇപ്പോൾ ഓർത്തെടുക്കുകയാണ്.
ബർഗ്മാൻ തലയ്ക്ക് പിടിച്ച് നടന്നിരുന്ന കാലം, മഹാനടിയോട് നേരിൽ കുമ്പസാരിച്ചു, ഒരു 'ബർഗ്മാനിയാക്"ആണ്. ബർഗ്മാൻ ചിത്രങ്ങളുടെ പാചകവിധി അറിയാൻ ആർത്തിപ്പെട്ടപ്പോൾ മദാമ്മ ആദ്യം ഉടക്കി. എല്ലാവരും ബർഗ്മാനെപ്പറ്റി മാത്രമേ തന്നോട് തിരക്കുന്നുള്ളുവെന്ന് പാവാടക്കാരിയെപ്പോലെ പരിഭവിച്ചപ്പോൾ ഞാൻ പെഴ്സോണയുടെ കാര്യം എടുത്തിട്ടു. പെരുന്തച്ചന്റെ ചാട്ടുളി പ്രയോഗം അഥവാ മാസ്റ്റർസ്ട്രോക്ക് ആയ ഷോട്ടിനെപ്പറ്റി മംഗളപത്രം കേൾപ്പിച്ചതോടെ ബീബി ആൻഡേഴ്സൺ ലാൻഡിംഗ് സിഗ്നലുകൾ മിന്നിച്ചു തുടങ്ങി. ലിവ് ഉൾമാന്റേയും (രോഗിയുടെ ?) ബീബി ആൻഡേഴ്സന്റേയും (ചികിത്സയുടെ ?) മുഖങ്ങൾ പപ്പാതി ചേർത്ത് വച്ച് ഒറ്റമുഖമാക്കി മാറ്റിയ ബർഗ്മാൻ മാജിക്കിനെപ്പറ്റിയാണ് ഞാൻ ആരാഞ്ഞത്.
ഷൂട്ടിംഗ് തുടങ്ങും മുമ്പേ എല്ലാവരും ഒത്തുകൂടും. സാങ്കേതിക പദങ്ങൾ ഒഴിവാക്കി ഒരു നോവലെറ്റ് പോലെ എഴുതിവച്ച സ്ക്രിപ്റ്റ് ഉറക്കെ വായിക്കും. ആർക്കും പ്രതികരിക്കാം. നിർദേശങ്ങൾ വയ്ക്കാം. അങ്ങനെ സൃഷ്ടി സംഭവിക്കുന്നത് സമഷ്ടിയിലൂടെയാണ് എന്നൊരു പ്രതീതി സൃഷ്ടിക്കുകയും തന്റെ ഒറ്റയാൾ മനഃപ്പാതയിലൂടെ തന്നെ സഞ്ചരിക്കുകയുമാവും ബർഗ്മാൻ ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്തു.
'Bergman was never afraid of his aetors "മദാമ്മേ, കൊടു കൈ" ഫോട്ടോയും എടുത്തു. ചുറ്റിലേക്കും കണ്ണോടിച്ച് ഡോക്യുമെന്ററികൾ എടുത്തുകൊണ്ടിരിക്കുന്ന കാലം. ആത്മാവിലേക്ക് നോക്കി എഴുതിയ ഒരു തിരക്കഥയുടെ കരട് അഥവാ ത്രെഡ് പറഞ്ഞ് കേൾപ്പിച്ചു. മഹാനടിയുടെ മുഖം രൂക്ഷമായി. ബർഗ്മാനുമായി ഈ തിരക്കഥ പങ്ക് വയ്ക്കാൻ സാധിക്കുമോ എന്ന് സന്ദേഹിച്ചപ്പോഴായിരുന്നു അറ്റപ്രയോഗം. 'Look here. if you are a real artist, go ahead and do it man."
കൊൽക്കത്തയിൽ തിരിച്ചെത്തിയ ശേഷം തിരക്കഥ മുന്നോട്ട് കൊണ്ട് പോകേണ്ടതിന്റെ ആലോചനകളോടെ ഫോട്ടോയിലേക്ക് നോക്കികൊണ്ടിരിക്കുമ്പോൾ, വീട്ടിലെ കഥാപാത്രം വെളിച്ചപ്പാടായി. മനുഷ്യാ എന്തിനാണ് മദാമ്മയെ മണത്തും മുട്ടിയും ഫോട്ടോയിൽ നിൽക്കുന്നത്? ചിലപ്പോൾ അങ്ങനെയൊരു ഗുണമുണ്ട്, തിരക്കഥയ്ക്ക് ശില്പഘടന ഒരുക്കുക മാത്രമേ വേണ്ടൂ. കഥാപാത്രങ്ങൾ തന്നെ ഡയലോഗുകൾ സംഭാവന ചെയ്തുകൊള്ളും.
അന്ന് ഡൽഹിയിൽ വൺലൈൻ തൊടുത്ത് വച്ച ആ കഥാതന്തു OBHIM-
ANI JOL ( walking over water ) എന്ന പേരോടെ ഹുഗ്ലീ നദിയിലും നദിക്കരയിലുമായി ഇരുപത് കൊല്ലങ്ങൾക്കിപ്പുറം ഷൂട്ട് ചെയ്യുമ്പോൾ, കാമറാമാൻ മനേഷ് മാധവനേയും നടി അനുമോളേയും Persona യുടെ ഒരു ഫ്രെയിം കാണിക്കാൻ മെനക്കെട്ടു. എന്നാൽ ടവറുകൾ ദുർബലപ്പെടുകയും മൊബൈൽ സ്ക്രീനുകൾ ഒരിക്കലും പൂർണമാവാത്ത വട്ടം വരച്ച് കൊണ്ടേയിരിക്കുകയും ചെയ്തു.
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലും ഏതാണ്ടിത് പോലെ തന്നെ ആയിരുന്നു. സ്ക്രീനിൽ വട്ടം വരച്ച് സ്വപ്നത്തിലേക്കോ സ്വപ്നാടനത്തിലേക്കോ ഒരൊറ്റച്ചാട്ടമാണ്. ബീബി ആൻഡേഴ്സണോടൊപ്പമുള്ള ഒന്നാന്തരം കളർച്ചിത്രം കശപിശാന്ന് കീറി വാടകവീട്ടിന് മുന്നിലുള്ള തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് വീട്ടുകാരിയോട് ദേഷ്യം തീർത്തു. തടാകത്തിലെ കട്ല മത്സ്യങ്ങൾ ചർർർ ശബ്ദത്തോടെ അതൊക്കെ അകത്താക്കി. യോന പ്രവാചകൻ മൂന്ന് ദിവസം മത്സ്യത്തിനുള്ളിൽ കിടന്നുവെന്ന് ഭാര്യയോട് കഥ പറഞ്ഞിടത്താണ് ഫിക്ഷൻ പിറന്നത് എന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. ദഹനനീരുകളുടെ അമ്ളം മൂന്നുദിവസം എങ്ങനെയാണ് അയാൾ അതിജീവിച്ചത് എന്ന സംശയത്തിന് ഇന്നും എനിക്കുത്തരമില്ല.
വട്ടം തിരിച്ച് തിരിച്ച് 'Persona" യിലേക്ക് കറക്കിക്കുത്തട്ടെ. കൂട്ടുകാരിയായിരുന്ന ലിവ് ഉൾമാനെ ബർഗ്മാന് പരിചയപ്പെടുത്തിക്കൊടുത്തത് ബീബി ആൻഡേഴ്സൺ ആയിരുന്നു. Personaയുടെ ഷൂട്ടിംഗ് സമയത്ത് ലിവ് ഉൾമാന് നിർദ്ദേശങ്ങൾ കൊടുത്തിരുന്ന ബർഗ്മാൻ ആവശ്യമില്ലാതെ അവരെ തൊട്ടും തലോടിയുമാണ് പെരുമാറിയിരുന്നത് എന്ന് പരിഭവപ്പെട്ടപ്പോൾ ഭൂതവും വർത്തമാനവും ആ കണ്ണുകളിൽ ഇണചേർന്നു. Personaയുടെ ഷൂട്ടിംഗ് സെറ്റിൽ സ്വീഡനിലാണെന്നും ബർഗ്മാനും ലിവ് ഉൾമാനും എന്റെ തൊട്ടുപിന്നിൽ നിൽക്കുവെന്നുമുള്ള പ്രതീതിയുടെ ഫണമുയർന്നു. പ്രതീതിയെ വിശ്വസനീയമാക്കുന്നിടത്ത് ഒരു മഹാകാഥികനും ഒരു മഹാനടിയും ഉണ്ട്. ആ നിമിഷം, ബർഗ്മാൻ എന്ന മാസ്റ്റർ ഫിലിം മേക്കറെ തൊടാൻ കഴിഞ്ഞു എന്ന് തോന്നി. അങ്ങനെ തൊടുമ്പോൾ ദഹനനീരുകളുടെ കുമിളകൾ പൊട്ടിപ്പോകുമെങ്കിലും മഹത്തായ ചലച്ചിത്രബാക്കിപത്രങ്ങൾ നീക്കിയിരിപ്പായുണ്ടല്ലോ.
(കൊൽക്കത്തയിൽ താമസിക്കുന്ന എഴുത്തുകാരനും ചലച്ചിത്രകാരനുമാണ് ലേഖകൻ)