ഹരികൃഷ്ണൻ ഒരു ഐ.ടി വിദഗ്ദ്ധനാണ്. സംഗീതപ്രിയനാണ്. സംഗീതത്തിൽ മുത്തുസ്വാമി ദീക്ഷിതരോടാണ് കൂടുതൽ പ്രിയം. ദീക്ഷിതരുടെ ജന്മഗ്രാമമായ തഞ്ചാവൂരിലെ തിരുവാരൂരിൽ ഇടയ്ക്കിടെ പോകും. ദേവിയെ സ്തുതിച്ചുകൊണ്ടുള്ള തന്റെ ഏറ്റവും പുതിയ കൃതിയായ 'മീനാക്ഷി മേമുദം" പാടിക്കൊണ്ടിരിക്കുമ്പോഴാണല്ലോ ദീക്ഷിതരുടെ അന്ത്യവും. ഏകാന്തതകളിൽ ഹരികൃഷ്ണൻ ആ കൃതി ആലപിക്കും.
ഊട്ടിയിൽ ഉല്ലാസയാത്രയ്ക്കെത്തിയ ഹരികൃഷ്ണനെ യാദൃച്ഛികമായി പരിചയപ്പെട്ടതാണ്. പാലക്കാട് ചിറ്റൂർ സ്വദേശി. സദാപ്രസന്നവദനൻ. ഭാര്യയും അഞ്ചു വയസുകാരനായ മകനും അച്ഛനമ്മമാരും ഒപ്പമുണ്ട്. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ അച്ഛനമ്മമാർ അധികം സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല. ഒരു പാഴ്സൽ കമ്പനിയിലായിരുന്നു ഹരികൃഷ്ണന്റെ അച്ഛന് ജോലി. സ്വന്തമായി വീടില്ല. നിരവധി വാടകവീടുകളിൽ താമസിച്ചു. ഒരു വീടിനെ അടുത്തു സ്നേഹിച്ചുവരുമ്പോൾ അവിടെ നിന്ന് മാറേണ്ടിവരും. അതു ഹരികൃഷ്ണന്റെ മനസിൽ കൊച്ചുകൊച്ചു മുറിവുകൾ സൃഷ്ടിക്കുമായിരുന്നു. 22-ാം വയസിൽ ജോലിയിൽ കയറുമ്പോൾ രണ്ടു മോഹങ്ങളുണ്ടായിരുന്നു. സ്വന്തമായൊരു വീട്. ആ വീട്ടിൽ അച്ഛനമമ്മമാർക്കൊപ്പം സന്തോഷത്തോടെ കുറേക്കാലം കഴിയണം. മനസിൽ നല്ല ഓർമ്മകളുടെ ഒരു സ്ഥിരനിക്ഷേപമുണ്ടാകണം. അവധിക്കാലത്ത് അച്ഛനമ്മമാരുമായി കുടുംബസമേതം ഉല്ലാസയാത്രകൾ പോകണം.
ഹരികൃഷ്ണന്റെ അച്ഛൻ മകന് നല്ല സ്ത്രീധനം കിട്ടുന്ന പല ആലോചനകളും കൊണ്ടുവന്നതാണ്. തന്റെ ജീവിതം അരിഷ്ടതകളിലും കഷ്ടപ്പാടുകളിലുമായിരുന്നു. മകനെങ്കിലും നല്ല അടിത്തറയുള്ള ഒരു കുടുംബജീവിതം ഉണ്ടാകട്ടെ... അത്രയേ ആ പിതാവ് ചിന്തിച്ചുള്ളു. പക്ഷേ ഹരികൃഷ്ണൻ ജീവിതപങ്കാളിയാക്കിയത് ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയേയും.
ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നിൽക്കുമ്പോൾ ഹരികൃഷ്ണന്റെ അച്ഛൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് കണ്ടു. ഇങ്ങനെയൊരു മകനെ തന്നതിന്. പൂക്കൾ കാണാതെ ഓർമ്മകൾ നോക്കി നിന്ന അദ്ദേഹം മനസ് തുറന്നു. മകന് ഓരോ വർഷവും ഇങ്ങനെ അച്ഛനമ്മമാരെ ഉല്ലാസയാത്രകൊണ്ടു പോകേണ്ട കാര്യമില്ല. കാരണം കടങ്ങൾക്കും ജീവിതചെലവുകൾക്കുമിടയിൽ മകനെ ഒരിടത്തും കൊണ്ടുപോകാനായില്ല. നല്ല വസ്ത്രമോ ഭക്ഷണമോ പോലും വാങ്ങിക്കൊടുത്തിട്ടില്ല. പഠിച്ച് നല്ല നിലയിലെത്തുമ്പോൾ സ്വന്തം കാര്യം നോക്കണം. ഞങ്ങളെങ്ങനെയെങ്കിലും ജീവിച്ചോളാം എന്നായിരുന്നു ഉപദേശം. ഓരോ നല്ല സ്ഥലത്തും യാത്രപോകുമ്പോൾ ഹരികൃഷ്ണൻ അതോർമ്മിപ്പിക്കും. അച്ഛൻ ഒരിക്കലും അങ്ങനെ പറഞ്ഞ് വളർത്താൻ പാടില്ലായിരുന്നു. ഏതു ജനറേഷനായാലും അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ കൂടി സിലബസിന് പുറത്ത് മക്കൾ പഠിച്ചിരിക്കണം. നല്ല നിലയിലെത്തുമ്പോഴും ഞങ്ങളെ കൈവിടാതെ എന്നല്ലേ ഉരുവിടേണ്ടത്. എങ്കിലല്ലേ മക്കൾക്ക് സ്നേഹവും കടപ്പാടും ഉണ്ടാകുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കണം എന്നു മക്കളെ പഠിപ്പിക്കുന്നത് ഈശ്വരനിന്ദയാണ്. കാര്യം നേടിക്കഴിയുമ്പോൾ ദൈവത്തെ മറക്കും പോലല്ലേ അതും. ഹരികൃഷ്ണന്റെ ചോദ്യം അച്ഛനെ ഉത്തരം മുട്ടിക്കും.
ഹരികൃഷ്ണനും അച്ഛനമ്മമാരും ഭാര്യയും മകനും ഒരു വലിയ പൂങ്കുലകൾക്ക് മുന്നിൽ ഫോട്ടോയെടുക്കാൻ നിരന്നു നിന്നു. ഓൺചെയ്ത കാമറ നീട്ടിയിട്ട് ഒരു ഫോട്ടോയെടുത്ത് കൊടുക്കാനഭ്യർത്ഥിച്ചു. കാമറയുടെ ലെൻസിലൂടെ നോക്കുമ്പോൾ സ്നേഹത്തിന്റെ ഒരു ചില്ലപോലെ തോന്നി അവരുടെ മുഖഭാവങ്ങൾ.
(ഫോൺ: 9946108220)