പേര് പറഞ്ഞാൽ അധികം പേർക്കും അറിയണമെന്നില്ല. ലഭിക്കുന്നതെല്ലാം ബി.പി.എൽ കഥാപാത്രങ്ങളും. കൈലിമുണ്ടും വെള്ള ബനിയനും സ്ഥിരം കോസ്റ്റ്യും. ആമേൻ ഇറങ്ങിയപ്പോൾ ആദ്യ പേര് വീണു, വിഷക്കോൽ പാപ്പി. ഇപ്പോൾ സലോമിയുടെ അപ്പൻ. പ്രകാശൻ കൈവിട്ടപ്പോൾ മുച്ചക്രവുമായി താഴേക്ക് വീഴുന്നതു കണ്ട് പ്രേക്ഷകർ അന്ന് ആഹ്ളാദിച്ചു. 25 വർഷമായി സിനിമയുടെ മുറ്റുത്തുണ്ടെങ്കിലും ഇപ്പോഴാണ് പ്രേക്ഷക മനസിൽ കയറിയിരിക്കുന്ന കഥാപാത്രങ്ങൾ കിട്ടിതുടങ്ങിയതെന്ന് മാത്രം. ഇനി ജയശങ്കർ സംസാരിക്കും.
''ഒരുപാട് നാളുകൾക്കു ശേഷമാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കുന്നത്. സത്യൻ അന്തിക്കാട് സർ ഞാൻ പ്രകാശനിലേക്ക് വിളിച്ചതു തന്നെ മഹാഭാഗ്യം. പ്രേക്ഷകർ ആ വേഷം സ്വീകരിച്ചതിലും സന്തോഷമുണ്ട്.""
ജനിച്ചത് തിരുവനന്തപുരത്ത്. അച്ഛൻ ഏജീസ് ഓഫീസിൽ ഓഡിറ്റ് ഓഫീസറായിരുന്നു. അമ്മയുടെ നാട് ചങ്ങനാശേരി. ഒൻപതു വയസ് മുതൽ വളർന്നത് ചങ്ങനാശേരിയിലെ മാടപ്പള്ളിയിൽ. കലാരംഗത്തേക്ക് വരാൻ ജയശങ്കറിന് മുന്നിൽ നാടകം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം അവിടെനിന്ന് സിനിമയിലേക്ക്. ''കല്പന ആർട്സ് ക്ലബും അവിടുത്തെ ലൈബ്രറിയും കലാപരമായ വളർച്ചയിൽ ഒരുപാട് സഹായിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നാടകങ്ങളിൽ അഭിനയിച്ചു. ഡിഗ്രി പഠനം ചങ്ങനാശേരി എൻ.എസ് .എസ് കോളേജിൽ. നാടകപ്രവർത്തനത്തിൽ കൂടുതൽ സജീവമായി. ആമേനിൽ അഭിനയിക്കുന്നതു വരെ നാടകത്തിൽ അഭിനയിച്ചു.
തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനൻ നാട്ടുകാരനാണ്. നാടക പ്രവർത്തനവുമായി നടക്കുന്ന കാലം മുതൽ അറിയാം. ബാബുവാണ് സംവിധായകൻ കെ.കെ. ഹരിദാസിന് പരിചയപ്പെടുത്തുന്നത്. വധു ഡോക്ടറാണ് ഹരിദാസിന്റെയും എന്റെയും ആദ്യ സിനിമയാണ്. ആ സിനിമയിൽ രണ്ടു സീനിൽ വരുന്ന വേഷം. പിന്നീട് ത്രീമെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, മലയാള മാസം ചിങ്ങം ഒന്ന്, നന്ദഗോപാലന്റെ കുസൃതികൾ, പടനായകൻ, അനുഭൂതി തുടങ്ങിയ സിനിമകൾ. എല്ലാത്തിലും ചെറിയ വേഷങ്ങൾ. വലിയ വേഷങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ലഭിച്ചില്ല. അവസരങ്ങൾ തേടി ഒരുപാട് അലഞ്ഞു. അഭിനയിക്കാൻ വല്ലാത്ത ദാഹമാണ്.
പിന്നീട് വിവാഹം കഴിച്ചു. പഴയതുപോലെ ഉത്തരവാദിത്തമില്ലാതെ ഓടി നടക്കാൻ ജയശങ്കറിന് കഴിയാത്ത അവസ്ഥ. പിന്നീട് പല ബിസിനസുകൾ. തടി കച്ചവടം, റിയൽ എസ്റ്റേറ്റ്, മൊബൈൽ ഷോപ്പ്. ജയശങ്കറിന്റെ ഭാഗ്യക്കേടോ നിയോഗമോ ആയിരിക്കും ഒന്നും വിജയിച്ചില്ല. ജീവിതം മാടപ്പള്ളി കവലയിൽ ചോദ്യചിഹ്നമായി തുറിച്ചു നോക്കി. അപ്പോൾ മുന്നിൽ ബാബു ജനാർദ്ദനൻ. ബാബുവിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്ടി" ൽ ഹോട്ടൽ ബോയിയുടെ വേഷം. പിന്നീട് പളുങ്കിൽ ചെറിയ വേഷം. മധുപാലിന്റെ തലപ്പാവിലാണ് ശ്രദ്ധേയമായ വേഷം ലഭിച്ചത്. ചിത്രീകരണത്തിനിടെ വീണു കാലിന് പരിക്കേറ്റ് ഒരു മാസം ആശുപത്രിയിൽ. വീണ്ടും മുൻപിൽ ബാബു ജനാർദ്ദനൻ.
ബാബുവിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിറ്റി ഒഫ് ഗോഡിൽ രോഹിണിയുടെ ഭർത്താവായ തമിഴൻ കഥാപാത്രം. എന്റെ അഭിനയ ശൈലി ലിജോയ്ക്ക് ഇഷ്ടപ്പെട്ടു.
ജയശങ്കറിനെ നായകനാക്കി അടുത്ത സിനിമ ചെയ്യുമെന്ന് ലിജോ സെറ്റിൽ പറയുകയും ചെയ്തു. പക്ഷേ അത് നടന്നില്ല. സിറ്റി ഒഫ് ഗോഡും വിജയം നേടിയില്ല.
''അവസരങ്ങൾ വരുമെന്ന് വീണ്ടും പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. വീണ്ടും ചില ചെറുകിട ജോലികളികളിലേക്ക്. മൾട്ടി ലെവൽ മാർക്കറ്റിംഗ്. ജീവിക്കാൻ എന്ത് ജോലി ചെയ്യുന്നതിനും മടിയില്ലായിരുന്നു. സിറ്റി ഒഫ് ഗോഡ് കഴിഞ്ഞു ഒരു വർഷത്തിനു ശേഷമാണ് ആമേൻ. ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും കൈയടിച്ചു. ആമേനു ശേഷമാണ് നടൻ എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നത്. അതുവരെ ചെയ്തത് എല്ലാം അടി കൊള്ളുന്ന വേഷങ്ങൾ. തല്ലു കൊള്ളുന്നത് കണ്ടല്ലോയെന്ന് എന്നെ കാണുമ്പോൾ നാട്ടുകാർ ചോദിക്കും. നേരിട്ട് എന്നെ തല്ലാൻ കഴിയാത്തതിന്റെ സന്തോഷത്തിലാണ് ചോദ്യം. 1983 എന്ന ചിത്രത്തിൽ നല്ലൊരു വേഷം ലഭിച്ചു.
ആമേനിൽ അഭിനയിച്ച ശേഷം ചെമ്പൻ വിനോദിനെയും സുധികോപ്പയെയും തേടി മികച്ച അവസരങ്ങളെത്തി. ചെമ്പൻ നായക നിരയിലേക്ക് ഉയർന്നു. ജയശങ്കറിന് വീണ്ടും ഭാഗ്യക്കേട്. സംവിധായകരോടും നിർമ്മാതാക്കളോടും ചാൻസ് ചോദിക്കാനും മടി. ചാൻസ് ചോദിക്കുന്നത് നാണക്കേടായി കരുതി. ടമാർ പടാറിന്റെ ലൊക്കേഷനിൽ ദിലീഷ് പോത്തനെ പരിചയപ്പെട്ടു. ആ സൗഹൃദം മഹേഷിന്റെ പ്രതികാരത്തിൽ മികച്ച വേഷം ലഭിക്കാൻ സഹായിച്ചു. ആമേനുശേഷം ജയശങ്കറിനെ പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞത് മഹേഷിന്റെ പ്രതികാരത്തിലാണ്. അതിനു ശേഷവും മികച്ച വേഷമില്ല. അടുത്ത സിനിമയിൽ ഉറപ്പായും വേഷം ഉണ്ടാവുമെന്ന് സംവിധായകർ ജയശങ്കറിനെ കാണുമ്പോൾ പറയും. സിനിമ തുടങ്ങുമ്പോൾ ഉണ്ടാവില്ല. സിനിമാ അഭിനയം തുടങ്ങിയിട്ട് 25 വർഷം പൂർത്തിയാവുന്നു. ''ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പലരും ഉഴപ്പാറുണ്ട്. അതുകൊണ്ടാണ് പലപ്പോഴും സിനിമ നിറുത്തി മറ്റ് ജോലികൾക്ക് പോകാൻ നിർബന്ധിതനാകുന്നത്. ചിലപ്പോൾ എന്റെ അഭിനയ ശൈലി എല്ലാ സംവിധായകർക്കും ഇഷ്ടപ്പെടണമെന്നില്ല. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദിയിൽ ചെയ്യുന്ന സിനിമയിലെ വേഷം അവസാന നിമിഷമാണ് നഷ്ടപ്പെട്ടത്.
സത്യേട്ടൻ പറഞ്ഞിട്ടാണ് പ്രൊഡക് ഷൻ കൺട്രോളർ വിളിക്കുന്നത്. പ്രകാശന്റെ കഥ മുഴുവൻ സത്യേട്ടൻ പറഞ്ഞു തന്നു. അഭിനയിച്ച ഒരു സിനിമയുടെയും മുഴുവൻ കഥ ആരും എന്നോട് പറഞ്ഞിട്ടില്ല. സത്യേട്ടന്റെ സിനിമയിൽ വേഷം ലഭിച്ചത് ബഹുമതിയായി കാണുന്നു. ആദ്യമായാണ് ഒരു സംവിധായകൻ ഇത്രയും സ്നേഹവും അടുപ്പവും കാണിക്കുന്നത്. ഒരു കുടുംബം പോലെയായിരുന്നു ലൊക്കേഷൻ. ഫഹദ് ഫാസിലിനൊപ്പം മൂന്ന് സിനിമകളിലാണ് അഭിനയിച്ചത്. ആമേൻ, മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശൻ. മൂന്നും സൂപ്പർ ഹിറ്റുകൾ. അതിന്റെ ആഹ്ളാദം മനസ് നിറയ്ക്കുന്നു. ഫഹദിനെ പോലെ ഇത്രയും കംഫർട്ടായ നടനെ ജയശങ്കർ കണ്ടിട്ടില്ല. ഫഹദിന്റെ അഭിനയത്തിന് ജയശങ്കർ നൽകുന്ന കോംപ്ലിമെന്റ് : ഗംഭീരം.
ഭാര്യ സ്മിത വീട്ടമ്മയാണ്. മകൻ ജഗൻ ജയശങ്കർ ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജിൽ ബി.കോം രണ്ടാം വർഷം പഠിക്കുന്നു.