ഹൈദരാബാദ്: അയൽ വീട്ടിലെ കുളിമുറിയിൽ കുടുങ്ങിയ ഏഴുവയസുകാരി വെള്ളം മാത്രം കുടിച്ച് അഞ്ച് ദിവസം ജീവൻനിലനിറുത്തി. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മഖ്താലിലാണു സംഭവം. രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ കുറവാകച്ചേരി അഖിലയാണ് ഈ മാസം 20-ന് വീടിനടുത്തുള്ള കെട്ടിടത്തിനുമുകളിൽ കളിക്കുമ്പോഴാണ് കുളിമുറിയിൽ വീണത്. കെട്ടിടത്തിനു മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെയാണ് വീണത്. രക്ഷയ്‌ക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.
ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ കുളിമുറി പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. കുട്ടിയെ കാണാത്തിനാൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രത്യേക സംഘമുണ്ടാക്കി അയൽ ജില്ലകളിലുൾപ്പെടെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല. ഹൈദരാബാദിലായിരുന്ന അയൽവാസി തിരിച്ചെത്തി കുളിമുറി തുറന്നപ്പോഴാണ് കുട്ടിയെ കണ്ടത്. അദ്ദേഹം അയൽവാസികളെ അറിയിക്കുകയും കുട്ടി അഖിലയാണെന്നു തിരിച്ചറിയുകയും ചെയ്‌തു. കുളിമുറിയിലെ വെള്ളംമാത്രം കുടിച്ചാണ് കുട്ടി ജീവൻ നിലനിറുത്തിയത്. കുട്ടി ഇപ്പോൾ ആശുപത്രിയിലാണ്.