mohanlal

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. 40 വർഷമായി അഭിനയം എന്ന മാസ്‌മരിക കലയിലൂടെ വിസ്‌മയം തീർത്തുകൊണ്ടേയിരിക്കുകയാണ് ലാൽ. അതിനിടയിലിതാ ബറോസ് എന്ന മാന്ത്രിക സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഈ സൂപ്പർതാരം. ഒരുപക്ഷേ ലോകസിനിമയിൽ തന്നെ ആദ്യമാണ് താൻ കൂടി ഉൾപ്പെടുന്ന ഒരു സിനിമാ ഇൻഡസ്‌‌ട്രിയുടെ നെടുംതൂണുകളിലൊരാളായ, ആ മേഖലയിലെ ഏറ്റവും വിലപിടിപ്പുള്ള താരം സംവിധായക മേലങ്കി അണിയുന്നത്. ജീവിതത്തിൽ ചിലമാറ്റങ്ങൾ സ്വയം വരുത്താൻ തീരുമാനിച്ചതിന്റെ മുന്നോടിയാണ് ബറോസ് എന്നും മോഹൻലാൽ പറയുന്നു. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

മോഹൻലാലിന്റെ വാക്കുകൾ-

'കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ടാണ് ഇന്ന് എന്തെങ്കിലുമൊക്കെ ആയത്. എന്നാൽ ഈ ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.

സിനിമ സംവിധാനം ചെയ്യുക എന്നത് എനിക്ക് ആശ്‌ചര്യകരമായ ഒരു ആനന്ദമാണ്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാൻ പ്രതിഭാശാലികളായ ഒരുപാടുപേർ ഒപ്പമുണ്ട്.

പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീർണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തിൽ കൃത്യമായി കഥ മെനയണം. പരമാവധി ഒന്നേമുക്കാൽ മണിക്കൂർ മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീ ഡി സനിമകൾ കണ്ടിരിക്കാൻ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരിക്കണം.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാർ വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അമേരിക്കയിൽ പോയപ്പോൾ ഇതുമായി ബന്ധപ്പെട്ട് പലരെയും നേരിൽക്കണ്ടിരുന്നു. ചിത്രീകരണം ഗോവയിലായിരിക്കും. സ്ഥലങ്ങളെല്ലാം മാർക്ക് ചെയ്‌തുകഴിഞ്ഞു. കാര്യങ്ങൾ മെല്ലെ മെല്ലെ മുന്നോട്ട് പോവുന്നു'.