തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സിഡ‌്കോ മുൻ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട‌് ചെയ്യാൻ വിജിലൻസിന‌് അനുമതി. യു.ഡി.എഫ‌് സർക്കാരിന്റെ കാലത്താണ‌് മണൽവിൽപ്പന, അനധികൃത നിയമനം ഉൾപ്പെടെ പത്തോളം കേസിൽ ഇയാൾ പ്രതിയായത‌്. സിഡ‌്കോ എം.ഡിയായിരിക്കെ മേനംകുളത്തെ വ്യവസായവകുപ്പിന്റെ ഭൂമിയിൽനിന്ന‌് കോടികളുടെ മണൽ അനധികൃതമായി വിറ്റ കേസിലാണ‌് ഇപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകിയത‌്. നിലവിൽ സസ‌്പെൻഷനിലാണ‌് സജി ബഷീർ. സജി ബഷീർ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ.
ടെലികോം സിറ്റി പ്രോജക്ടിനുള്ള ഭൂവികസനത്തിന‌് സിഡ‌്കോയുടെ ഭൂമിയിൽനിന്ന‌് മണൽ നീക്കം ചെയ്യുന്നതിന‌് കരാർ നൽകിയിരുന്നു. ഇതിന്റെ മറവിലാണ‌് കച്ചവടം നടന്നത‌്. മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്ക്കോ, അനുമതി ലഭിച്ചതിനെക്കാൾ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടാണ് നടന്നത്. ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്ക്കോ എം.ഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇതേ കുറിച്ച‌് പരാതിയിൽ വിശദ അന്വേഷണം നടത്തിയാണ‌് വിജിലൻസ‌് കേസ‌് രജിസ്റ്റർ ചെയ‌്തത‌്. ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ.