കോട്ടയം : കേരളം കഴിഞ്ഞ ദിവസം കാത്തിരുന്നത് ഒരു പൊളിച്ചടുക്കൽ കാണുവാനായിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയത്തെ നാഗമ്പടം റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള പ്രവർത്തി ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്.ആദ്യമായിട്ടാണ് കേരളത്തിൽ ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ ഒരു പൊളിക്കൽ നടക്കുന്നതെന്നതിനാൽ മാദ്ധ്യമങ്ങളുടെ അടക്കം ശ്രദ്ധ നാഗമ്പടത്തേയ്ക്ക് തിരിഞ്ഞിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് പാലം പൊളിക്കാനുള്ള കരാർ തമിഴ്നാട്ടിലെ ഒരു സ്വകാര്യ കമ്പനി നേടിയെടുത്തത്, അതും ചെന്നൈ നഗരത്തിൽ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിലം പതിപ്പിച്ച കമ്പനിയാണിത്. കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ചടുക്കിയവർ പഴയൊരു പാലത്തെ നിസാരമായി പൊളിച്ചുമാറ്റാമെന്ന പ്രതീക്ഷയാണ് കോട്ടയത്ത് പൊലിഞ്ഞത്.
സ്‌ഫോടനം നടത്തിയത് രണ്ട് തവണ
നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം രണ്ട് തവണ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ മാർഗത്തിലൂടെ ഇനിയും പാലം തകർക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു. പഴയ രീതിയിൽ കട്ടറും, ജെ.സി.ബിയും ഉപയോഗിച്ച് പാലം തകർക്കാനാണ് തീരുമാനം. എന്നാൽ, സ്‌ഫോടനത്തിൽ ബലക്ഷയം വന്ന പാലത്തിനടിയിലൂടെയുള്ള ട്രെയിൻ ഗതാഗതം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണ് മേൽപ്പാലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചത്. റെയിൽവേ കരാർ നൽകിയ തമിഴ്നാട്ടിലെ കമ്പനിയായ ബിൽഡിംഗ് ഡീമോളിഷൻ ആണ് പാലം പൊളിക്കൽ ഏറ്റെടുത്തിരുന്നത്. രണ്ടു മാസം മുൻപ് ഇതിനുള്ള ജോലികൾ ആരംഭിച്ചിരുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴിയുണ്ടാക്കി വെടിമരുന്നും, ഡിറ്റനേറ്ററും നിറയ്ക്കുകയാണ് ആദ്യം ചെയ്തത്. വെടിമരുന്നും, ഡിറ്റനേറ്ററും ഫ്യൂസ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് സ്‌ഫോടനം നടത്താനായിരുന്നു നീക്കം. ഇന്നലെ രാവിലെ 9.30 മുതൽ റെയിൽ, റോഡ് ഗതാഗതം നിയന്ത്രിച്ച ശേഷമാണ് അന്തിമഘട്ട ജോലികൾ ആരംഭിച്ചത്. 12.15 ന് നടന്ന ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടു. 3.30 ന് രണ്ടാംശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
കൂടുതൽ അളവിൽ സ്‌ഫോക വസ്തു നിറച്ചപ്പോഴേയ്ക്കും സമയം അഞ്ച് കഴിഞ്ഞിരുന്നു. 5.10 ന് നടത്തിയ രണ്ടാംശ്രമവും പരാജയപ്പെട്ടു. ആദ്യം പാലത്തിന്റെ കിഴക്കുവശത്തും, രണ്ടാമത്ത് പടിഞ്ഞാറു വശത്തുമാണ് സ്‌ഫോടനം നടത്തിയത്. സിമന്റ് പാളികൾ ഇളകിയതല്ലാതെ പാലം പൂർണമായും തകർന്നില്ല. ഡിറ്റനേറ്ററും വെടിമരുന്നും ഒരേ സമയം പൊട്ടിത്തെറിച്ച് പാലം പൂർണമായും തകരുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിരുന്ന ഫ്യൂസ് കൃത്യ സമയത്ത് പ്രവർത്തിക്കാതെ വന്നതോടെയാണ് സ്‌ഫോടനം ഏൽക്കാതെ പോയത്. വൈകിട്ട് ആറര വരെയാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പാലം പൊളിക്കും മുൻപ് റെയിൽവേയുടെ വൈദ്യുതിലൈനുകൾ അഴിച്ചു മാറ്റി, പാളത്തിനു മുകളിൽ തടിയും സിമന്റ് ചാക്കും നിറച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതെല്ലാം നീക്കിയ ശേഷം ഏഴോടെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കി.
ഇ. ശ്രീധരന്റെ കൂടി കൈമുദ്ര പതിഞ്ഞ പാലം
പാലം പൊളിക്കുന്നത് നേരിൽ കാണുവാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്. ഇരട്ട സ്‌ഫോടനത്തെയും പാലം അതിജീവിച്ചതോടെ അതിന്റെ കാരണം തേടലായി. ഒടുവിൽ എത്തിച്ചേർന്നത് കേരളത്തിന്റെ സ്വന്തം മെട്രോമാൻ ഇ. ശ്രീധരനിലായിരുന്നു. 1955ൽ നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ ഇ. ശ്രീധരൻ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു. ഇത് നല്ല കരുത്തുറ്റ പാലമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ കമ്പനിക്ക് രണ്ട് തവണ പാലം പൊളിക്കാൻ ശ്രമിച്ചിട്ടും പരാജയമാണ് ഉണ്ടായതെങ്കിൽ അത് പാലത്തിന്റെ ബലത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
നാഗമ്പടം പാലം കോട്ടയത്തിന്റെ അടയാളമായത് ഇങ്ങനെ
കോട്ടയത്തിന്റെ വളർച്ചയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് നാഗമ്പടം പാലം. റെയിൽവേ പാതകൾക്ക് മുകളിലായി മേൽപ്പാലം എന്ന ആശയം കേരളത്തിൽ ഉയർന്ന സമയത്താണ് നാഗമ്പടം പാലം നിർമ്മാണം ആരംഭിക്കുന്നത്. റെയിൽവേ ലെവൽക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പരാതികളുടെ കെട്ടറുത്ത് റെയിൽവേ മേൽപ്പാല നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്നത്തെ കോട്ടയം നഗര പിതാവായിരുന്ന എ.വി.ജോർജ് മുൻകൈ എടുത്താണ് റെയിൽവേയിൽ സമ്മർദ്ദം ശക്തമാക്കിയത്. ഒടുവിൽ മധുര ഡിവിഷനിൽ നിന്നുമാണ് പാലം നിർമ്മിക്കുവാനുള്ള പണിയായുധങ്ങളും തൊഴിലാളികളും എത്തിച്ചേർന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ അപ്രാപ്യമായ കാലഘട്ടത്തിലും ശരവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കരിങ്കൽ കെട്ടി അപ്രോച്ച് റോഡുകൾ പൂർത്തീകരിച്ചശേഷമാണ് പാലം പണി തുടങ്ങിയതെന്ന പ്രത്യേകതയും നാഗമ്പടം മേൽപ്പാലത്തിനുണ്ട്. 1959ലാണ് നാഗമ്പടം റെയിൽവേ മേൽപ്പാലം കോട്ടയത്തിന്റെ അടയാളം എന്നനിലയിൽ തലയുയർത്തി പണിപൂർത്തീകരിച്ചത്.