ന്യൂഡൽഹി: ഇ.വി.എമ്മിൽ ബി.ജെ.പി ചിഹ്നത്തിനു താഴെ പാർട്ടിയുടെ പേര് നൽകിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബരാക്പൂരിൽ മോക് ഡ്രിൽ വേളയിൽ കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലാണ് ബി.ജെ.പിയുടെ ചിഹ്നത്തിനു താഴെ ബി.ജെ.പിയെന്ന് എഴുതിയത് കണ്ടെത്തിയത്. അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാനമായ പാറ്റേൺ തന്നെയാണ് ഉപയോഗിച്ചതെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്‌വി, അഹമ്മദ് പട്ടേൽ, ഡറക് ഒ ബ്രിയൺ, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനില്‍ അറോറയ്‌ക്ക് പരാതി നൽകിയത്. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും ഇത്തരം ഇ.വി.എമ്മുകളെല്ലാം നീക്കുകയോ അല്ലെങ്കിൽ മറ്റുപാർട്ടികളുടെ പേര് കൂടി ചേർക്കുകയോ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു
ഇത് ജനങ്ങളെ വഞ്ചിക്കലും ഇ.വി.എം ഹാക്ക് ചെയ്യാനുള്ള ശ്രമവുമാണെന്നാണ് ബരാക്ക്പൂർ എം.പിയും മുൻ റെയിൽവെ മന്ത്രിയുമായ ദിനേഷ് ത്രിവേദി പറഞ്ഞു. ‘ഇ.വി.എമ്മുകളിൽ പാർട്ടി ചിഹ്നത്തിന് താഴെ ബി.ജെ.പിയെന്ന് എഴുതിയിരുന്നു. മറ്റൊരു പാർട്ടിയുടെ പേരും അവിടെയുണ്ടായിരുന്നില്ല. ഇതുവരെ അത്തരം മെഷീനുകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാറില്ലായിരുന്നു എന്നും സിംഗ്‌വി വ്യക്തമാക്കി.