2019-pcd

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമാക്കി ബഹിരാകാശത്ത് നിന്നും ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കണ്ടെത്തൽ. ഭൂമിയുടെ അടുത്തെത്തുന്ന വസ്‌തുക്കളെ (near earth object) നിരീക്ഷിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാർച്ച് 26നാണ് 2019 പി.ഡി.സി എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഒമ്പത് വർഷങ്ങൾക്ക് ശേഷം 2027ൽ ഇത് ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ് നാസയുടെ വിലയിരുത്തൽ. ഇത് തടയുന്നതിനായി എന്ത് ചെയ്യുമെന്ന് ആലോചിക്കാൻ നാസയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഉടൻ തന്നെ കൂടിക്കാഴ്‌ച നടത്തും.

നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ചേർന്ന് 2019 പി.ഡി.സിയെ തകർക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക സംവിധാനം ഉപയോഗിച്ച് പരീക്ഷിക്കും. ഭൂമിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന നിമിഷത്തിൽ തന്നെ ഛിന്നഗ്രഹത്തെ തകർക്കാനുള്ള ശേഷി നിലവിൽ തങ്ങൾക്കുണ്ടെന്നാണ് നാസയുടെ അവകാശവാദം. അടുത്ത ആഴ്‌ച ആരംഭിക്കുന്ന ഇന്റർനാഷണൽ അക്കാഡമി ഒഫ് ആസ്ട്രോണോടിക്‌സ് പ്ലാനെറ്ററി ഡ‌ിഫൻസ് കോൺഫറൻസിൽ വച്ച് ഇത് സംബന്ധിച്ച പ്രദർശനമുണ്ടാകും. എന്നാൽ ഭൂമിയിൽ നിന്ന് ഏറെ അകലെ പ്ലൂട്ടോയുടെ ഭാഗത്തായി കാണപ്പെട്ട ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഒരുപക്ഷേ ഏതെങ്കിലും സാഹചര്യത്തിൽ ഗതിമാറി ഇത് ഭൂമിയിലേക്ക് എത്തിയാൽ തടയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനങ്ങൾ.

ആദ്യഘട്ടത്തിൽ ഈ ഛിന്നഗ്രഹം ഭൂമിയിലെത്തുന്നതിന് 50000ൽ ഒരു സാധ്യത മാത്രമാണ് ശാസ്ത്രജ്ഞർ കൽപ്പിച്ചിരുന്നത്. തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം തുടർന്നപ്പോൾ 2019 പി.സി.ഡി ഭൂമിയുമായി കൂട്ടിയിടിക്കാൻ ഒരു ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി. തുടർന്നാണ് അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ തീരുമാനിച്ചത്. തുടർന്ന് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ ഇടയുള്ള റിസ്‌ക് കോറിഡോർ ശാസ്ത്രജ്ഞർ കണ്ടെത്തി. അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, അന്റ്ലാന്റിക്, പസഫിക് സമുദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപഗ്രഹം പതിക്കാൻ സാധ്യതയുള്ളത്. അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ തയ്യാറാണെന്നുമാണ് നാസയുടെ അറിയിപ്പ്.