തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ അഴിച്ചുപണിയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ മാറ്റുമെന്നും ആർ.എസ്.എസ് നിർദ്ദേശിച്ചതായി അറിയില്ലെന്ന് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പുനസംഘടനയുടെ കാര്യത്തെപറ്റി തനിക്ക് അറിയില്ല. ആർ.എസ്.എസ് അങ്ങനെ ഒരു തീരുമാനമെടുത്തതായി അറിയില്ല. ബി.ജെ.പിയിലെ കാര്യങ്ങൾ ബി.ജെ.പിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന തരത്തിൽ ആർ.എസ്.എസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. തിരഞ്ഞെടുപ്പിനിടയിൽ പിള്ള നടത്തിയ ചില പരാമർശങ്ങൾ തിരിച്ചടിയായെന്ന് കേന്ദ്രനേതൃത്വത്തിനും വിലയിരുത്തലുണ്ട്. കുമ്മനം മിസോറാം ഗവർണർ ആയതോടെ താത്കാലിക സംസ്ഥാന അദ്ധ്യക്ഷന്റെ താത്കാലിക ചുമതലയാണ് പിള്ളയ്‌ക്ക് നൽകിയതെന്നും ഉടൻ തന്നെ പുതിയൊരാളെ നിയമിക്കുമെന്നുമാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന വിവരം.
അതേസമയം, കണ്ണൂർ, കാസർകോട് മണ്ഡലത്തിൽ വ്യാപകമായ കള്ളവോട്ടുകൾ നടന്നെന്ന ആരോപണത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ട്. രണ്ട് മണ്ഡലത്തിലും കേന്ദ്രപൊലീസിനെ നിയമിച്ചിരുന്നെങ്കിലും പ്രശ്‌നബാധിത ബൂത്തുകളിൽ ആരെയും നിയോഗിച്ചിരുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും ഗുരുതര വീഴ്‌ചയുണ്ടായി. അന്വേഷണം നടത്തി ആവശ്യമെങ്കിൽ റീപ്പോളിംഗ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.