padmakumar

തിരുവനന്തപുരം: ധനലക്ഷ്‌മി ബോണ്ട് വിവാദത്തിൽ അയ്യപ്പനെ പരാമർശിച്ചുള്ള സത്യവാങ്മൂലത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. കടപ്പത്രം സംബന്ധിച്ച സത്യവാങ്മൂലത്തിലായിരുന്നു പദ്മകുമാറിന്റെ പ്രതികരണം. അയ്യപ്പൻ അറിഞ്ഞു ചെയ്യിച്ചത് എന്നായിരുന്നു സത്യവാങ്മൂലം. സത്യവാങ്മൂലത്തിെലെ തെറ്റ് സമ്മതിച്ചിതായി അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച സാഹചര്യം അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും, പുതിയ സത്യവാങ്മൂലം ഉടൻ നൽകുമെന്നും പദ്മകുമാർ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. പ്രളയവും യുവതീ പ്രവേശനത്തിൽ സുപ്രീം കോടതിയിലെ വിധിയും മൂലം ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഭഗവാൻ അയ്യപ്പൻ മുൻകൂട്ടി കണ്ടിരുന്നു. ഇത് നികത്താൻ അയ്യപ്പൻ തന്നെ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ബോർഡ് ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചു.

വിവാദ തീരുമാനത്തിൽ അയ്യപ്പനെ പഴിചാരി ബോർഡ് തലയൂരിയത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പി.എഫ് നിക്ഷേപം തിരക്കിട്ട് പിൻവലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത് ബോർഡിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുമെന്ന് ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ബോർഡ‌ിന്റെ വിവാദ മറുപടി.