make-in-india

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ചുവടുറപ്പിക്കാൻ ഇരുന്നോറോളം അമേരിക്കൻ കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ ചൈനയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ഇന്ത്യയിലേക്ക് അവയുടെ പ്രവർത്തന കേന്ദ്രം മാറ്റുവാനായി തയ്യാറെടുക്കുന്നത്. അമേരിക്ക ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റായ മുകേഷ് അഗിയെ ഉദ്ധരിച്ച് ഇക്‌ണോമിക് ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇതു വഴി രാജ്യത്ത് പുതുതായി തുറക്കുമെന്നും അതിലൂടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുവാനും അമേരിക്കൻ കമ്പനികൾ വരുന്നതോടെ സാധിക്കും.

make-in-india

മേക്ക് ഇൻ ഇന്ത്യയുടെ വിജയം, മോദി സർക്കാരിന്റെയും

ഇരുന്നൂറോളം അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്നും പ്രവർത്തന മേഖല ഇന്ത്യയിലേക്ക് പറിച്ച് നടും എന്ന് പറയുമ്പോൾ മുഴങ്ങുന്നത് മേക്ക് ഇന്ത്യയുടെ ഗർജ്ജനമാണ്. വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി. ഈ പദ്ധതിയുടെ കീഴിൽ നിരവധി വിദേശ കമ്പനികളാണ് ഇന്ത്യയിൽ ഉത്പാദ കേന്ദ്രങ്ങൾ തുറന്നത്. വാഹന നിർമ്മാതാക്കൾ മുതൽ മൊബൈൽ നിർമ്മാണ കമ്പനികളുൾപ്പെടെ നിരവധി വമ്പൻമാരാണ് ഇന്ത്യയിൽ നിർമ്മാണ കമ്പനികൾ ആരംഭിച്ചത്. പ്രതിരോധ രംഗത്തും നിരവധി കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ഉത്പാദന ശാലകൾ നിർമ്മിക്കുവാൻ കരാറുകൾ ഒപ്പിടുകയും ചെയ്തിരുന്നു. അതിനാൽ തന്നെ അമേരിക്ക ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രഖ്യാപനം മേക്ക് ഇൻ ഇന്ത്യയുടെ നേട്ടമായി കാണാനാവും

make-in-india

ഇന്ത്യ വാഴും ചൈന വീഴും
കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ചൈനയെ വിദേശ കമ്പനികൾ ഇഷ്ടപ്പെടാൻ കാരണങ്ങൾ നിരവധിയാണ്. ലോകത്തിലെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ചൈനയിലും തൊട്ടടുത്തുളള രാജ്യമായ ഇന്ത്യയിലുമാണെന്നതാണ് പ്രധാനം. ഇത് കൂടാതെ ചൈനയിൽ നിക്ഷേപകർക്ക് ലഭിക്കുന്ന പ്രോത്സാഹനങ്ങളും, നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യതയും, ഉത്പാദന ചെലവിലെ കുറവുമാണ് അമേരിക്കൻ വ്യവസായ ഭീമൻമാരടക്കം വിദേശ കമ്പനികളെ ചൈനയിലേക്ക് അടുപ്പിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി വാണിജ്യ തലത്തിൽ അമേരിക്കയും ചൈനയും പരസ്പരം കൊമ്പ് കോർക്കുന്നതും, സമാധാനപരമായ ഒരു വ്യാപാര ബന്ധം ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കാത്തതും മറ്റ് രാജ്യങ്ങളിലേക്ക് ചുവട് മാറ്റാൻ ചൈനയിലെ അമേരിക്കൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള കമ്പനികളുടെ കൂടുമാറ്റത്തിന് പിന്നിൽ ഇതും ഒരു കാരണമാണ്. ഇത് കൂടാതെ അന്താരാഷ്ട്ര സംഘടനകളുടെ പഠനങ്ങളിൽ ലേകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുമെന്ന പ്രവചനവും ഇന്ത്യയെ ആകർഷണീയമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇന്ത്യ ഇനിയും മാറണം നിക്ഷേപ സൗഹൃദമാവണം

കൂടുതൽ അമേരിക്കൻ കമ്പനികൾ ചൈനയെ വിട്ട് ഇന്ത്യയിലേക്കെത്തും എന്ന് അമേരിക്ക ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റായ മുകേഷ് അഗി പറയുമ്പോഴും ഇന്ത്യയിലെ സാഹചര്യങ്ങൾ മാറേണ്ട അവസ്ഥയെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം കമ്പനികൾക്ക് അത്രമേൽ ആകർഷകമല്ലെന്നും നടപടികളിൽ കൂടുതൽ സുതാര്യത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാതെ പരസ്പരം കൂടിയാലോചിച്ച് എടുക്കുമെന്ന നയം കൊണ്ടുവരണം. വ്യവസായശാലകൾക്കായി സ്ഥലം ഏറ്റെടുക്കുന്നത് മുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ വരെയുള്ള നടപടികളിൽ നിലവിലുള്ള രീതിയിൽ മാറ്റം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.