സാവോപോളോ: ഫാഷൻ ഷോയിൽ കാറ്റ് വാക്കിനിടെ ബ്രസീലിയൻ പുരുഷ മോഡൽ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിൽ നടന്ന സാവോപോളോ ഫാഷൻ വീക്കിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് സംഭവം. ടെയിൽസ് സോറസ് എന്ന മോഡലാണ് മരിച്ചത്. ഒക്‌സായിലെ ഷോയ്‌ക്കിടെ ടെയിൽസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും സാവോപോളോ ഫാഷൻവീക്ക് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മരണകാരണം അറിവായിട്ടില്ല. 26കാരനായ സോറസ് ബ്രസീലിലെ ഫാഷൻ ലോകത്ത് പേരുകേട്ട മോഡലാണ്. കാറ്റ് വാക്ക് നടത്തി റൺവേയിൽ നിന്നും തിരികെ പോവാൻ നോക്കുമ്പോഴാണ് സോറസ് കുഴഞ്ഞുവീണത്. സഹായികളും മെഡിക്കൽ വിദഗ്‌ധരും സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. കാണികൾ നോക്കി നിൽക്കെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്. പിന്നീട് സോറസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.