കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച കേസിൽ കല്ലട ബസ് ഉടമ കല്ലട സുരേഷിന് പൊലീസ് ക്ലീൻ ചിറ്റ് നൽകിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരായെങ്കിലും കേസിൽ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, യാത്രക്കാരെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയവരെ കല്ലടയുടെ ആലുവയിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തു.
ബസ് ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വധശ്രമം, കവർച്ച, മാരകായുധങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവർക്കെല്ലാം സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണ്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് എറണാകുളം വൈറ്റിലയിൽ യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ (22), സുഹൃത്ത് അഷ്‌കർ(22), തൃശൂർ സ്വദേശി അജയ്‌ഘോഷ് എന്നിവരെ ഗുണ്ടാ ശൈലിയിൽ ബസ് ജീവനക്കാർ കൂട്ടമായി മർദ്ദിച്ചത്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏർപ്പാടാക്കാത്തത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇവർ ഹരിപ്പാട് പൊലീസിൽ പരാതിപ്പെട്ടതോടെ പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. ഈ ബസ് വൈറ്റിലയിലെ കല്ലട ഓഫീസിനു മുന്നിലെത്തിയപ്പോൾ ചോദ്യം ചെയ്യലിന് പ്രതികാരമായി ഒരു സംഘം ആളുകൾ ബസിൽ കയറി യുവാക്കളെ മർദ്ദിച്ച് റോഡിൽ തള്ളുകയായിരുന്നു.