കേരളത്തിൽ കഴിഞ്ഞയാഴ്ച നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ,കാസർകോട് മണ്ഡലങ്ങളിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ നടത്തിയിരുന്നു. ചില ബൂത്തുകളിൽ സി.പി.എമ്മിലെ ജനപ്രതിനിധികളടക്കം കള്ളവോട്ടിടാൻ നേതൃത്വം നൽകുന്ന വീഡിയോയും മാദ്ധ്യമങ്ങൾ പുറത്ത് വിട്ടതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. കള്ളവോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോൾ ആവശ്യപ്പെട്ടു. എന്നാൽ സോഷ്യൽമീഡിയയിലടക്കം നിരവധി പേരാണ് ജനാധിപത്യം അട്ടിമറിക്കുന്ന കള്ളവോട്ടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കണ്ണൂരിലെ കള്ളവോട്ടിനെതിരെ സിനിമാനടനും സംവിധായകനുമായ ജോയ് മാത്യുവും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കള്ളന്മാരായ നമ്മൾ കള്ളവോട്ട് ചെയ്തതിൽ എന്തത്ഭുതം എന്ന ഒറ്റ വാക്യത്തിലൂടെ കള്ളവോട്ട് ചെയ്തവരെ ട്രോളുകയാണ് അദ്ദേഹം.നിരവധി പേരാണ് ജോയ്മാത്യുവിന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം ജോയ്മാത്യുവിന് സി.പി.എമ്മിനെതിരെ മാത്രമേ അഭിപ്രായം പറയുവാൻ കഴിയുകയുള്ളുവെന്നും സിനിമാ മേഖലയിലെ അനീതിക്കെതിരെ പ്രതികരിക്കാൻ ആർജ്ജവമുണ്ടോ എന്നും നിരവധി പേർ ചോദിക്കുന്നു. കോഴിക്കോട് എം.പി. രാഘവനെതിരെ അഴിമതി ആരോപണമുയർന്നപ്പോൾ ജോയ്മാത്യു എവിടെയായിരുന്നുവെന്നും ചോദിക്കുന്നവരുണ്ട്.