prison

ലണ്ടൻ: ക്രിസ്‌മസ് ദിനത്തിൽ പുരുഷ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിന് ജയിൽ ഉദ്യോഗസ്ഥയ്‌ക്ക് 12 മാസം തടവ് ശിക്ഷ വിധിച്ചു. റെക്‌സ് ഹാം ജയിലിൽ വച്ച് ജോൺ മക്ഗീ എന്ന തടവുകാരനുമായി വഴിവിട്ട ബന്ധം പുലർത്തിയ എമിലി വാട്‌സൺ എന്ന 26കാരിക്കാണ് മോൾ‌ഡ് ക്രൗൺ കോടതി ശിക്ഷവിധിച്ചത്. ഒരു സാമൂഹ്യ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിൽ എട്ട് വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ജോണിന്റെ സെല്ലിൽ എമിലി പല തവണ എത്തിയതായും ഒരു തവണ ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കോടതി കണ്ടെത്തി. ഇതിന് പുറമെ തന്റെ തടവറയിൽ ഒളിച്ച് വച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരുവരും തമ്മിൽ പലതവണ അശ്ലീല വീഡിയോ കോളിംഗ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, തടവറയിൽ വച്ച് കണ്ട ജോണുമായി താൻ അഗാധപ്രണയത്തിലായെന്നും ഒരുപാട് കാലം കൂടെക്കഴിയാൻ ആഗ്രഹിച്ചിരുന്നതായും എമിലി കോടതിയിൽ പറഞ്ഞു. എന്നാൽ ക്രൂരമായ കൊലപാതക കേസിൽ തടവിൽ കഴിയുന്ന പ്രതിയുമായി ഇങ്ങനെയൊരു ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എമിലിയെ 12 മാസത്തെ തടവിന് വിധിക്കുകയായിരുന്നു. 2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീയും കോടതിയിൽ സമ്മതിച്ചു. രാജ്യത്തെ ഏതാണ്ടെല്ലാ ജയിൽ ജീവനക്കാരും സത്യസന്ധരാണെന്നും എന്നാൽ ചിലരെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാറുണ്ടെന്നും ഇത്തരക്കാർക്കുള്ള സന്ദേശം കൂടിയാണ് ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.