കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഹാഷിമിന്റെ സഹോദരി മധാനിയ. തെറ്റായ ആളുകളിൽ നിന്നാണ് അവൻ ഇസ്ലാമിനെ കുറിച്ച് പഠിച്ചത്. അതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടമായതെന്നും അവർ പറഞ്ഞു. പ്രമുഖ ദേശീയ മാദ്ധ്യമത്തോടാണ് മധാനിയ ഇക്കാര്യം വ്യക്തമാക്കിയത്.
‘അവൻ പ്രസംഗങ്ങളിലൂടെ വിഷം ചീറ്റാൻ തുടങ്ങിയതോടെ 2017നുശേഷം ഞങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു. അവൻ പഠിച്ചത് ജനങ്ങളെ കൊല്ലാനായിരുന്നു. കൗമാരകാലം തൊട്ടേ അവൻ ജനങ്ങളെ ആകർഷിക്കുന്ന ഇസ്ലമിക പ്രഭാഷകനായിരുന്നു. പക്ഷേ അവൻ സർക്കാറിനും ദേശീയ പതാകയ്‌ക്കും തിരഞ്ഞെടുപ്പിനും മറ്റു മതങ്ങൾക്കും എതിരെ സംസാരിക്കാൻ തുടങ്ങിയതോടെ എനിക്കത് അംഗീകരിക്കാനായില്ല. അവനാണ് ഞങ്ങളുടെ കുടുംബത്തിന് ഈ ദുരന്തം വരുത്തിവച്ചത്-’ അവർ പറഞ്ഞു.
‘ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമാണ് ശരിയെന്ന നിലപാടായിരുന്നു സഹ്രാന്റേത്. മറ്റു മതങ്ങളെയും മോഡറേറ്റ് ഇസ്ലാമിനേയും സൂഫികളേയും കുറ്റപ്പെടുത്തും. സൂഫികളെ ഡ്രഗ് അഡിക്ടുകളെന്നും പുകവലിക്കാരെന്നും വിളിക്കും. അവന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തോന്നിയതോടെ എന്റെ ഭർത്താവ് അവനിൽ നിന്നും അകന്നു. പൊലീസ് അതിനകം തന്നെ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു’ മധാനിയ വിശദീകരിക്കുന്നു.
സഹ്രാനുമായുള്ള ബന്ധം വേണ്ടെന്നുവെച്ചെങ്കിലും സമീപത്തെ തെരുവിൽ തന്റെ സഹോദരിമാർക്കൊപ്പം താമസിക്കുന്ന മാതാപിതാക്കൾക്ക് മധാനിയ ഭക്ഷണം എത്തിച്ചു നൽകുമായിരുന്നു. പക്ഷേ ഏപ്രിൽ 18ന് പെട്ടെന്ന് അവരെ കാണാതായി. വെള്ളിയാഴ്ച അയൽക്കാരാണ് പറഞ്ഞത് അവർ വീട്ടിലില്ലെന്ന്. അവരുടെ ഫോണും സ്വിച്ഛ് ഓഫായിരുന്നു. പിന്നീട് സ്‌ഫോടനം നടന്നു. സഹ്രാനായിരുന്നു അതിനു പിന്നിലെന്ന് ഞങ്ങൾ അറിഞ്ഞു.- അവർ പറയുന്നു.
കുടുംബം മുഴുവൻ തന്നെ വിട്ട് പോയിട്ടുണ്ടാവാമെന്നാണ് അവർ പറയുന്നത്. ലോകത്തിനുനേരെയുള്ള സഹ്രാന്റെ വിദ്വേഷത്തെ ശക്തമായി എതിർത്തതുകൊണ്ടാവാം താനും നിയാസും ബാക്കിയായതെന്നും അവർ പറയുന്നു. സഹ്രാൻ ആറാം ക്ലാസിൽ പഠനം നിറുത്തിയെന്നാണ് മധാനിയ പറയുന്നത്. പക്ഷേ ഇസ്ലാമിക പഠനങ്ങളോട് വലിയ താൽപര്യമായിരുന്നു. ഖുറാൻ ഓർക്കാനായി അറബിയിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി. ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അവൻ അതീവ താൽപര്യം കാണിച്ചിരുന്നു.ഏപ്രിൽ 21ന് കൊളംബോയിലെ ഷാൻഗ്രിലാ ഹോട്ടലിൽ സഹ്രാൻ ഹാഷിം ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.